- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചൽ ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു; വിചാരണയിൽ പ്രതിക്കെതിരെ വന്ന തെളിവുകൾ വച്ച് കോടതി സ്വമേധയാ ചോദ്യം ചെയ്തു; കൽതുറുങ്കിൽ കിടന്ന് വിചാരണ നേരിടണം; അണലിയെയും മൂർഖനെയും സൂരജിന് വിറ്റ രണ്ടാം പ്രതി പാമ്പാട്ടി സുരേഷ് വിചാരണയിൽ മാപ്പു സാക്ഷി
തിരുവനന്തപുരം: സ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി കരിമൂർഖൻ വിഷപ്പാമ്പിനെ ആയുധമായി ഉപയോഗിച്ച് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ കേസായ അഞ്ചൽ ഉത്ര കൊലക്കേസിൽ പ്രതിയായ ഭർത്താവ് സൂരജ്. എസ്. കുമാറിനെ കോടതി നേരിട്ട് ചോദ്യം ചെയ്തു. കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. വിചാരണ വേളയിൽ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുത്തുന്ന വായ് മൊഴി തെളിവുകളുടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. ദൃക്‌സാക്ഷിയില്ലാത്ത കേസിൽ സാഹചര്യങ്ങളെ മാലപോലെ തെളിവുകളുടെ ചങ്ങലക്കണ്ണികളെ കോർത്തിണക്കുന്നതിൽ പ്രതിയുടെ ഓരോ ഉത്തരങ്ങളും വിശദീകരണങ്ങളും നിർണായകമാകും. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് കോടതി പ്രതിയെ ചോദ്യം ചെയ്യുന്നത്. പ്രതി ഭാഗത്തേക്ക് കൂടുതലായി പ്രതിഭാഗം സാക്ഷികളോ തെളിവുകളോ ഇല്ലായെന്ന് സൂരജ് ബോധിപ്പിച്ചതിനാൽ പ്രതിഭാഗം വാദം കോടതി പ്രോസിക്യൂഷനോട് മറുപടി വാദം ജൂലൈ 22 ന് ബോധിപ്പിക്കാൻ ഉത്തരവിട്ടു.
പ്രതി ശിക്ഷ ഭയന്ന് ഒളിവിൽ പോകുമെന്നും തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ച് വിചാരണയിൽ ആദ്യ പൊലീസ് മൊഴി തിരുത്തി കൂറുമാറ്റി പ്രതിഭാഗം ചേർക്കുമെന്നും നിരീക്ഷിച്ച് പ്രതിയുടെ ജാമ്യ ഹർജി തള്ളിയ കോടതി പ്രതി ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ഉത്തരവിട്ടു. വിചാരണ പൂർത്തിയാകും വരെ പുറത്തു വിടാതെ കൽതുറുങ്കിൽ പാർപ്പിക്കാനും ഉത്തരവിട്ടു. ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25) യെ കൊലപ്പെടുത്താനായി സൂരജിന് അണലിയെയും കരിമൂർഖനെയും വിൽക്കുകയും കടിപ്പിക്കുന്ന രീതി പരിശീലിപ്പിക്കുകയും ചെയ്ത രണ്ടാം പ്രതി പാമ്പു പിടുത്തക്കാരൻ ചിറക്കര ചാവർ കോട് സ്വദേശി സുരേഷെന്ന സുരേഷ് കുമാറിനെ കോടതി മാപ്പു സാക്ഷിയാക്കി. 76 -ാം സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നതിനായി ജൂൺ 30 ന് ഹാജരാക്കാനും കോടതി റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി യോട് ഉത്തരവിട്ടു. ആദ്യം സൂരജിന്റെ പറക്കോട്ടെ വീട്ടിൽ മാർച്ച് 2 ന് അണലിയെ വിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത് പരാജയപ്പെട്ട് 65-ാം നാളാണ് അഞ്ചലിൽ ഉത്രയുടെ വീട്ടിൽ വെച്ച് മെയ് 6 ന് കരി മൂർഖനെക്കൊണ്ട് കൃത്യം നിർവഹിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 326 (കഠിന ദേഹോപദ്രവം) , 307 ( വധശ്രമം) , 302 (കൊലപാതകം) , 201( തെളിവു നശിപ്പിക്കലും കളവായ വിവരം നൽകലും) എന്നീ വകുപ്പുകൾ പ്രതിക്ക് മേൽ ചുമത്തിയാണ് പ്രതിയെ കോടതി വിചാരണ ചെയ്യുന്നത്.
