- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപൂർവ്വങ്ങളിൽ അത്യപൂർവ്വം; എന്നിട്ടും പ്രതിയുടെ പ്രായവും കുറ്റവാസനകളില്ലാത്തതും കണക്കിലെടുത്തു; സമർദ്ദങ്ങൾക്ക് അടിമപ്പെടാതെ സൂരജിനെ 45 കൊല്ലം ജയിലിൽ അടയ്ക്കുന്ന സുപ്രധാന വിധി; സൂരജ് ആയുഷ്ക്കാലം അഴിക്കുള്ളിലാകും
കൊല്ലം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ പ്രതിയും ഭർത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോൾ കേരളം നിരാശയിലാണ്. പണ മോഹിച്ചുള്ള കൊലപാതകത്തിൽ വധശിക്ഷ തന്നെ കേരളം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ സമ്മർദ്ദങ്ങൾക്കൊന്നും കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജിനെ സ്വാധീനിക്കാനായില്ല. സൂരജിനെ 45 കൊല്ലം ജയിലിൽ അടച്ച് തൂക്കുകയറിൽ നിന്ന് ഒഴിവാക്കുകയാണ് ഈ ന്യായാധിപൻ.
പാമ്പിനെ കൊണ്ട് കൊല്ലുന്നത് അപൂർവ്വങ്ങളിൽ അത്യപൂർവ്വമാണ്. ഈ വസ്തുത കോടതി അംഗീകരിച്ചു. പക്ഷേ സൂരജിന് ചില പരിഗണനകളും കൊടുത്തു. പ്രതിയുടെ പ്രായവും മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളിൽ പത്തും ഏഴും വർഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. ഇതിലൂടെ വധശിക്ഷ ഇല്ലാതെ തന്നെ ജീവിതാവസാനം വരെ സൂരജിനെ അഴിക്കുള്ളിൽ ആക്കുകയാണ് ഫലത്തിൽ കോടതി. മേൽകോടതിയിലെ അപ്പീലുകൾ തള്ളപ്പെട്ടാൽ സൂരജിന് 45 കൊല്ലം ജയിലിൽ കിടക്കേണ്ടി വരും. സർക്കാരിന്റെ ഇളവുകളെത്തിയാൽ മാത്രമേ ഈ ജയിൽവാസത്തിന് കുറവു വരൂ.
മുപ്പതു വയസ്സിന് അടുത്താണ് സൂരജിന് ഇപ്പോൾ പ്രായം. അതുകൊണ്ട് തന്നെ കൊല്ലം കോടതിയുടെ വിധി അതുപോലെ നടപ്പായാൽ സൂരജിന് കുറഞ്ഞത് 75 വയസ്സുവരെ അഴിക്കുള്ളിൽ കിടക്കേണ്ടി വരും. അതായത് സർക്കാരിന്റെ ഇളവുകളൊന്നും കിട്ടിയില്ലെങ്കിൽ ആയുഷ് കാല ജയിൽ വാസമാണ് ഏതാണ്ട് കോടതി വിധിക്കുന്നത്. നിയമത്തിന്റെ സാധ്യതകളെല്ലാം തൂക്കുകയർ ഒഴിവാക്കുമ്പോഴും പ്രതിക്ക് പരമാവധി ശിക്ഷ കിട്ടാൻ വേണ്ടി ന്യായാധിപൻ ഉപയോഗിക്കുകയാണ് ഇവിടെ.
കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ് പി ഹരിശങ്കർ പോലും പ്രതിക്ക് വധശിക്ഷ കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. പ്രതിയെ കുറ്റക്കാരനെന്ന് കോടതി വിധിക്കുന്നത് കേൾക്കാൻ കഴിഞ്ഞ ദിവസം ഡിജിപി അനിൽകാന്തും കോടതിയിൽ എത്തിയിരുന്നു. പരമാവധി ശിക്ഷ പ്രതിക്ക് കിട്ടാൻ അപ്പീൽ നൽകാനാകും പൊലീസ് ഇനി തയ്യാറാവുക. ഇക്കാര്യത്തിൽ ഉത്രയുടെ അമ്മയും ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഈ ശിക്ഷാ വിധി മേൽകോടതിയിലും എത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും സൂരജിന് വധശിക്ഷ വിധിക്കണമെന്നു പ്രോസിക്യൂക്ഷൻ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള അഞ്ച് കുറ്റങ്ങളിൽ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ശാസ്ത്രീയതെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്രകേസിനെ ബലപ്പെടുത്തിയത്. അതുകൊണ്ട് സൂരജിന് തൂക്കുകയർ കിട്ടുമെന്ന് ഏല്ലാവരും പ്രതീക്ഷിച്ചു.
മേൽ കോടതിയിൽ പോയാൽ അപ്പീലിലൂടെ വധശിക്ഷയിൽ സൂരജിന് ഇളവു കിട്ടാൻ സാധ്യതയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് നാല് കുറ്റങ്ങൾക്കും പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ചതും ഇരട്ട ജീവപര്യന്തം നൽകിയതും. ഇതോടെ ഫലത്തിൽ അർഹിച്ച ശിക്ഷയാണ് സൂരജിന് കിട്ടുന്നത്. അഞ്ചൽ ഏറം 'വിഷു'വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയ്ക്കു 2020 മെയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. 2020 മാർച്ച് രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മൂർഖന്റെ കടിയേറ്റത്. ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വർഷം ഫെബ്രുവരി 29നു ആയിരുന്നു. കോവണിപ്പടിയിൽ പാമ്പിനെ ഇട്ടെങ്കിലും അന്നു ഉത്രയെ കടിച്ചില്ല. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. ഉത്ര മരിച്ചതിനു തൊട്ടുപിന്നാലെ സൂരജ് സ്വത്തിലും കുഞ്ഞിലും അവകാശം ആവശ്യപ്പെട്ട് വഴക്കിട്ടതോടെ കുടുംബാംഗങ്ങൾക്കു സംശയമുണ്ടാകുകയായിരുന്നു.
കഴിഞ്ഞവർഷം ഓഗസ്റ്റ് 14ന് കുറ്റപത്രം സമർപ്പിച്ച കേസിൽ കോടതിയിൽ വിചാരണ നടപടികളും വേഗത്തിലായിരുന്നു. ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിർണായകമായി. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ്. കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിന്റെ കയ്യിൽനിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്. ഉത്ര വധക്കേസ് ഫൊറൻസിക് സയൻസിലും നേട്ടത്തിന്റെ കഥയായി.
മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതുറന്നത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. എന്നാൽ ഇവിടെ പൊലീസിന്റെ കരുതൽ സൂരജിനെ കുറ്റക്കാരനുമാക്കി.
മറുനാടന് മലയാളി ബ്യൂറോ