- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രങ്ങളിൽ വന്ന പാമ്പുകടി മരണമെന്ന കോളം വാർത്ത; രണ്ടാം തവണത്തെ പാമ്പുകടിയെന്ന സംശയം മറുനാടൻ വാർത്തയാക്കിയതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതക കഥ; 100 പവൻ വാങ്ങി ഉത്രയെ വിവാഹം കഴിച്ച സൂരജ് നടത്തിയത് മാസ്റ്റർപ്ലാനിങ്; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുള്ള ഉത്ര വധക്കേസിലെ വിധി എന്താകും?
കൊല്ലം: 'ഭർതൃവീട്ടിൽ യുവതി പാമ്പുകടിയേറ്റു മരിച്ചു' എന്ന് പത്രങ്ങളിൽ വന്ന കോളം വാർത്തയിൽ നിന്നാണ് നാടിനെ നടുക്കുന്ന ഉത്ര കേസിന്റെ തുടക്കം. വാർത്തയിൽ അന്ന് പറഞ്ഞിരുന്ന്ത രണ്ടാം തവണയാണ് യുവതിക്ക് പാമ്പുകടി ഏൽക്കുന്നത് എന്നതായിരുന്നു. ഈ വാർത്തയിൽ വന്ന സംശയം തീർക്കാൻ മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് ഉത്ര കൊല്ലപ്പെട്ടതാണോ എന്ന സംശയം ഉയർന്നതും പിന്നീട് കേരളത്തെ നടുക്കുന്ന കേസായി ഇത് വളരുന്നതും. സാക്ഷികൾ ഇല്ലാതെ, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉത്രയെ മൂർഖൻ പാമ്പിനെ കൊണ്ടു കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവന്നത്.
ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അഡീഷനൽ സെഷൻസ് ജഡ്ജ് എം. മനോജ് മുൻപാകെയാണ് കേസിന്റെ വിചാരണ നടന്നത്. അഞ്ചൽ ഏറം 'വിഷു'വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര(25)യ്ക്ക് 2020 മെയ് ആറിനു രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനെ കണ്ടതോടെയാണ്, ലോക്കൽ പൊലീസ് എഴുതിത്ത്ത്ത്ത്തള്ളിയ കേസിനു വഴിത്തിരിവ് ഉണ്ടായത്. ജില്ലാ ക്രൈം ബ്രാഞ്ചിനു കേസ് കൈമാറി. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.
ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ്. 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ പൊലീസിനു കഴിഞ്ഞു. കോടതി വിധി പറയുന്നതോടെ കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടുത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിനെ വിട്ടയയ്ക്കാനുള്ള ഉത്തരവും ഉണ്ടാകും. സുരേഷിന്റെ കയ്യിൽനിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്. സൂരജിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസ് പിടികൂടിയ സുരേഷ് അന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പഠനങ്ങൾക്കു വഴി തുറന്ന കേസ്
ഉത്ര വധക്കേസ് ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിനു വഴിതെളിച്ചു. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതെളിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്.
വാവാ സുരേഷ് പങ്കുവെച്ച സംശയവും നിർണായകമമായി
ഉത്രയുടെ മരണത്തെ കുറിച്ച് മറുനാൻ ചോദിച്ചപ്പോൾ വാവ സുരേഷ് അന്ന് ചില കാര്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. ഭർതൃവീട്ടിൽവെച്ച് അണലിയുടെ കടിയേറ്റ് തുടർ ചികിത്സ വഴി ജീവിതത്തിലേക്ക് തിരികെ വരുമ്പോഴാണ് സ്വന്തം വീട്ടിൽ വെച്ച് ഉത്രയ്ക്ക് പാമ്പ് കടിയേൽക്കുന്നത്. അപൂർവത്തിൽ അപൂർവമായ ഒരു സംഭവം എന്ന രീതിയിലാണ് ഉത്രയുടെ മരണം തുടക്കത്തിൽ വീക്ഷിക്കപ്പെട്ടത്.
സർപ്പങ്ങളെക്കുറിച്ച് പഠനം നടത്തുന്നവരും സർപ്പങ്ങളുടെ തോഴനായ വാവ സുരേഷുമെല്ലാം ഉത്രയെക്കുറിച്ച് പങ്കു വയ്ക്കുന്ന അഭിപ്രായം അതുകൊണ്ട് തന്നെ ചർച്ചയായി. ഉത്രയുടെ മരണത്തിൽ ദുരൂഹത കണ്ടതു കൊണ്ടാണ് വാവ സുരേഷിന്റെ നിഗമനങ്ങളെ കുറിച്ച് മറുനാടൻ തിരക്കിയത്. വാവ സുരേഷ് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഇതോടെയാണ് ഉത്രയുടെ മരണത്തിൽ അസ്വാഭവികത സോഷ്യൽ മീഡിയയും കണ്ടെത്തിയത്. വാവ സുരേഷിന്റെ വാക്കുകൾ ഒരർത്ഥത്തിൽ വിരൽ ചൂണ്ടിയതുകൊലപാതക സാധ്യതയിലേക്കായിരുന്നു.
വർഷങ്ങളായി സർപ്പങ്ങളെക്കുറിച്ച് പഠനം നടത്തുന്നവർ ഉത്രയുടെ മരണത്തിലെ അസ്വാഭാവികതയെക്കുറിച്ചാണ് വിരൽ ചൂണ്ടിയത്. അണലിയുടെ കടിയും മൂർഖന്റെ കടിയും വേദനാജനകമായ അനുഭവമാണ്. അണലിയുടെ കടിയേറ്റാൽ ആ ആൾ അപ്പോൾ തന്നെ അറിയും. വളരെ വേദനയുള്ള കടിയാണ് അണലിയുടേത്. മൂർഖന്റെ കടിയും വേദനാജനകമാണ്. കടിയേറ്റവർ അപ്പോൾ തന്നെ ഉണരും. സ്വന്തം വീട്ടിൽ വെച്ച് അണലിയുടെ കടിയേറ്റിട്ടും എന്തുകൊണ്ട് ഉത്ര അറിഞ്ഞില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ ഉതിർക്കുന്ന ചോദ്യം.
