ന്യൂഡൽഹി: സോവിയറ്റ് യൂണിയന്റെ കൈയിൽ നിന്നു സംഘടന എന്ന നിലയിൽ കോൺഗ്രസും വ്യക്തിപരമായി കോൺഗ്രസ് നേതാക്കളും പണം കൈപ്പറ്റിയിരുന്നെന്ന് അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ വെളിപ്പെടുത്തൽ. ഇന്ദിര ഗാന്ധിയുടെ കാലത്താണിതു നടന്നതെന്നും സിഐഎ ചൂണ്ടിക്കാട്ടുന്നു.

ഇന്ദിരാ ഗാന്ധിയുടെ 40 ശതമാനം സാമാജികരും യുഎസ്എസ്ആറിൽ നിന്ന് രാഷ്ട്രീയ സംഭാവനകൾ സ്വീകരിച്ചിരുന്നുവെന്നാണു വെളിപ്പെടുത്തൽ. 2005ൽ പുറത്തായ കെജിബി രേഖകളിലും സമാനമായ വെളിപ്പെടുത്തലുണ്ടായിരുന്നു. 1985 ഡിസംബറിൽ രേഖപ്പെടുത്തിയ സിഐഎ റിപ്പോർട്ടാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയിൽ യുഎസ്എസ്ആറിനുണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്നതാണിത്. ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനങ്ങളിൽ സോവിയറ്റ് യൂണിയൻ വളരെ ആഴത്തിൽ ഇടപെട്ടിരുന്നു. കനത്ത സംഭാവനയാണ് ഇതിനായി രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയിരുന്നതെന്നും സിഐഎ രേഖകളിൽ പറയുന്നു.

ഇന്ദിരാ ഗാന്ധിയുടെ അവസാന സർക്കാരിന്റെ ഭാഗമായിരുന്ന 40 ശതമാനം കോൺഗ്രസ് എംപിമാരാണു സോവിയറ്റ് യൂണിയനിൽ നിന്ന് പണം കൈപ്പറ്റിയത്. സോവിയറ്റ് എംബസി ഇതിനായി വലിയൊരു ധന ശേഖരം കരുതിയിരുന്നു. കോൺഗ്രസ് രാഷ്ട്രീയക്കാരെ ഉദ്ദേശിച്ചായിരുന്നു ഇത്. സോവിയറ്റ്സ് ഇൻ ഇന്ത്യ എന്നാണ് സിഐഎ റിപ്പോർട്ടിന് പേരിട്ടിരുന്നത്. സോവിയറ്റ് യൂണിയൻ രഹസ്യ രേഖകകളുടെ കള്ളക്കടത്തു നടത്തിയ കെജിബി തലവൻ വൈസ്ലി മിത്രോഖിന്റെ 2005ലെ ബുക്കും ഇത്തരത്തിൽ സമാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

ഇന്ദിരാ ഗാന്ധി പെട്ടികളിലായി പണം കോൺഗ്രസ് നേതാക്കൾക്ക് അയച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഫണ്ട് നൽകിയത് കെജിബിയാണെന്നുമാണ് കെജിബി രേഖകളിൽ പറഞ്ഞിട്ടുള്ളത്. സിപിഐയും സിപിഐഎമ്മുമാണ് സോവിയേറ്റ് യൂണിയന്റെ ഫണ്ടിങിന്റെ ഗുണം അനുഭവിച്ച മറ്റ് പാർട്ടികളെന്നും സിഐഎ രേഖകൾ പറയുന്നു. എല്ലാ നേതാക്കളും പണം കൈപ്പറ്റിയിരുന്നില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. ഇന്ദിരാ ഗാന്ധിക്ക് വെല്ലുവിളിയായി തീർന്നേക്കാമായിരുന്ന കോൺഗ്രസിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവും സോവിയറ്റ് യൂണിയന്റെ പണം കൈപ്പറ്റിയിരുന്നില്ലെന്നും സിഐഎ പറയുന്നു.