പാമ്പാട്ടി സുരേഷ് താൻ ചെയ്ത കൃത്യവും സൂരജ് ചെയ്ത കൃത്യങ്ങളും കേസന്വേഷണ ഘട്ടത്തിൽ സ്വമേധയാ മജിസ്ട്രേട്ടിന് രഹസ്യമൊഴി നൽകുകയായിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് കോടതി മൊഴി രേഖപ്പെടുത്തിയത്. തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സുരേഷിനെ വരുത്തിക്കേട്ട് കണ്ടീഷണൽ മാപ്പു സ്വീകരിക്കാൻ തയ്യാറാണോയെന്ന് ചോദിച്ചു. മാപ്പ് സ്വീകരിക്കാൻ തയ്യാറാണെന്നും നടന്ന സംഭവങ്ങൾ ശരിയായും പൂർണ്ണമായും വിചാരണയിൽ മൊഴി നൽകാമെന്ന ഉറപ്പ് സത്യവാങ്മൂലമായി എഴുതി ഒപ്പിട്ട് വാങ്ങി. തുടർന്ന് കോടതി രണ്ടാം പ്രതിക്ക് മാപ്പ് നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവു ചെയ്ത് മാപ്പുസാക്ഷിയാക്കി സാക്ഷിപ്പട്ടികയിൽ ചേർക്കാൻ ഉത്തരവിട്ടു. വിചാരണയിൽ മൊഴി മാറ്റിയാൽ വീണ്ടും പ്രതിസ്ഥാനത്ത് ചേർത്ത് പ്രത്യേകം വിചാരണ ചെയ്യുമെന്ന മുന്നറിയിപ്പും കോടതി നൽകി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് പ്രതിക്ക് മാപ്പ് നൽകി സാക്ഷിയാക്കിയത്. വിചാരണയിലുടനീളം സൂരജിന് കുരുക്ക് മുറുകുന്ന വായ് മൊഴി തെളിവുകളും രേഖാ തെളിവുകളും വന്നു കൊണ്ടാണ് വിചാരണ പുരോഗമിക്കുന്നത്.
2020 മെയ് 6 ന് രാത്രിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച അപൂർവങ്ങളിൽ അപൂർവമായ അരും കൊല നടന്നത്. ജൂൺ മാസം മുതൽ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ തടവുകാരനായി പാർപ്പിച്ചാണ് വിചാരണ ചെയ്യുന്നത്. 2020 ഒക്ടോബറിൽ വിചാരണ ആരംഭിച്ച കേസിൽ സ്വതന്ത്ര , ശാസ്ത്രീയ വിദഗ്ധരടക്കം 76 സാക്ഷികളെ വിസ്തരിച്ചു. 44 പ്രാമാണിക രേഖകളും തൊണ്ടി മുതലുകളും അക്കമിട്ട് പ്രോസിക്യൂഷൻ ഭാഗം തെളിവായി കോടതി സ്വീകരിച്ചു. കേസിൽ നിർണായക തെളിവായി ഉത്രയുടെ ആന്തരികാവയവങ്ങളായ കരൾ , വൃക്ക , ആമാശയം , രക്തം , ഉമിനീർ സ്രവങ്ങൾ തുടങ്ങിയവയുടെ രാസപരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ശരീരത്തിൽ മൂർഖൻ പാമ്പിന്റെ വിഷാംശവും ഉറക്കഗുളികയുടെ അമിത സാന്നിദ്ധ്യവും കണ്ടെത്തി. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് പാരസെറ്റമോൾ ഗുളികകളും അലർജിക്ക് ഉപയോഗിക്കുന്ന സെട്രിസിൻ ഗുളികകളും അമിത അളവിൽ പഴച്ചാറിൽ കലർത്തി നൽകിയതായി സൂരജ് കുറ്റസമ്മത മൊഴി നൽകിയിരുന്നു.
