- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ച അച്ഛൻ; സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും 96 പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; സഹോദരിക്ക് പഠന ചെലവും; സൂരജിന് തൂക്കുകയറിന് ഇനി അപ്പീൽ
കൊല്ലം: സ്വത്തുക്കൾ മുഴുവൻ ഏതാണ്ട് തട്ടിയെടുത്ത ശേഷമാണ് ഉത്രയെ സൂരജ് വകവരുത്തിയത്. സാധാരണ മനുഷ്യരിൽ നിന്നുംവിഭിന്നമായി പ്രവൃത്തികളിൽ വേഗതക്കുറവ് എന്ന പ്രത്യേക അവസ്ഥയുള്ള മകളെ വിവാഹം ചെയ്ത് നൽകുമ്പോൾ കൃത്യമായി ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം സൂരജിനെയും വീട്ടുകാരെയും ഉത്രയുടെ പിതാവ് അറിയിച്ചിരുന്നു. എന്നിട്ടും പണത്തിന് വേണ്ടി മകളെ വകവരുത്തി. ഒടുവിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അപ്പോഴും അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലയിൽ വധശിക്ഷ മാത്രം നൽകിയില്ല. ഇതിനെതിരെ ഇനി വിജയസേനൻ നിയമ പോരാട്ടത്തിന് ഇറങ്ങും.
ഉത്രവധക്കേസിലെ കോടതി വിധി അപര്യാപ്തമാണെന്നും തൃപ്തയല്ലെന്നും ഉത്രയുടെ അമ്മ മണിമേഖല വിശദീകരിച്ചു കഴിഞ്ഞു. പ്രതിക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നു, എന്നാൽ അതുണ്ടായില്ല. ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് സമൂഹത്തിൽ ഇതുപോലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും അമ്മ മണിമേഖല പറയുന്നു. മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷാവിധി കേൾക്കാനായി രാവിലെ 11 മണി മുതൽ ഉത്രയുടെ മാതാവ് വീട്ടിൽ ടെലിവിഷന് മുന്നിലായിരുന്നു. പന്ത്രണ്ട് മണിയോടെ പ്രതിക്ക് ഇരട്ട ജീവപരന്ത്യമെന്ന വിധി വന്നതോടെ മുഖത്ത് നേരിയ ആശ്വാസം. കണ്ണുകൾ നിറഞ്ഞു. എന്നാൽ പ്രതിക്ക് വധശിക്ഷ നൽകാത്തതിലുള്ള ദുഃഖവും നിരാശയും മുഖത്തും വാക്കുകളിലും പ്രതിഫലിച്ചു. ഇത്രയും കുറ്റകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷ ഇല്ലെങ്കിൽ സമൂഹം എവിടേക്കു പോകുമെന്നും നിറകണ്ണുകളോടെ മണിമേഖല ചോദിച്ചു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ കിട്ടാൻ അപ്പീൽ പോകാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മണിമേഖല പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് വിവാഹാലോചനയുമായെത്തിയത്. മകളുടെ കുറവുകൾ അവളുടെ ഭാവിജീവിതത്തിന് തടസമാകരുതെന്നു കരുതിയാണ് സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണാഭരണവും നൽകിയത് . സൂരജ് ആവശ്യപ്പെട്ടതനുസരിച്ച് പുത്തൻ ബലേനോ കാറും ഒപ്പംനൽകി. മൂന്നേക്കർ റബ്ബർ എസ്റ്റേറ്റ് അടക്കമുള്ള വസ്തുക്കളും മകൾക്കായി കരുതിയിരുന്നു. എന്നാൽ സ്വത്ത് മോഹിച്ചാണ് ഇവർ വിവാഹത്തിന് തയ്യാറായതെന്ന് പിന്നീട് വ്യക്തമായി.
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകം ജോലി നഷ്ടമായെങ്കിലും യാതൊരു ബുദ്ധിമുട്ടും അനുഭവിപ്പിക്കാതെയാണ് സൂരജിന്റെ കുടുംബത്തെയടക്കം സംരക്ഷിച്ചത്. സൂരജിന്റെ അച്ഛന് മൂന്നേകാൽ ലക്ഷം രൂപയ്ക്ക് പിക് അപ്പ് ഓട്ടോവാങ്ങി നൽകി. സഹോദരിയുടെ പഠനത്തിന് എല്ലാ സാമ്പത്തിക സഹായം നൽകിവരുന്നതും ഉത്രയുടെ അച്ഛനായിരുന്നു. കൂടാതെ അഞ്ചൽ ഏറത്ത് തന്റെ ഉടമസ്ഥതയിലുള്ള കടയുടെ വാടകയിനത്തിൽ ലഭിക്കുന്ന എണ്ണായിരം രൂപ എല്ലാ മാസവും മകളുടെ അക്കൗണ്ടിൽ ആ അച്ഛൻ നൽകിയിരുന്നു.
