കൊല്ലം: അഞ്ചലിൽ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച കേസിൽ വിചാരണ ഘട്ടത്തിൽ നിർണായക മൊഴി. ഉത്രയ്ക്കു പാമ്പുകടിയേറ്റതു സ്വാഭാവികമായ സാഹചര്യത്തിലല്ലെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതായി സർപ്പശാസ്ത്ര വിദഗ്ധൻ മവീഷ് കുമാർ ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് മുൻപാകെ മൊഴി നൽകി. ഒൻപതാം വയസ്സുമുതൽ പിതാവിനോടൊപ്പം പാമ്പുകളുമായി സഹവസിക്കുകയും പഠിക്കുകയും ബിരുദാനന്തര ബിരുദത്തിനു ശേഷം പാമ്പുസംബന്ധമായ വിഷയത്തിൽ ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്തയാളാണ് നേപ്പാളിൽ പാമ്പു ഗവേഷണവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുകയുമാണ് മവീഷ്‌കുമാർ.

ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. ശശികല, വെറ്ററിനറി സർജൻ കിഷോർ കുമാർ, അരിപ്പ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അസി. കൺസർവേറ്റർ മുഹമ്മദ് അൻവർ എന്നിവരോടൊപ്പം ഉത്രയുടെയും സൂരജിന്റെയും വീടു പരിശോധിച്ചതായി സാക്ഷി മൊഴി നൽകി. ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനോ ആക്രമണ സ്വഭാവത്തോടെ കടിക്കാനോ സാധ്യതയില്ലെന്നായിരുന്നു കണ്ടെത്തൽ.

മുറിയിൽ അണുനാശിനി ഉപയോഗിച്ചിരുന്നു. രൂക്ഷഗന്ധമുള്ള വസ്തുക്കൾ ഉള്ള സ്ഥലങ്ങൾ പാമ്പുകൾ ഒഴിവാക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം കണ്ടപ്പോൾ അതു സ്വാഭാവികമായുള്ള കടിയല്ലെന്നു കമ്മിറ്റിക്കു വ്യക്തമായി. മൂർഖൻ സാധാരണ വിഷം പാഴാക്കാറില്ല. പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്. ഡമ്മിയിൽ കെട്ടിവച്ച കോഴിയെ കൊത്താതെ ഇഴഞ്ഞു നീങ്ങിയ മൂർഖൻ പലതവണ പ്രകോപിച്ചിട്ടും കടിക്കാതെ പത്തികൊണ്ട് അടിച്ച് ഒഴിവാക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ നിന്നു സാക്ഷി കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പ്രതി സൂരജിനെതിരെ കോടതിയിൽ ഹാജരാക്കിയ തെളിവുകൾ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. പാമ്പിനെ കൊണ്ടു വരുന്നതിന് ഉപയോഗിച്ച ജാർ, മയക്കാൻ ഉപയോഗിച്ച ഉറക്കഗുളികയുടെ സ്ട്രിപ്പുകൾ എന്നിവയാണു 15 മുതൽ 18 വരെയുള്ള സാക്ഷികളുടെ വിചാരണയ്ക്കിടെ അവർ തിരിച്ചറിഞ്ഞത്. ചാത്തന്നൂരിലെ സൂപ്പർമാർക്കറ്റിൽ നിന്നാണു ചാവരുകാവ് സുരേഷ് പാമ്പിനെ ഇടാനായി ജാർ വാങ്ങിയത്. കോടതിയിൽ ഹാജരാക്കിയ ജാർ ലോക്ഡൗൺ സമയത്തു തന്റെ സൂപ്പർമാർക്കറ്റിൽനിന്നു നൽകിയതാണെന്ന് ഉടമ കോടതിയിൽ മൊഴി നൽകി.

ഉത്രയുടെ വീട്ടുപരിസരത്തു നിന്നു ജാർ കണ്ടെടുത്തതിനു സാക്ഷിയായ നവാസും മൊഴി നൽകി. സൂരജ് ഉപയോഗിക്കുന്ന കാറിൽനിന്നു രണ്ടു ഗുളികകൾ മാത്രം ശേഷിക്കുന്ന ഉറക്കഗുളികയുടെ സ്ട്രിപ് കണ്ടെത്തുന്നതിനു സാക്ഷിയായ അഞ്ചൽ സ്വദേശി അരുണും കോടതിയിൽ ഇക്കാര്യം സമ്മതിച്ചു. സുരേഷ് പാമ്പിനെ സൂരജിനു കൈമാറിയ സ്ഥലത്തിനു സമീപത്തു കട നടത്തുന്ന നജീമിനെയും കോടതി വിസ്തരിക്കുകയുണ്ടായി.