ഇവ നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് നേരത്തെ സുരേഷ് പ്ലാസ്റ്റിക് ജാറിലിട്ട് നൽകിയ കരിമൂർഖനെ സൂരജ് അർദ്ധ രാത്രി ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ട് പ്രകോപിപ്പിച്ച് കടിപ്പിച്ചത്. സുരേഷുമായി ഗൂഢാലോചന നടത്തി കുറേ നാൾ ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട് മൂർഖന് കടിക്കാനുള്ള പക വരുത്തുകയായിരുന്നു. കൃത്യ സമയം ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങൾ , ആഭരണങ്ങൾ , കിടക്ക വിരി , തലയിണ , പാമ്പിനെ അടിച്ചു കൊന്ന വടി , മൂർഖനെ കൊണ്ടുവന്ന ജാർ , ബാഗ് തുടങ്ങിയവയുടെ ഫോറൻസിക് പരിശോധനാ ഫലങ്ങളും ഫോറൻസിക് ലബോറട്ടറിയിൽ നിന്നും കോടതിയിൽ സമർപ്പിച്ചു. സൂരജ് ഉറക്കഗുളിക വാങ്ങിയതിന് തെളിവായി ഗുളികയുടെ സ്ട്രിപ്പ് പൊലീസ് കണ്ടെടുത്തു. മെഡിക്കൽ ഷോപ്പുടമയും സൂരജിനെ തിരിച്ചറിഞ്ഞു.
98 പവനും 5 ലക്ഷം രൂപയും ബൊലേനോ കാറും സ്ത്രീധനമായി വാങ്ങിയാണ് സ്വകാര്യ ബാങ്കിലെ പണമിടപാട് ഏജന്റായ സൂരജ് ഉത്രയെ വിവാഹം കഴിച്ചത്. കൂടാതെ ഉത്രയുടെ വീട്ടിൽ നിന്നും 8,000 രൂപ വീതം മാസം തോറും സൂരജ് വാങ്ങി. കൂടുതൽ വസ്തുവിനും പണത്തിനായും നിരന്തരം വഴക്കിട്ടു. സ്ഥാപനത്തിൽ താൻ നടത്തിയ പണാപഹരണ തുക തിരിച്ചടക്കാനും ഉത്രയുടെ സ്വർണ്ണവും പണവും ഉപയോഗിച്ചു. ഒത്തു തീർപ്പ് ചർച്ച വിവാഹ മോചന വക്കിലെത്തിയപ്പോൾ സ്വത്തിനോടുള്ള അതിമോഹവും ധൂർത്തടിച്ച പണവും സ്വത്തുക്കളും തിര്യെ കൊടുക്കണമെന്ന ഭയവും കൊണ്ടാണ് സൂരജ് കൊല ആസൂത്രണം ചെയ്തത്. ഉത്രയുടെ ജീവനെടുക്കാൻ മൂന്നു മാസം നീണ്ട ആസൂത്രണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 3 തവണയാണ് വിഷപ്പാമ്പിനെ ഉത്രയുടെ ജീവിതത്തിലേക്ക് കടത്തിവിട്ടത്. ഇതിനായി പാമ്പാട്ടി സുരേഷ് കൂട്ടു നിന്നു. ഒപ്പം യൂ ട്യൂബിലും മാസങ്ങളോളം പരതി രിതികൾ മനസിലാക്കി.
പാമ്പു നേരിട്ട് മൂർഖനെക്കൊണ്ട് കടിപ്പിക്കുന്നതിന് 3 മാസം മുമ്പ് സൂരജിന്റെ വീട്ടിലായിരുന്നു ആദ്യ പരീക്ഷണം. വീടിനകത്ത് പാമ്പിനെ കൊണ്ടിട്ടു. ഉത്ര പാമ്പിനെ കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തു കൊണ്ടു പോയി. അതിന് ശേഷം മാർച്ച് 2 ന് അണലിയെ വിട്ട് കടിപ്പിച്ചു. കടിയേറ്റ് വേദനിച്ചിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ല. വേദനസംഹാരി ഗുളിക നൽകിയ ശേഷം ഉറങ്ങാൻ പറഞ്ഞു. രാത്രിയിൽ ബോധരഹിതയായതോടെ ആശുപത്രിയിൽ കൊണ്ടുപോയി. 3 ആഴ്ച നീണ്ട ചികിൽസയിലൂടെ പതിയെ ജീവിതത്തിലേക്ക് തിര്യെ വന്നു. പിന്നീട് ഉത്ര സ്വന്തം വീട്ടിൽ ചികിത്സയിലിരിക്കെ അവിടെയെത്തിയ സൂരജ് വീട്ടിൽ പിന്നെയും പാമ്പിനെ കണ്ടതായി ഉത്രയോട് കള്ളം പറഞ്ഞു. വീട്ടിൽ പാമ്പ് വരാറുണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കമായിരുന്നു അത്. ഒടുവിലാണ് മെയ് 6 ന് അർദ്ധരാത്രി മനഃസാക്ഷി മരവിപ്പിക്കുന്ന ക്രൂരപാതകം നടപ്പിലാക്കിയത്. പുലരുവോളം ഉത്രയുടെ മൃതദേഹത്തിനും കരിമൂർഖനുമൊപ്പം കിടപ്പുമുറിയിൽ കഴിച്ചു കൂട്ടിയ സൂരജ് രാവിലെയാണ് ഉത്രയുടെ വീട്ടുകാരെ വിവരമറിയിച്ചത്.