മകൾക്ക് ഒരു കുറവും ഉണ്ടാകാതെ അവർ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് ആവശ്യപ്പെടുമ്പോഴെല്ലാം സാമ്പത്തികസഹായം നൽകിയത്. ഉത്ര മരിക്കുന്നതിന് മുമ്പ് രണ്ടുവർഷത്തിനിടെ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് താൻ മകളുടെ ഭർതൃ വീട്ടുകാർക്ക് നൽകിയതെന്നും വിജയസേനൻ വെളിപ്പെടുത്തിിയിരുന്നു. നൂറോളം ചെറുപ്പക്കാരടങ്ങുന്ന ഒരു ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് പിന്നീട് വിജയ സേനൻ തിരിച്ചറിഞ്ഞിരുന്നു.
സ്വകാര്യ ബാങ്കിങ് സ്ഥാപനത്തിലെ വാഹനലോണുകൾ തിരിച്ചുപിടിക്കാൻ ഏർപ്പെടുത്തിയ ഗുണ്ടകളിലൊരാളാണ് സൂരജെന്ന് ഉത്ര കൊല്ലപ്പെടുന്നതിന് നാലു മാസം മുൻപാണ് അറിഞ്ഞത്. തന്റെ പൈസ ഉപയോഗിച്ചാണ് ഈ ഗൂഢസംഘത്തെ സൂരജ് സംരക്ഷിച്ചിരുന്നത്. എന്നിട്ടും മകളുടെയും കുഞ്ഞിന്റെയും ഭാവിയെ കരുതി യാതൊരു പരാതിയും പറയാതെ സാമ്പത്തിക സഹായം നൽകുന്നത് തുടർന്നു. എന്നിട്ടും തന്റെ മകൾക്ക് ഈ ഗതി വന്നു. ഒരു കുട്ടി ആയതോടെയാണ് തന്റെ മകളുടെ സ്വത്തുക്കൾ തട്ടിയെടുക്കാനായി അയാൾ ഈ കടുംകൈ ചെയ്തതെന്ന് വിശ്വസിക്കുന്നു.
സൂരജിന് പരസ്ത്രീ ബന്ധമുള്ളതായി സംശയമുണ്ടെന്നും മകളുടെ സ്വത്തുക്കൾ മുഴുവൻ കുഞ്ഞിന്റെ പേരിലായാൽ അത് തനിക്ക് അനുഭവിക്കാമെന്നായിരുന്നു സൂരജിന്റെ കണക്കുകൂട്ടൽ എന്നും വിജയസേനൻ ആരോപിച്ചിരുന്നു. എന്നാൽ ഈ വഴിക്കൊന്നും അന്വേഷണം പോയിരുന്നില്ല. ഉത്രയെ പാമ്പ് കടിക്കാൻ ശ്രമിച്ച എല്ലാസമയത്തും സൂരജിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആദ്യ തവണ രക്ഷപ്പെട്ട് മൂന്നാംദിവസം പാമ്പുകടിയേൽക്കുന്നത് മാർച്ച് രണ്ടിന് രാത്രി എട്ടുമണിക്കാണ്. അന്ന്പകൽ ബാങ്കിലെത്തിയ സൂരജ് ഉത്രയുടെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന നൂറ്റിപ്പത്ത്പവനോളം സ്വർണം കൈക്കലാക്കി.
രാത്രി എട്ടിന് പാമ്പുകടിയേറ്റ ഉത്രയെ അടുത്തദിവസം പുലർച്ചെ മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതൊക്കെ അന്നേ സംശയത്തിനിട നൽകിയിരുന്നു. എന്നാൽ തെളിവില്ലാത്തതിനാൽ ആരോടും പറഞ്ഞില്ല. മകളുടെ ലോക്കറിലിരിക്കുന്ന സ്വർണം തിരികെ നൽകണമെന്ന് സൂരജിനോട് ആവശ്യപ്പെട്ടതോടെ സൂരജിനെയും മാതാവിനെയും തടങ്കലിൽവച്ചിരിക്കുന്നുവെന്ന് ആരോപിച്ച് പൊലിസിൽ പരാതി നൽകി. എന്നാൽ അത് കളവാണെന്ന് പൊലിസിന് ബോധ്യമായി.
മകളുടെ മരണത്തിലെ ദുരൂഹത നീക്കാൻ അഞ്ചൽ പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന്മനസിലാക്കിയതോടെയാണ് റൂറൽ എസ്പി ഹരിശങ്കറിന് ഈ അച്ഛൻ പരാതി നൽകിയത്. പാമ്പു പിടിത്തക്കാരുമായുള്ള സൂരജിന്റെ ബന്ധമടക്കം അന്വേഷണവിധേയമാക്കിയാൽ തന്റെ മകളുടെ മരണത്തിന് പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിയുമെന്നും വിജയസേനൻ പറഞ്ഞിരുന്നു. പിന്നീട് നടന്നതെല്ലാം അവിശ്വസനീയ അന്വേഷണം.
മറുനാടന് മലയാളി ബ്യൂറോ