'ചെമ്മീൻ' സിനിമയുടെ രണ്ടാം ഭാഗമെന്ന പേരിൽ ആരോ പുതിയ സിനിമ നിർമ്മിക്കാൻ പോകുന്നതായി വാർത്ത കണ്ടു. 'ഉത്തര ചെമ്മീൻ' എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ കറുത്തമ്മയുടെ അനുജത്തി പഞ്ചമിയും കറുത്തമ്മയുടെയും പളനിയുടെയും മകനുമൊക്കെ ആണത്രേ കഥാപാത്രങ്ങൾ.

രാമു കാര്യാട്ട് സംവിധാനം ചെയ്ത് മലയാളത്തിന് തെക്കേ ഇന്ത്യയിൽ തന്നെ ആദ്യമായി പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ നേടിത്തന്ന ഈ ചിത്രം ഒരു ക്ലാസ്സിക്കാണ്. തകഴിയുടെ ഇതേ പേരിലുള്ള ലോകപ്രസിദ്ധമായ നോവലാണ് ഈ സിനിമയുടെ കഥയ്ക്ക് ആധാരം.

ഈ ചിത്രവും ചെമ്മീൻ എന്ന നോവലും മലയാളികളുടെ അഭിമാനമാണ്. കച്ചവട താല്പര്യമല്ലാതെ മറ്റെന്തെങ്കിലും വികാരം 'ഉത്തര ചെമ്മീൻ' നിർമ്മാണത്തിന്റെ പിന്നിൽ ഉള്ളതായി തോന്നുന്നില്ല. ചെമ്മീനിലെ കഥാപാത്രങ്ങളെ വച്ച് എന്തു സംരംഭവും നടത്താൻ ആർക്കെങ്കിലും അവകാശമുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽത്തന്നെ രാമുകാര്യാട്ടിനും തകഴിക്കും അവരുടെ സൃഷ്ടികൾക്കും അവമതിയുണ്ടാക്കുന്ന ഒന്നും ചെയ്യാൻ സ്ഥാപിത തല്പരരായി ആരും മുന്നോട്ട് വരരുത്.

'ഉത്തര ചെമ്മീനിന്റെ' പിന്നിലുള്ളവർ ആരെന്നോ അവരുടെ പ്രചോദനമെന്തെന്നോ അറിയില്ല. ഭേദപ്പെട്ട സിനിമകൾക്കൊക്കെ രണ്ടാം ഭാഗമോ പാരഡിയോ നിർമ്മിച്ച് അവയെ കളങ്കപ്പെടുത്തുന്ന പ്രവണത മലയാള സിനിമാരംഗത്തുണ്ട്. നമ്മുടെ സംസ്‌ക്കാരത്തിന്റെയും കലാപ്രതിഭയുടെയും ഉത്തമമാതൃകയായ 'ചെമ്മീൻ' സിനിമയ്ക്ക് എന്തെങ്കിലും അപകീർത്തി വരുത്തുന്ന സിനിമാ നിർമ്മാണത്തിന് ആരേയും അനുവദിക്കയില്ലെന്നു പ്രഖ്യാപിക്കാൻ നമ്മുടെ സാംസ്‌ക്കാരിക നായകന്മാർ അടിയന്തരമായി തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.