വിവാഹ സമ്മാനമായി ഉത്രയുടെ വീട്ടുകാർ നൽകിയ ബൊലേനോ കാറിലാണ് മെയ് 6 ന് രാത്രി സൂരജ് മൂർഖനെ ജാറിലാക്കി ബാഗിനുള്ളിൽ വച്ച് ഉത്രയുടെ ഏറത്തെ വീട്ടിൽ കൊണ്ടുവന്നത്. ഇതേ കാറിൽ നിന്നാണ് ഉറക്കഗുളികയുടെ സ്ട്രിപ്പ് പൊലീസിനു ലഭിച്ചത്. ഇവയിൽ 8 ഗുളികകൾ ഉപയോഗിച്ച നിലയിലായിരുന്നു. വിവാഹ നിശ്ചയ സമയത്ത് പറഞ്ഞുറപ്പിച്ച ആൾട്ടോ കാർ പോരെന്നും ബൊലേനോ തന്നെ വേണമെന്ന് സൂരജും വീട്ടുകാരും ശഠിച്ചതിനാലാണ് ഉത്രയുടെ വീട്ടുകാർ ബോലേനോ വാങ്ങി നൽകിയത്. ജൂൺ 1 ന് സൂരജിന്റെ പിതാവ് സുരേന്ദ്രനെയും തുടർന്ന് മാതാവ് രേണുകയേയും സഹോദരി സൂര്യയേയും സ്ത്രീധന പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനമായി ലഭിച്ച സ്വർണ്ണത്തിൽ മുക്കാൽ ഭാഗവും വിറ്റും പണയം വെച്ചും സൂരജും വീട്ടുകാരും ധൂർത്തടിച്ചു. ഉത്രയുടെ 38 പവൻ സ്വർണം രണ്ടു പൊതികളിലായി റബ്ബർ തോട്ടത്തിൽ കുഴിച്ചിട്ടത് സുരേന്ദ്രൻ എടുത്ത് നൽകി. സൂരജ് അറസ്റ്റിലാകും മുമ്പ് ഒളിപ്പിക്കാനായി സുരേന്ദ്രനെ ഏൽപ്പിക്കുകയിയിരുന്നു. സ്വർണ്ണമെല്ലാം ഉത്രയുടെ വീട്ടുകാരുടെ പക്കലാണെന്ന കള്ളക്കഥ അതോടെ പൊളിഞ്ഞു. സ്വത്ത് തട്ടിയെടുക്കാനായി ഉത്രയെ കൊന്നത് ഉത്രയുടെ സഹോദരനാണെന്ന സൂരജിന്റെ വ്യാജ ആരോപണവും പൊളിഞ്ഞു. സ്ത്രീ ധന തുകയിൽ നിന്നും ഒരു പെട്ടി ഓട്ടോറിക്ഷ വാങ്ങി സുരേന്ദ്രൻ ബിസിനസ് നടത്തി. കൂടുതൽ സ്ത്രീ ധനം ആവശ്യപ്പെട്ട് മാനസിക ശാരീരിക പീഡനവും തുടങ്ങി. സൂരജ് - ഉത്ര ദാമ്പത്യത്തിൽ ജനിച്ച ധ്രുവ് എന്ന ആൺ കുട്ടിയെയും സുരേന്ദ്രനും കുടുംബവും ഒളിപ്പിച്ചു വച്ചു. തുടർന്ന് കേസ് പേടിച്ച് കുട്ടിയെ തിര്യെ ഉത്രയുടെ മാതാപിതാക്കളെ ഏൽപ്പിക്കുകയായിരുന്നു.
