ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ മത്സരിച്ച മുസ്ലിം ലീഗിന് കടുത്ത നിരാശ നൽകുന്ന ഫലം. ആഗ്ര സൗത്ത് മണ്ഡലത്തിലാണ് ലീഗ് മത്സരിച്ചത്. മുഹമ്മദ് കാമിൽ അബ്ദുല്ലയായിരുന്നു സ്ഥാനാർത്ഥി. 130 വോട്ടാണ് മുഹമ്മദിന് നേടാനായത്. ആകെ വോട്ടിന്റെ 0.06 വോട്ടുകൾ മാത്രമാണിത്.

മണ്ഡലത്തിൽ ബിജെപിയുടെ യോഗേന്ദ്ര ഉപാധ്യായയാണ് വിജയിച്ചത്. 56,640 വോട്ടുകൾക്കാണ് വിജയം. എസ്‌പി രണ്ടാം സ്ഥാനത്തെത്തി. എസ്‌പി സ്ഥാനാർത്ഥിയായ വിനയ് അഗർവാളിന് 52,622 വോട്ടുകൾ നേടി. ബിഎസ്‌പിയുടെ രവി ഭരദ്വാജ് 38,219 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. കോൺഗ്രസിന്റെ അനുജ് ഷർമ്മ 4867 വോട്ടാണ് നേടിയത്.

രാഷ്ട്രീയ പരിവർത്തൻ മോർച്ചയെന്ന മുന്നണിയുടെ ഭാഗമായാണ് ലീഗ് മത്സരത്തിനിറങ്ങിയത്. ബഹുജൻ മുക്തി പാർട്ടി, രാഷ്ട്രീയ ബഗീധാരി പാർട്ടി, ഇൻസാഫ് പാർട്ടി, രാഷ്ട്രീയ സത്യഗ്രഹ് പാർട്ടി, ലോക് താന്ത്രിക സജഹ് പാർട്ടി, വഞ്ചിത് സമാജ് ഇൻസാഫ് പാർട്ടി, സെക്യുലർ ഇൻക്വുലാബ് പാർട്ടി, പിച്ചട സമാജ് എന്നീ പാർട്ടികളാണ് ലീഗിനെ കൂടാതെ മുന്നണിയിലുണ്ടായിരുന്നത്.

സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനായിരുന്നു ലീഗ് തീരുമാനം. ഉന്നാവ മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളുകയായിരുന്നു. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കോൺഗ്രസ് വിരുദ്ധ മുന്നണിയിലാണ് മത്സരിച്ചത്. തീവ്ര വർഗീയ വാദിയായ അസദുദ്ദീൻ ഒവൈസിയുമായാണ് ലീഗ് സഖ്യമുണ്ടാക്കിയത്.പ്രചാരണത്തിനായി കേരള ലീഗ് നേതാക്കൾ യുപിയിലെത്തി. കോൺഗ്രസിനെയും എസ്‌പി യെയും എതിർത്താണ് ലീഗ് തീവ്രവാദ മുന്നണിയിൽ ചേർന്നത്.

ഓൾ ഇന്ത്യ മജ്‌ലിസ്- ഇ -ഇത്തഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവായ ഒവൈസി വർഗീയ ധ്രുവീകരണമുണ്ടാക്കി ബിജെപിയെ സഹായിക്കാനാണ് മുന്നണിയുണ്ടാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചിരിക്കെയാണ് ലീഗ് അവരുമായി കൈകോർത്തത്.

ഒവൈസിയുടെ മുന്നണി സ്ഥാനാർത്ഥികൾക്ക് വോട്ടുതേടി കേരളത്തിൽ നിന്നുള്ള ലീഗ് നേതാക്കൾ യുപിയിൽ പ്രചാരണത്തിനെത്തിയിരുന്നു. എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൾ വഹാബ്, എം പി അബ്ദുൾ സമദ് സമദാനി എന്നിവരാണ് ഒവൈസി മുന്നണിക്കായി വോട്ട് തേടിയത്. ആഗ്രയിൽ മുഹമ്മദ് കാമിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഇവർ സംസാരിച്ചതിന്റെ ദൃശ്യങ്ങൾ നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു.

18ാം യുപി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ 36 മുസ്ലിം എംഎൽഎമാരുണ്ട്. കഴിഞ്ഞ തവണ 34 മുസ്ലിം എംഎൽഎമാരാണുണ്ടായിരുന്നത്.
ആകെയുള്ള എംഎൽഎമാരുടെ 8.93% ആണിത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 20 ശതമാനത്തിലധികം മുസ്ലിം ജനവിഭാഗങ്ങളാണ്.

അസം ഖാൻ, അദ്ദേഹത്തിന്റെ മകൻ അബ്ദുള്ള അസം ഖാൻ, മുക്താർ അൻസാരിയുടെ മകൻ അബ്ബാസ്, അനന്തരവൻ മന്നു, അലാം ബാദി എന്നിവർ ഇത്തവണ ജയിച്ചു കയറിയ മുസ്ലിം എംഎൽഎമാരിൽ പ്രമുഖരാണ്. കൈരാനയിൽ എസ്‌പിയുടെ നാഹിദ് ഹസനാണ് വിജയിച്ചത്.

നിസാമാബാദിൽ നിന്നാണ് എസ്‌പിയുടെ മുതിർന്ന നേതാവായ, 85കാരൻ അലാം ബാദി വിജയിച്ചത്. 64 മുസ്ലിം സ്ഥാനാർത്ഥികളെയാണ് എസ്‌പി മത്സരിപ്പിച്ചത്.
ബിഎസ്‌പി 88 മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചപ്പോൾ കോൺഗ്രസ് 75 പേരെയാണ് സ്ഥാനാർത്ഥികളാക്കിയത്. ഉവൈസിയുടെ എഐഎംഐഎം 60ലധികം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും മുസ്ലിം വോട്ടർമാർ എസ്‌പിക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.