തിരുവനന്തപുരം: പ്രമുഖ ചരിത്രകാരൻ പ്രൊഫ. കെ എൻ പണിക്കരുടെ ഭാര്യ ഉഷ പണിക്കർ (86) അന്തരിച്ചു. ജവഹർ നഗറിലെ നികുഞ്ജം ഫോർച്യൂൺ 9ബി ഫ്ളാറ്റിലായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളി പകൽ 12.30ന് തൈക്കാട് ശാന്തികവാടത്തിൽ.

അർബുദ- ശ്വാസകോശ രോഗങ്ങളെ തുടർന്ന് ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മക്കൾ : രാഗിണി, ശാലിനി (ഇരുവരും ബാംഗ്ലൂർ). മരുമക്കൾ : പീതാംബരൻ, രമൺ.

രാജസ്ഥാൻ സ്വദേശിയായ ഉഷയും കെ എൻ പണിക്കരും ജയ്പുർ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ പഠനകാലത്താണ് പരിചയത്തിലായത്. രാജസ്ഥാനിലെ മാർവാഡി കുടുംബാംഗമായ ഉഷയും കെ എൻ പണിക്കരും വലിയ എതിർപ്പുകളെ നേരിട്ടായിരുന്നു വിവാഹിതാരായത്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഉഷ കെ എൻ പണിക്കർക്കൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം.