- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 തവണ അണലിയും 340 തവണ മൂർഖനും തന്നെ കടിച്ചിട്ടുണ്ട്; മൂർഖനും അണലിയും കടിച്ചാൽ സഹിക്കാൻ പറ്റാത്ത വേദന; ഉറങ്ങിക്കിടന്ന ഉത്ര പാമ്പുകടിച്ചത് അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് വാവ സുരേഷിന്റെ മൊഴി; കൈകളിലുണ്ടായ കടിപ്പാട് മൂർഖന്റെ തലയിൽ അമർത്തിപ്പിടിച്ചാൽ മാത്രമുണ്ടാകുന്നതെന്ന് മുഹമ്മദ് അൻവറും; സൂരജിനെ കുടുക്കി രണ്ട് മൊഴികൾ
കൊല്ലം : ഉത്രയുടെ മരണവിവരം അറിഞ്ഞയുടൻ ദുരൂഹതയുെണ്ടന്നും പൊലീസിൽ വിവരമറിയിക്കണമെന്നും നാട്ടുകാരോട് പറഞ്ഞതായി വാവാ സുരേഷ്. കോടതിക്ക് മുന്നിൽ സുരേഷ് നൽകിയ ഈ മൊഴി വിചാരണയിൽ നിർണ്ണായകമാകും.
ഉത്രയെ ഭർത്തൃഗൃഹത്തിൽവെച്ച് അണലി കടിച്ച ദിവസംതന്നെ സംശയം തോന്നിയിരുന്നെന്ന് വാവാ സുരേഷ് പറഞ്ഞു. സംഭവദിവസം വൈകീട്ട് പറക്കോട്ട് ഒരുവീട്ടിലെ കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ചെന്നപ്പോഴാണ് വിവരമറിഞ്ഞത്. അണലി രണ്ടാംനിലയിൽ കയറി കടിക്കില്ലെന്ന് അപ്പോഴേ പറഞ്ഞിരുന്നു. 20 ദിവസത്തിനുശേഷം ഉത്രയുടെ വീട് സന്ദർശിച്ചപ്പോൾ ഒരുകാരണവശാലും മൂർഖൻ പുറത്തുനിന്ന് സ്വാഭാവികമായി ആ വീട്ടിൽ കയറില്ലെന്നും മനസ്സിലായി-വാവ സുരേഷ് പറയുന്നു.
തന്നെ 16 തവണ അണലിയും 340 തവണ മൂർഖനും കടിച്ചിട്ടുണ്ട്. മൂർഖനും അണലിയും കടിച്ചാൽ സഹിക്കാൻപറ്റാത്ത വേദനയാണെന്നും ഉറങ്ങിക്കിടന്ന ഉത്ര പാമ്പുകടിച്ചത് അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും വാവാ സുരേഷ് പറഞ്ഞു. ഒരേയാളെ രണ്ടളവിലെ വിഷപ്പല്ലുകളുടെ അകലത്തിൽ കടിക്കുന്നത് അസ്വാഭാവികമാണെന്നും തിരിച്ചറിഞ്ഞു. ഇക്കാര്യമെല്ലാം വാവ നേരത്തെ മറുനാടൻ മലയാളിയോടും തുറന്നു സമ്മതിച്ചിരുന്നു. ഇതോടെ ഉത്രയെ കൊന്ന ഭർത്താവ് സൂരജിന് കുരുക്ക് മുറുകയാണ്.
ഉത്രയെ പാമ്പുകടിച്ച സ്ഥലങ്ങളും സാഹചര്യങ്ങളും പരിശോധിച്ചപ്പോൾ സ്വാഭാവികരീതിയിലല്ലായിരുന്നെന്ന് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ മൊഴിനൽകി. അണലി കടിച്ചതിന്റെ ഫോട്ടോയും മൂർഖൻ കടിച്ചതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ചതിൽ മുറിവുകൾ സ്വാഭാവികമായി തോന്നിയില്ല. മൂർഖനെ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിലും ഇക്കാര്യം വെളിപ്പെട്ടു. കൈകളിലുണ്ടായ കടിപ്പാട് മൂർഖന്റെ തലയിൽ അമർത്തിപ്പിടിച്ചാൽ മാത്രമുണ്ടാകുന്ന തരത്തിലാണെന്നും പരീക്ഷണത്തിൽ തെളിഞ്ഞതായി അദ്ദേഹം മൊഴിനൽകി.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, കെ.ഗോപീഷ്‌കുമാർ, സി.എസ്.സുനിൽ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അജിത് പ്രഭാവ്, വിജേന്ദ്രലാൽ, ജിത്തു നായർ എന്നിവരും ഹാജരായി.
രണ്ടാം കുറ്റപത്രം ഉടൻ
ഉത്ര വധക്കേസിൽ രണ്ടാമത്തെ കുറ്റപത്രവും കോടതിയിലേക്ക്. വൈകാതെ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഭർതൃഗൃഹത്തിൽ വച്ചു ഭർത്താവ് സൂരജും മാതാപിതാക്കളും സഹോദരിയും ചേർന്ന് ഉത്രയെ മാനസികമായി പീഡിപ്പിച്ചതായാണു കുറ്റപത്രം. കേസുമായി ബന്ധപ്പെട്ടു കുടുംബാംഗങ്ങളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ആദ്യ കുറ്റപത്രത്തിൽ സൂരജ് മാത്രമാണു പ്രതി. കേസ് നിർണായകഘട്ടത്തിലാണ്. രണ്ടാം കുറ്റപത്രം പുനലൂർ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി എ.അശോകൻ അറിയിച്ചു. കുറ്റപത്രം തയാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