ന്യൂഡൽഹി: പാക്കിസ്ഥാനിലെ ദുരിതപർവം താണ്ടി സ്വദേശത്തു മടങ്ങിയെത്തി ഉസ്മ. വാഗ ആതിർത്തിയിൽ മണ്ണിൽ തൊട്ടുതൊഴുതുകൊണ്ടാണ് ഈ യുവതി സ്വദേശത്തേക്കു പ്രവേശിച്ചത്. പാക്കിസ്ഥാനിൽവച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയശേഷം നിർബന്ധിത വിവാഹത്തിന് ഇരയാക്കിയ ഉസ്മയ്(20)ക്കു നേരിടേണ്ടിവന്നത് പറഞ്ഞറിയിക്കാനാവാത്ത ദുരന്തങ്ങളായിരുന്നു.

മടങ്ങിയെത്തിയ ഉസ്മയെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്വാഗതം ചെയ്തു. 'ഉസ്മ ഇന്ത്യയുടെ മകളെ, വീട്ടിലേക്ക് സ്വാഗതം. നിങ്ങൾ അനുഭവിച്ചതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു' സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു. ഉസ്മയുടെ കുടുംബം മന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിച്ചു.

പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയെത്തിയ ഉസ്മയക്ക് നാട്ടിലേക്ക് മടങ്ങാൻ ഇസ്‌ലാമാബാദ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. പാക്കിസ്ഥാൻകാരനായ ഭർത്താവ് താഹിർ അലിയിൽനിന്നു സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഉസ്മ ഹൈക്കമ്മിഷനിൽ അഭയം തേടിയത്.

താഹിറിന്റെ കൂടെ ജീവിക്കാൻ താൽപര്യമില്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നുമായിരുന്നു കോടതിയിൽ ഉസ്മയുടെ ആവശ്യം. നിയമനടപടി പൂർത്തിയായാൽ ഉസ്മയെ തിരിച്ചയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അറിയിച്ചിരുന്നു.

ഭർത്താവ് താഹിർ അലിക്കെതിരെ ഇസ്ലാമാബാദ് കോടതിയിൽ പരാതി നൽകിയ ഉസ്മ, ഭർത്താവ് തന്നെ ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തി യാത്രാരേഖകൾ പിടിച്ചുവാങ്ങിയെന്നും മജിസ്‌ട്രേട്ടിനു മുൻപാകെ മൊഴി നൽകി. ഉസ്മ സന്ദർശക വീസയിലാണ് പാക്കിസ്ഥാനിലെത്തിയതെന്നു ന്യൂഡൽഹിയിലെ പാക്ക് ഹൈക്കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

മലേഷ്യയിൽ വച്ചാണ് അലിയും ഉസ്മയും കണ്ടുമുട്ടിയത്. മെയ്‌ ഒന്നിനു വാഗാ അതിർത്തി വഴി ഉസ്മ പാക്കിസ്ഥാനിലെത്തി. മൂന്നിനാണു നിക്കാഹ് നടന്നത്. എന്നാൽ അലി നേരത്തേ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്നറിഞ്ഞതോടെയാണ് തന്നെ നാട്ടിലേക്കു തിരിച്ചുവിടണമെന്ന അപേക്ഷയുമായി അഞ്ചിന് ഉസ്മ ഹൈക്കമ്മിഷനിലെത്തിയത്.

വാഗ അതിർത്തി വരെ പാക് സർക്കാരുദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഉസ്മ ഇന്ത്യയിലെത്തിയത്. ഉസ്മയെ തിരിച്ചെത്തിക്കാൻ സുഷമ സ്വരാജ് നടത്തിയ പരിശ്രമങ്ങൾക്ക് ഉസ്മയുടെ സഹോദരൻ നന്ദി പറഞ്ഞു. അസാദ്ധ്യമായതാണ് സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സാദ്ധ്യമാക്കിയതെന്ന് സഹോദരൻ പറഞ്ഞു.

അലി തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഉസ്മ പാക് കോടതിയെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ തഹിർ അലി സമർപ്പിച്ച അപേക്ഷ കോടതി തള്ളുകയായിരുന്നു. ഉസ്മയുമായി സ്വകാര്യമായി സംസാരിക്കാനും അലി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഉസ്മ ഇത് നിരസിച്ചു. തുടർന്നാണ് ഉസ്മയെ മടക്കി അയയ്ക്കാൻ കോടതി നിർദ്ദേശം നൽകിയത്.