പറക്കോട്ടെ വീട്ടിൽ അണലിയെ കണ്ടതും അഞ്ചലിൽ മൂർഖനെ കണ്ടതും സ്വാഭാവികമായ പാമ്പുകളുടെ സ്വഭാവ രീതിയല്ലെന്നും അവയെ അവിടെ കൊണ്ടു വന്നിട്ടതാകാമെന്നു തോന്നിയതായും ഫോട്ടോകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിശോധിച്ചതിൽ കടി വായിലെ മുറിവുകൾ സ്വാഭാവികമായി തോന്നിയില്ലെന്നും 17-ാം സാക്ഷി അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടറും അസി. ഫോറസ്റ്റ് കൺസർവേറ്ററുമായ മുഹമ്മദ് അൻവർ വിചാരണ കോടതിയിൽ എക്‌പെർട്ട് ഒപ്പീനിയൻ (വിദഗ്ധ അഭിപ്രായ) സാക്ഷിമൊഴി നൽകി.
മരണം സ്വാഭാവികമായ പാമ്പുകടി മൂലമല്ലെന്ന് വാവാ സുരേഷ് വിദഗ്ധ സാക്ഷിമൊഴി നൽകി. ഉത്രയെ ഭർതൃ ഗൃഹത്തിലെ രണ്ടാം നിലയിൽ വച്ച് അണലി കടിച്ച വിവരം അറിഞ്ഞിരുന്നു. ഒരു കാരണവശാലും രണ്ടാം നിലയിൽ കയറി അണലി കടിക്കില്ല. പിന്നീട് മൂർഖൻ പാമ്പ് കടിച്ച് ഉത്ര മരിച്ച വിവരം അറിഞ്ഞയുടൻ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിവരം പൊലീസിൽ അറിയിക്കണമെന്നും നാട്ടുകാരോട് താൻ പറഞ്ഞു. 20 ദിവസത്തിന് ശേഷം ഉത്രയുടെ വീട് സന്ദർശിച്ചപ്പോൾ മൂർഖൻ പാമ്പ് പുറത്തു നിന്നും ആ വീട്ടിൽ കയറില്ലെന്ന് മനസിലായി. തന്നെ 16 തവണ അണലിയും 340 തവണ മൂർഖനും കടിച്ചിട്ടുണ്ട്. മൂർഖന്റെയും അണലിയുടെയും കടികൾക്ക് സഹിക്കാൻ പറ്റാത്ത വേദനയാണ്. ഉറങ്ങിക്കിടന്ന ഉത്ര പാമ്പ് കടിച്ചിട്ട് അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല. 8 ജില്ലകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന തനിക്ക് വീട്ടിനുള്ളിൽ നിന്ന് അണലിയെ പിടിക്കാനിട വരുകയോ വീട്ടിനുള്ളിൽ വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയുകയോ ചെയ്തിട്ടില്ല. ഒരേ ആളെ രണ്ട് അളവിലെ വിഷപ്പല്ലുകളുടെ അകലത്തിൽ കടിക്കുന്നതും അസ്വാഭാവികമാണെന്നും അദ്ദേഹം മൊഴി നൽകി.
വിഷം ഉപയോഗിക്കുന്നതിൽ പിശുക്കു കാട്ടുന്ന മൂർഖൻ ഉറങ്ങിക്കിടന്ന ഒരാളെ രണ്ടു പ്രാവശ്യം കടിച്ചുവെന്നത് വിശ്വസനീയമല്ലെന്ന് കോട്ടയം ഫോറസ്റ്റ് വെറ്റിനറി അസി. ഓഫീസർ ഡോ.കിഷോർ കുമാർ മൊഴി നൽകി. കടികൾ രണ്ടും ഒരേ സ്ഥലത്ത് കണ്ടത് ഉത്രയുടെ കൈകൾ ചലിച്ചിരുന്നില്ലെന്നതാണ് കാണിക്കുന്നത്. മൂർഖൻ പാമ്പുകൾക്ക് ജനാല വഴി കയറണമെങ്കിൽ അതിന്റെ 1/3 ഉയരമുള്ളതായിരിക്കണമെന്ന് ഉത്രയെ കടിച്ച പാമ്പിന്റെ അവശിഷ്ടം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ കിഷോർകുമാർ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ പാമ്പിന്റെ ഉൾഭാഗത്ത് ഇരയുടെ അവശിഷ്ടങ്ങളോ അവയുടെ അസ്ഥികളോ കണ്ടില്ല. ഇത് കുറേ ദിവസങ്ങളായി ഭക്ഷണമില്ലാതെ കിടന്നതുകൊണ്ടാണ്. പാമ്പിനെ പിടിച്ചു വെച്ചിരുന്നതുകൊണ്ടാവാം ഇതെന്നും അദ്ദേഹം മൊഴി നൽകി.
