തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ടെക്‌നോളജി സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബലിന്റെ ശുചിത്വ സംരംഭങ്ങൾക്ക് സംസ്ഥാന ശുചിത്വ മിഷന്റെ അഭിനന്ദനം. സംസ്ഥാന ശുചിത്വ മിഷൻ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ഫ്രീഡം ഫ്രം വെയ്സ്റ്റ്'കാംപെയിന്റെ ഉദ്ഘാടന വേദിയിലാണ് യു.എസ്.ടി ഗ്ലോബൽ ശുചീകരണ പ്രവർത്തനങ്ങളുടെ പേരിൽ ആദരിക്കപ്പെട്ടത്. ശുചിത്വ കാംപെയിന് യു.എസ്.ടി ഗ്ലോബൽ നൽകി വരുന്ന സേവനങ്ങൾ  മുൻനിർത്തിയാണ് അംഗീകാരം നൽകിയത്.

നാലഞ്ചിറ മാർ ഇവാനിയോസ് വിദ്യാ നഗറിലെ ഗിരിദീപം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് യു.എസ് ടി ഗ്ലോബലിന്റെ ഗ്രീൻ പ്രോട്ടോക്കോൾ സംരംഭങ്ങളെ പുരസ്‌കാരവും പ്രശസ്തി പത്രവും നൽകി ആദരിച്ചു. പഞ്ചായത്ത്-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീർ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

'സംസ്ഥാനത്തിന്റെ ശുചിത്വ സംരംഭങ്ങളുമായി സഹകരിക്കാൻ കഴിയുന്നത് വലിയ അഭിമാനമായാണ് ഞങ്ങൾ കാണുന്നത്. പരിസ്ഥിതി രംഗത്ത് ഐക്യരാഷ്ട്ര സഭ കൈക്കൊള്ളുന്ന ഗ്ലോബൽ ഇംപാക്ട് ശുപാർശകളാണ് ഞങ്ങളും പിൻതുടരുന്നത്. ഇതുവരെ ഏകദേശം എണ്ണായിരത്തോളം വൃക്ഷത്തൈകൾ ഞങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ബ്രൗൺ ആൻഡ് വിൽസൺ ഗ്രൂപ്പിന്റെ 2007 ലെ ഏറ്റവും മികച്ച 20 ഗ്രീൻ ഐ.ടി ഔട്ട്‌സോഴ്‌സസ് റിപ്പോർട്ടിൽ ഏഴാം സ്ഥാനമായിരുന്നു യു.എസ്.ടി ഗ്ലോബലിന്,' യു.എസ്.ടി ഗ്ലോബൽ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ അലക്‌സാണ്ടർ വർഗ്ഗീസ് അഭിപ്രായപ്പെട്ടു.

മാലിന്യത്തിനെതിരായ പോരാട്ടത്തിൽ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും സ്വച്ഛ് ഭാരത് പ്രവർത്തനങ്ങളോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഇതെന്നും സംസ്ഥാന ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ വാസുകി അഭിപ്രായപ്പെട്ടു.
കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസ് വേളയിൽ വെയ്സ്റ്റ് പേപ്പർ, പ്ലാസ്റ്റിക് പാത്രങ്ങൾ, കപ്പുകൾ, കുപ്പികൾ എന്നിവ നിർമ്മാർജ്ജനം ചെയ്യുന്ന ശുചിത്വ മിഷന്റെ പ്രവർത്തനങ്ങളിൽ തങ്ങളുടെ ഗ്രീൻ പ്രോട്ടോക്കോൾ സംരംഭങ്ങളുടെ ഭാഗമായി യു.എസ്.ടി ഗ്ലോബലും പങ്കാളികളായിരുന്നു. ദേശീയ ഗെയിംസിന്റെ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ശക്തമായ പ്രവർത്തനങ്ങളുടെ ഫലമായി ഗെയിംസ് വേദികളെ സീറോ വെയ്സ്റ്റ് പ്രദേശങ്ങളാക്കി മാറ്റാൻ സാധിച്ചിരുന്നു. പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾക്ക് ഗെയിംസ് വേദിയിൽ കർശനമായ നിരോധനനം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു അന്ന് ഈ നേട്ടം കൈവരിച്ചത്.