ആലപ്പുഴ : ജി. സുധാകരനും എം എം ഷുക്കൂറും കൊമ്പു കോർക്കുന്നു. സി പി എം വനിതാ ബ്രാഞ്ച് സെക്രട്ടറിയായ ഉഷാ സാലിയെ ജി സുധാകരൻ പരസ്യാക്ഷേപം നടത്തിയത് ക്രിമിനൽ കുറ്റമാണെന്ന് പത്രങ്ങളിൽ ഷുക്കൂർ നടത്തിയ പരാമർശമാണ് സുധാകരനെ ചൊടിപ്പിച്ചത്. 

ഇത് നിയമലംഘനമാണെന്നു കാണിച്ച് എം എൽ എ അമ്പലപ്പുഴ പൊലീസിൽ ഷുക്കൂറിനെതിരെ പരാതിയും നൽകിക്കഴിഞ്ഞു. ഉഷാ സാലിയുടെ പരാതി പൊലീസ് അന്വേഷിച്ചുവരികെ ഡിസിസി പ്രസിഡന്റ് പരസ്യ പ്രസ്താവന നടത്തിയത് പൊലീസിനെ സ്വാധീനിച്ചാണെന്നാണ് സുധാകരന്റെ വാദം. എന്നാൽ സ്ത്രീ സ്വാതന്ത്ര്യം പ്രസംഗിച്ചു നടക്കുന്ന സുധാകരൻ ഉഷാ സാലിയുടെ കാര്യത്തിൽ എന്തുകൊണ്ട് അത്തരമൊരു നിലപാടെടുത്തില്ലെന്ന് ഷുക്കൂറും വാദം നിരത്തുന്നു.

'എന്റെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരിക്കെയല്ലേ മകളെ കെട്ടിച്ചത്, ഇതിന്റെ പണം എവിടുന്നാണ്. വീടും പറമ്പും വാങ്ങിയത് എപ്പോഴാണ്' എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാണ് സുധാകരൻ തന്റെ മുൻപേഴ്‌സണൽ സ്റ്റാഫ് അംഗമായ ഉഷാ സാലിക്കെതിരെ പൊതുപരിപാടിയിൽ മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സുധാകരന്റെ പരാമർശത്തിനെതിരെ ഉഷാ സാലി അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു.

പരാതി പൊലീസ് ഗൗരവമായി അന്വേഷിക്കുന്നതാണ് സുധാകരന് പുലിവാലായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുധാകരനെതിരെയുള്ള പൊലീസ് അന്വേഷണം കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ഇതിനിടെ ഉഷാ സാലി അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരനെതിരെ പ്രചരണത്തിനിറങ്ങുമെന്ന അഭ്യൂഹങ്ങൾ മണ്ഡലത്തിൽ പരക്കുന്നുണ്ട്. ഇതും സുധാകരനെ സംബന്ധിച്ചിടത്തോളം വിനയാണ്.

അതേസമയം സുധാകരന്റെ വിവാദ പരാമർശം കോൺഗ്രസ് നേതൃത്വം പരമാവധി മുതലാക്കുന്നതാണ് സുധാകരനെ ചൊടിപ്പിച്ചത്. ആക്ഷേപത്തിനിരയായ ഉഷാ സാലി കോൺഗ്രസ് ഓഫറിൽ വീണുപോയെന്നും സുധാകരൻ ആരോപിക്കുന്നുണ്ട്. കോൺഗ്രസ് മുൻ നഗരസഭാ കൗൺസിലറും അഭിഭാഷകയുമായ ബിയാട്രിസ് ഫെറിയാണ് ഉഷാ സാലിയെ സഹായിക്കുന്നത്. ഉഷയെ വാർത്താസമ്മേളനത്തിനെത്തിച്ചതും പരാതി നൽകാൻ പ്രേരിപ്പിച്ചതും കോൺഗ്രസ് നിർദേശ പ്രകാരം ബിയാട്രിസായിരുന്നു. ഉഷയുടെ നിയമോപദേശകയും ബിയാട്രിസാണ്.

അതേസമയം ഏഴാം തവണയും മൽസരരംഗത്തുള്ള ജി സുധാകരനെ ഏതുവിധേനയും പരാജയപ്പെടുത്തുകയെന്നത് കോൺഗ്രസിന്റെ മുഖ്യഅജണ്ടയാണ്. ഇത് നടപ്പിലാക്കാൻ കോൺഗ്രസ് ഏതു കുതന്ത്രവും പുറത്തെടുക്കുമെന്നതിന്റെ തെളിവാണ് കോൺഗ്രസ് അഭിഭാഷക നേരിട്ടെത്തി ഇരയെക്കൊണ്ട് വാർത്താസമ്മേളനം നടത്തിച്ചതെന്നു പൊതുവേ പറയുന്നു.