ഡെറാഡൂൺ : പരാക്രമം സ്ത്രീകളോടായാൽ നാവ് പൊന്താത്ത നാട്ടുകൂട്ടം പശുക്കുട്ടിയുടെ പേരിൽ കലാപത്തിന് ഇറങ്ങി. പശുക്കുട്ടിയെ ന്യൂനപക്ഷ സമുദായാംഗം മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം. ഇതേ തുടർന്ന് ഉത്തരാഖണ്ഡിലെ ഗഡ്വാൾ ജില്ലയിലെ സത്പുലി പട്ടണത്തിൽ വർഗീയ സംഘർഷം ഉടലെടുത്തിരിക്കുകയാണ്.

23 കാരനെയാണ് നാട്ടുകാർ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്. ബാലേശ്വർ എന്നയാൾ ദൃക്‌സാക്ഷിയായി രംഗത്തെത്തുക കൂടി ചെയ്തതോടെ, പൊലീസ് എഫ്‌ഐആർ ഇട്ട് കേസെടുത്തു. പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റത്തിനാണ് യുവാവിനെതിരെ കേസ്. ഇയാളെ ഇന്ന് ലാൻസ്ഡൗൺ കോടതിയിൽ ഹാജരാക്കും.

സംഭവത്തെ തുടർന്ന്, സ്്ഥിതിഗതികൾ നിയന്ത്രിക്കാനായി പട്ടണത്തിൽ കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം വട്ടമാണ് പട്ടണത്തിൽ വർഗീയ ലഹള പൊട്ടിപുറപ്പെടുന്നത്. കഴിഞ്ഞ് മാസം 9 ന് കേദാർനാഥ് ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ 15 കാരനായ മുസ്ലിം യുവാവ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് ലഹളയ്ക്കിടയാക്കിയിരുന്നു.