- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്ര വധക്കേസിൽ അഞ്ചുലക്ഷം പിഴത്തുക കുഞ്ഞിന് നൽകാൻ കോടതി ഉത്തരവ്; വിധി വരുമ്പോഴും ഒന്നുമറിയാതെ ഓടിക്കളിച്ച് ആർജവ്; രണ്ടര വയസ്സുകാരനെ ഉത്രയുടെ കുടുംബം ഏറ്റെടുത്തതും നിയമസഹായത്തോടെ; ആളൊഴിഞ്ഞ് സൂരജിന്റെ വീട്; പ്രതിക്ക് ശിക്ഷ കുറഞ്ഞുപോയെന്ന് അയൽക്കാർ
കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന് കോടതി വിധിച്ച അഞ്ചുലക്ഷം രൂപ പിഴത്തുക ഉത്രയുടെയും സൂരജിന്റെയും മകന് നൽകണമെന്നാണ് കോടതി നിർദേശിച്ചത്. കൊലക്കുറ്റത്തിനാണ് അഞ്ചുലക്ഷം രൂപ പിഴയിട്ടത്. കൊലപാതക ശ്രമത്തിന് അമ്പതിനായിരം രൂപയും തെളിവ് നശിപ്പിക്കലിന് പതിനായിരം രൂപയും പിഴയിട്ടു. കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഉത്രയുടെയും സൂരജിന്റെയും മകൻ ആർജവ് നിലവിൽ ഉത്രയുടെ കുടുംബവീട്ടിലാണുള്ളത്. അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിന് അച്ഛനെ ശിക്ഷയ്ക്ക് വിധിക്കുമ്പോൾ ഇതൊന്നുമറിയാതെ രണ്ടര വയസ്സുകാരൻ ഏറം വെള്ളശ്ശേരിയിലെ അമ്മവീട്ടിൽ ഓടിക്കളിക്കുകയായിരുന്നു.
ഉത്രയുടെ മരണശേഷം സൂരജ് കൂട്ടിക്കൊണ്ടുപോയ കുഞ്ഞിനെ നിയമസഹായത്തോടെയാണ് ഇവിടേക്ക് കൊണ്ടുവന്നത്. നിയമസഹായത്തോടെ ഏറ്റെടുത്ത ശേഷം, കുഞ്ഞിന് സൂരജിന്റെ വീട്ടുകാർ ഇട്ട ധ്രുവ് എന്ന പേര് മാറ്റി ആർജവ് എന്ന് പേരിട്ടിരുന്നു.
മകൾ നഷ്ടപ്പെട്ടതിന്റെ വേദന കുറച്ചെങ്കിലും മറക്കുന്നത് ആർജവിന്റെ കളികളും ചിരിയും കാണുമ്പോഴാണെന്ന് ഉത്രയുടെ അച്ഛൻ വിജയസേനനും അമ്മ മണിമേഖലയും പറയുന്നു. ഉത്രയുടെ സഹോദരൻ വിഷുവുമായും ആർജവ് നല്ല ചങ്ങാത്തത്തിലാണ്.
വിധിയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചിരുന്നു. നീതി ലഭിച്ചില്ലെന്നും ശിക്ഷാനിയമത്തിലെ പിഴവാണ് ഇത്തരം കുറ്റവാളികളെ ഉണ്ടാക്കുന്നതെന്നും ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു. സാധ്യമായ നിയമനടപടികൾ തുടരുമെന്നും വധശിക്ഷ ഒഴിവാക്കിയതിനെതിരെ അപ്പീൽ നൽകുമെന്ന് അവർ പറഞ്ഞു.
വധശിക്ഷ നൽകാൻ തക്ക അത്യപൂർവസ്വഭാവം കേസിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി സൂരജിന് കോടതി വധശിക്ഷ ഒഴിവാക്കിയത്. അതേസമയം, ധാർമികതയുടെ പേരിലുള്ള വിധിയെന്ന് പ്രതിഭാഗം പ്രതികരിച്ചു. ശിക്ഷ തെളിവില്ലാതെയാണെന്നും അപ്പീൽ നൽകുമെന്നും പ്രതിഭാഗം വ്യക്തമാക്കി.
അതേ സമയം കേസിന്റെ വിധി വരുമ്പോൾ ആളും അനക്കവുമില്ലാതെ മൂകതയിലായിരുന്നു ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അടൂർ പറക്കോട്ടെ വീട്. ഞായറാഴ്ച വൈകിട്ട് വരെ സൂരജിന്റെ അമ്മയും, സഹോദരിയും വീട്ടിലുണ്ടായിരുന്നു.
തിങ്കളാഴ്ച മുതൽ വീട് അടഞ്ഞു കിടക്കുകയാണ്. കേസിന് ശേഷം സൂരജിന്റെ വീട്ടുകാർക്ക് അയൽക്കാരുമായും അടുപ്പമില്ല. സൂരജിന്റെ ശിക്ഷ കുറഞ്ഞു പോയെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും അയൽക്കാർ പറഞ്ഞു. പറക്കോട്ടെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്.
അഞ്ചൽ ഏറം 'വിഷു'വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയതിനാണ് ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും കൊല്ലം അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾക്കാണ് ജീവപര്യന്തം. വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചതിന് പത്തും തെളിവ് നശിപ്പിച്ചതിന് ഏഴും വർഷം തടവ്. സൂരജ് 5.75 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.
കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളിൽ പത്തും ഏഴും വർഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു.
മറുനാടന് മലയാളി ബ്യൂറോ