ബെയ്ജിങ്: കാരിരുമ്പിന്റെ കരുത്തുമായി ചീറ്റപ്പുലിയെയും വെല്ലുന്ന വേഗത്തിൽ കുതിക്കുന്ന ഉസൈൻ ബോൾട്ടെന്ന് ജമൈക്കൻഡ സ്പിന്റർ തന്നെ ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യൻ. ഭൂമിയിൽ ആർക്കും തകർക്കാൻ സാധിക്കാത്ത വേഗത്തിൽ ഉസൈൻ ബോൾട്ട് വീണ്ടും ട്രാക്കിലൂടെ ചീറിപ്പാഞ്ഞപ്പോൾ റെക്കോർഡുകളെല്ലാം ഒരിക്കൽ കൂടി വഴിമാറി. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 100 മീറ്ററിൽ സ്വർണ്ണമണിഞ്ഞാണ് ഉസൈൻ ബോൾട്ട് വീണ്ടും ലോകത്തിന്റെ കണ്ണിലുണ്ണിയായത്. പ്രധാന വെല്ലുവിളി ഉയർത്തിയ അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്‌ലിനെ പിന്തള്ളിയാണ് ബോൾഡ് ലോക ചാമ്പ്യനായത്. ചാമ്പ്യൻഷിപ്പിൽ ഉസൈൻ ബോൾട്ടിന്റെ മൂന്നാം സ്വർണ്ണമാണിത്. 9.79 സെകൻഡിലാണ് ബോൾട്ട് ജേതാവായത്. ജമൈക്കകാരന് കനത്ത വെല്ലുവിളി ഉയർത്തിയ അമേരിക്കകാരനായ ജസ്റ്റിൻ ഗാറ്റ്‌ലിൻ ഒരു സെക്കന്റിന്റെ വിത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്.

മൂന്നാം സ്ഥാനത്ത് രണ്ടു പേരുണ്ട്. 9.92 സെക്കൻഡിൽ 100 മീറ്റർ മാർക്ക് കടന്ന ട്രാവ്യോൺ ബ്രോമ്മലും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെയും വെങ്കലം പങ്കിട്ടു. അമേരിക്കയുടെ മൈക്ക് റോഡ്‌ജേർസ് (9.94) തൊട്ടടുത്ത സ്ഥാനത്തെത്തിയപ്പോൾ. ലോകം കാത്തിരുന്ന ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യനായുള്ള ഓട്ടപന്തയം ബീജിംഗിലെ കിളിക്കൂട് സ്‌റ്റേഡിയമാണ് സാക്ഷ്യം വഹിച്ചത്. സീസണിലെ മിന്നുന്ന പ്രകടനവുമായാണ് ഗാറ്റ്‌ലിൻ ചൈനയിലേക്ക് വിമാനം കയറിയത്. അതുകൊണ്ട് തന്നെ അമേരിക്കക്കാർ ഏറെ സ്വപ്‌നം കാണുകയും ചെയ്തു. എന്നാൽ അതെല്ലാം വെറുതേയായി ഒരിക്കലും ഇളക്കം തട്ടാതെ തന്നെ ബോൾട്ട് വീണ്ടും ചാമ്പ്യനായി.

ലോക ഒളിമ്പിക്‌സ് ചാമ്പ്യനും ലോകറെക്കോഡിനുടമയുമായ ഇതിഹാസ താരം ബോൾട്ട് മത്സരത്തിനു മുമ്പേ ആത്മവിശ്വാസത്തിന്റെ മുഖവുമായാണ് ക്യാമറകളെ അഭിമുഖീകരിച്ചത്. മുൻ ലോകറെക്കോഡുകാരൻ അസഫ പവൽ, മുൻ ലോകചാമ്പ്യൻ ടൈസൻ ഗേ എന്നിവരും ട്രാക്കിലിറങ്ങിയിരുന്നു. എന്നാൽ, ഇവർക്കാർക്കും ബോൾട്ടിനെ വെല്ലുവിളിക്കാൻ സാധിച്ചില്ല. സെമിയിൽ ഗാറ്റ്‌ലിൻ കുറിച്ച സമയത്തേക്കാളും പിന്നിലാണ് ബോൾട്ട് ഫൈനലിലെത്തിയത് എന്ന് മാത്രം അമേരിക്കക്കാർക്ക് ആശ്വസിക്കാനുള്ള വകയുള്ളത്.

ഈ സീസണിൽ ബോൾട്ടിന്റെ പ്രകടനം കണ്ട് ഗാറ്റ്‌ലിനും പവലും അട്ടിമറിച്ചേക്കുമെന്ന സംശയം രേഖപ്പെടുത്തിയവർ നിരവധിയായിരുന്നു. എന്നാൽ അതെല്ലാം അസ്ഥാനത്തായി. ഇപ്പോഴത്തെ വിജയത്തിൽ തനിക്ക് അതിയായി സന്തോഷമുണ്ടെന്നും ബോൾട്ട് മത്സരരേഷം പറഞ്ഞു. പതിവുശൈലിയെ ബോൾട്ടിന്റെ ആഘോഷങ്ങൾക്കും ബീജിംഗിലെ കിളിക്കൂട് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. നേരത്തെ ഈ ലോകചാമ്പ്യൻഷിപ്പിൽ 200 മീറ്ററിലും 4 ഗുണം 100 മീറ്റർ റിലേയിലും ഉസൈൻ ബോൾട്ട് ജേതാവായിരുന്നു.