- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാത്തിനും സമയമുണ്ട് ദാസാ'എന്ന് അമ്മ പറഞ്ഞതിന്റെ പൊരുൾ ഇപ്പോ മനസ്സിലായി;അഭിനയിക്കുമ്പോൾ അമ്മ എനിക്ക് ആർട്ടിസ്റ്റ് മാത്രമാണ്; അമ്മയോടൊപ്പം ഒത്തിരി തവണ വേദികളിൽ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നത് ആദ്യമാണ്; ആശാ ശരത്തിന്റെ മകൾ ഉത്തര മനസ് തുറക്കുന്നു
മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നർത്തകിയുമായ ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്. അമ്മയ്‌ക്കൊപ്പം മകളായി തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ 'കെഞ്ചിര' യ്ക്കു ശേഷം സംവിധായകൻ മനോജ് കാന ഒരുക്കുന്ന 'ഖെദ്ദ' എന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്ത് സിനിമയിലേക്ക് ചുവടു വെയ്ക്കുന്നത്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന 'ഖെദ്ദ' യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയിൽ തുടങ്ങി.അമ്മയ്‌ക്കൊപ്പം അഭിനയരംഗത്തേക്കുള്ള തന്റെ വരവിനെക്കുറിച്ച് ഉത്തര ശരത്ത് അമ്മ ആശാശരത്തിനൊപ്പം വിശേഷങ്ങൾ പങ്കിടുന്നു.'അമ്മയുടെ സിനിമകൾ കാണുമ്പോഴൊക്കെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും അക്കാര്യം പറയുമ്പോഴെല്ലാം അമ്മയാണ് എതിർത്തിരുന്നത്. പഠനം കഴിഞ്ഞിട്ട് മതി അഭിനയമെന്നായിരുന്നു അമ്മയുടെ അഭിപ്രായം.
ഉത്തര പറയുന്നു. ഇപ്പോൾ വളരെ യാദൃശ്ചികമായിട്ടാണ് 'ഖെദ്ദ'യിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. ലോക്ഡൗണിന് മുൻപ് നാട്ടിലെത്തിയതാണ്. പിന്നെ കൊറോണ വ്യാപകമായതോടെ ദുബായിലേക്കുള്ള തിരിച്ചുപോക്ക് മുടങ്ങി. അങ്ങനെ ലോക്ഡൗണിൽ ഇവിടെ പെട്ടുപോയതുകൊണ്ടാണ് സിനിമയിലേക്ക് എനിക്ക് വഴി തുറന്നത്. മുഴുവൻ സമയം പഠനത്തിലായിരുന്നു ശ്രദ്ധ.
ഇപ്പോൾ മെക്കാനിക്കൽ എഞ്ചിനീയറിങ് കഴിഞ്ഞതുകൊണ്ട് കുറെ ഫ്രീടൈം കിട്ടി. അതുകൊണ്ടുതന്നെ അഭിനയിക്കാനും കഴിഞ്ഞു. ഞാൻ ദുബായിലായിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു അവസരം കിട്ടില്ല. നാട്ടിലെത്തിയത് ഭാഗ്യമായി. ഈ ചിത്രത്തിൽ അമ്മയും ഞാനും അമ്മയും മകളുമായിട്ട് തന്നെയാണ് അഭിനയിക്കുന്നത്. സംവിധായകൻ മനോജേട്ടൻ എന്നോട് ചോദിച്ചു 'അമ്മയോടൊപ്പം അഭിനയിച്ചുകൂടെ'. അങ്ങനെയാണ് ഞാൻ ഈ സിനിമയുടെ ഭാഗമാകുന്നത്. അമ്മയും അച്ഛനും ഇടപെട്ടിട്ടേയില്ല.
തീരുമാനം എന്റേത് മാത്രം. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ'എന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. ഇപ്പോഴാണ് ആ പ്രയോഗത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായത്. വളരെ നല്ല ക്യാരക്ടറാണ് ഈ ചിത്രത്തിൽ എനിക്കുള്ളത്. അഭിനയിക്കുമ്പോൾ അമ്മ എനിക്ക് ആർട്ടിസ്റ്റ് മാത്രമാണ്.അമ്മയോടൊപ്പം ഒത്തിരി തവണ വേദികളിൽ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നത് ആദ്യമാണ്. ആഗ്രഹിച്ച സമയത്തൊന്നും അവസരം കിട്ടിയില്ല. ഇപ്പോഴാണ് ഭാഗ്യമുണ്ടായത്.
അച്ഛനും അമ്മയും പറഞ്ഞതുപോലെ പഠനം പൂർത്തിയായ ശേഷം എന്റെ പഴയ ആഗ്രഹം നിറവേറി. ഞാൻ ദുബായിൽ ജനിച്ചു വളർന്നതുകൊണ്ട് മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നു . നാട്ടിലെത്തിപ്പോൾ അഭിനയത്തോടൊപ്പം മലയാളം എഴുതാനും വായിക്കാനും പഠിച്ചു. അമ്മയുടെ ഗുരുനാഥ കൂടിയായ മുത്തശ്ശിയാണ് (കലാമണ്ഡലം സുമതി) മലയാളം പഠിപ്പിച്ചത്. എന്റെ കൂടെ അച്ഛനും മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ഞാൻ ദുബായിൽ ഡ്രൈവ് ചെയ്യുമായിരുന്നെങ്കിലും ഈയിടെയാണ് ഇവിടെ ഡ്രൈവിങ് പഠിച്ചത്. അഭിനയത്തേക്കാളും പ്രധാനം പഠനം തന്നെയാണ് എന്നാണെന്റെ അഭിപ്രായം.
പഠനം പൂർത്തിയായ ശേഷം മാത്രമേ കലാപ്രവർത്തനത്തിൽ സജീവമാകാവൂ എന്നെനിക്ക് തോന്നിയിട്ടുണ്ട്. സിനിമയിൽ കൂടുതൽ അവസരങ്ങളേക്കാളും നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് താല്പര്യം. പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന നല്ല കഥാപാത്രങ്ങൾ. ഉത്തര ശരത്ത് പറഞ്ഞു.ഒട്ടേറെ പുരസ്‌ക്കാരങ്ങൾ നേടിയ ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങൾക്ക് ശേഷം മനോജ് കാന ഒരുക്കുന്ന ചിത്രമാണ് 'ഖെദ്ദ'. ആശാശരത്ത്(സവിത), ഉത്തരശരത്ത്(ചിഞ്ചു) ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ് ഇരുവരും. സുധീർ കരമന, അനുമോൾ, ജോളി ചിറയത്ത്, ബാബു കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
മറുനാടന് ഡെസ്ക്