കൊച്ചി: ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി സൗജന്യ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് നടത്തി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി. കൊച്ചി ഇൻഫോപാർക്കിലെ ഓഫീസിൽ വച്ചാണ് ജീവനക്കാർക്കൊപ്പം അവരുടെ പങ്കാളികൾക്കും 18 വയസ്സിനു മുകളിൽ പ്രായമുള്ള മക്കൾക്കുമായി സൗജന്യ വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്. ജൂൺ 17 വ്യാഴം മുതൽ ജൂൺ 19 ശനി വരെ മൂന്നുദിവസമാണ് വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്നത്. രാജ്യമെമ്പാടുമുള്ള 15,000-ത്തിൽപ്പരം ജീവനക്കാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും സൗജന്യമായി വാക്‌സിൻ നൽകുന്നുണ്ട്. കൊച്ചിക്കു പുറമേ തിരുവനന്തപുരം, ബെംഗളൂരു, പുണെ, ഹൈദരാബാദ്, കോയമ്പത്തൂർ, നോയ്ഡ, ചെന്നൈ ഓഫീസുകളിലും പ്രതിരോധ കുത്തിവെപ്പ് പരിപാടി നടക്കുന്നുണ്ട്. എണ്ണായിരത്തിലേറെ ജീവനക്കാരാണ് കേരളത്തിലുള്ളത്. കൊച്ചിയിൽ മാത്രം രണ്ടായിരത്തിൽപ്പരം ജീവനക്കാരുണ്ട്.

സർക്കാരുകൾ, ആശുപത്രികൾ, ദുരിതാശ്വാസ പ്രവർത്തകർ, സർക്കാരിതര സന്നദ്ധ സംഘടനകൾ എന്നിവയുമായി യോജിച്ചാണ് മഹാമാരിക്കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുഎസ് ടി മുന്നിട്ടിറങ്ങുന്നത്. കുറഞ്ഞത് 10 കോടി രൂപയാണ് കമ്പനി ഇതിനായി വകയിരുത്തിയിട്ടുള്ളത്.

മെഡിക്കൽ സാമഗ്രികൾക്കുള്ള വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കാനും ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള സംഭാവനകളെക്കൂടി കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജീവനക്കാരുടെ സംഭാവനയ്ക്ക് തുല്യമായ തുക കമ്പനിയും നീക്കിവെയ്ക്കും.

കോവിഡ് ബാധിച്ച് മരണമടയുന്ന ജീവനക്കാരുടെ ശമ്പളം അവരുടെ കുടുംബത്തിന് തുടർന്നും നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മരണമടഞ്ഞ ദിവസം മുതൽ രണ്ടുവർഷം വരെയാണ് ഇത് ലഭിക്കുന്നത്. യുഎസ്‌ടി ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസിനും നിയമ പ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങൾക്കും പുറമെയാണിത്.