ഉത്രയെ അടൂർ ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ ഒപ്പമുണ്ടായിരുന്ന ഭർത്താവ് എന്ന് പരിചയപ്പെടുത്തിയ ആൾ രാത്രി 9 മണിയോടെ ഉത്ര പുറത്തിറങ്ങിയപ്പോൾ എന്തോ കടിച്ചതാണെന്ന് പറഞ്ഞുവെന്നും ആശുപത്രിയിൽ കൊണ്ടുവരാൻ വൈകിയതിന്റെ കാരണം ചോദിച്ചപ്പോൾ മറുപടി തൃപ്തികരമായിരുന്നില്ലെന്നും ഈ സമയമെല്ലാം ഉത്ര വേദന കൊണ്ട് കാലിൽ അടിച്ചു കരയുകയായിരുന്നെന്നും അടൂർ ജനറൽ ആശുപത്രിയിൽ ഉത്രയെ പരിശോധിച്ച് പ്രാഥമിക ചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴി നൽകി.
അത്യാസന്ന നിലയിൽ ഒരു സ്ത്രീയെ കൊണ്ടുവന്നതറിഞ്ഞ് കാഷ്യാലിറ്റി റൂമിൽ ചെന്നപ്പോൾ കൈയിൽ എന്തോ കടിച്ചതാണെന്ന് പറഞ്ഞ് ഭർത്താവ് ഇറങ്ങിപ്പോയെന്നും പരിശോധനയിൽ ജീവന്റെ യാതൊരു ലക്ഷണവും കണ്ടില്ലെന്നും കൈകൾ ആൽക്കഹോൾ സ്വാബ് കൊണ്ട് തുടച്ചപ്പോൾ രക്തം കട്ടപിടിച്ച ഭാഗത്ത് രണ്ട് കടിയുടെ പാടുകൾ കണ്ടെന്നും അച്ഛനോട് ഉത്ര മരിച്ച കാര്യം പറഞ്ഞപ്പോൾ വീട്ടിൽ പാമ്പിനെക്കണ്ടെന്ന് പോയി നോക്കിയവർ പറഞ്ഞുവെന്നും പിന്നീടത് മൂർഖനാണെന്ന് പറഞ്ഞതായും ഉത്ര മരിച്ച ദിവസം അഞ്ചൽ സെന്റ് ജോൺസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജീന ബദർ മൊഴി നൽകി.
സ്ത്രീധന പീഡനം , വഞ്ചന , തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാരോപിച്ച് സൂരജ് , സഹോദരി സൂര്യ , മാതാവ് രേണുക , പിതാവ് സുരേന്ദ്രൻ എന്നിവർക്കെതിരെ പ്രത്യേക കേസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ നിലവിലുണ്ട്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമത്തിലെ ഷെഡ്യൂളിൽ പറയുന്ന സംരക്ഷിത വന്യ ജീവി വിഭാഗത്തിൽപ്പെട്ട അണലിയെയും മൂർഖനെയും അനധികൃതമായി കൈവശം വച്ചതിനും വ്യാപാരം നടത്തിയതിനും പ്രകോപിപ്പിച്ചു കടിപ്പിച്ചതിനും തല്ലിക്കൊന്നതിനും ഉത്ര വധക്കേസ് പ്രതികളായ സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് 2 ഫോറസ്റ്റ് കേസുകളെടുത്തിട്ടുണ്ട്. 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് അഞ്ചൽ ഫോറസ്റ്റ് റെയ്ഞ്ചർ ബി.ആർ. ജയൻ കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് ഡെസ്ക്