സർപ്പത്തിൻ കണ്ണുകൾക്ക് കാഴ്ചയില്ല. നാക്ക് വഴിയാണ് അവ തിരിച്ചറിയുന്നത്. പാമ്പ് വീടിനകത്ത് ഉണ്ടാകും. ഇവർ കൈ താഴേയ്ക്ക് വെച്ചപ്പോൾ ആ ഇളക്കം കണ്ടിട്ട് പാമ്പ് കൊത്താൻ സാധ്യതയുണ്ട്. മൂർഖന്റെ കടിയേറ്റാൽ പക്ഷെ പെട്ടെന്ന് ആൾ ഏത് ഉറക്കത്തിൽ നിന്നായാലും ഉണർന്നെഴുന്നെൽക്കും. അത്ര ശക്തമായ വേദനയാണ് മൂർഖന്റെ കടിയേൽക്കുമ്പോൾ സംഭവിക്കുന്നത്. ഈ വാദങ്ങൾ പിന്നീടുള്ള അന്വേഷണത്തിൽ പ്രസക്തമായി മാറി.
പകവെച്ച് പാമ്പുകൾ കൊത്തില്ലെന്ന് വാവാ സുരേഷ് പറഞ്ഞത് യാഥാർത്ഥ്യമായി
പക വെച്ച് പാമ്പുകൾ കടിക്കും എന്നത് മിഥ്യാധാരണയാണ്. ആളുകൾ പറഞ്ഞു പരത്തുന്ന കെട്ടുകഥകളാണ്. അങ്ങിനെയാണെങ്കിൽ എപ്പോഴേ വാവ സുരേഷ് തട്ടിപ്പോയേനെ. എത്രയോ പാമ്പുകളെയാണ് പിടിച്ച് കാട്ടിൽ വിട്ടത്. പക വെച്ച് കടിക്കണമെങ്കിൽ അത് എന്നെ തന്നെ കടിച്ചേനെ-വാവാ സുരേഷ് മറുനാടനോട് പറഞ്ഞു. ഒട്ടനവധി കോളുകളാണ് വരുന്നത്. എങ്ങിനെ ഉത്ര മരിച്ചു എന്നാണ് വരുന്ന വിളികളുടെ ഉള്ളടക്കം. പാമ്പ് ഇങ്ങനെ വന്നു കടിക്കുമോ? വീടിന്റെ അകത്ത് കയറി എങ്ങനെ ഉത്രയെ മാത്രം കടിക്കുന്നു. എന്താണ് സംഭവം. ഒരു കടി കഴിഞ്ഞിരിക്കുന്ന ആളിനെ പാമ്പുപിന്തുടർന്ന് വന്നു കടിക്കുമോ? രണ്ടു സർപ്പദംശനങ്ങളും ഏറ്റത് വീടിന്റെ അകത്ത് വച്ചാണ് ഏറ്റത്? അതെങ്ങനെ സംഭവിക്കും? തുടങ്ങി ഒട്ടവധി സംശയങ്ങളാണ് ആളുകൾ ചോദിച്ചത്. ഉത്രയെ രണ്ടു പാമ്പുകളാണ് കടിച്ചത്. അണലിയും മൂർഖനും.
മൂർഖന്റെ കടിയേറ്റ് ഉത്ര മരിക്കുകയും ചെയ്തു. പെരുമ്പാവൂരിലുള്ള ബിജുവിന്റെ കഥയുണ്ട്. തുടർച്ചയായി പാമ്പ് കടിയേൽക്കേണ്ടി വന്ന ആളാണ് ബിജു. പോത്തൻകോട് മഞ്ഞുമലയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ ഒരു പൊലീസുകാരന്റെ കഥ. ലീവിൽ നാട്ടിൽ വന്നപ്പോൾ അണലി കടിച്ചാണ് മരണം. ഇവിടെ ഉത്രയ്ക്ക് രണ്ടു കടിയാണ് ഏറ്റത്. രണ്ടാമത്തെ കടിയിൽ ജീവാപായം വരുകയും ചെയ്തു. എനിക്ക് തോന്നുന്നത് പാമ്പുകളെ ആകർഷിക്കാൻ കഴിയുന്ന ഏതോ ഒരു ഹോർമോൺ ഉത്രയുടെ ശരീരത്തിൽ കാണും എന്നാണ്.
പാമ്പുകളെ ആകർഷിക്കാൻ കഴിയുന്ന ഗന്ധമോ ഹോർമോണോ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ. പക്ഷെ അത്തരം കേസുകളിൽ രണ്ടു കടിയും ഏറ്റത് വീട്ടിനുള്ളിൽ വെച്ച് തന്നെയാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പറമ്പിൽ വച്ചാണ് കടിയേറ്റത് എങ്കിൽ അങ്ങനെ പറയാൻ കഴിയും. പോയി ചവിട്ടിയപ്പോൾ കടിയേറ്റത് എന്ന്. ഇവിടെ അകത്ത് വച്ചാണ് കടിയേറ്റത്. വൃത്തിയില്ലാതെ കിടക്കുന്ന വീടുമല്ല. ഇവിടെ വൃത്തിയുള്ള വീടുകളാണ്. എലികൾ കൂടുതലുള്ള വീടുകളിൽ പാമ്പുകൾ വരും. ഇവിടെ അങ്ങിനെയുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പരിശോധിക്കേണ്ട കേസ് ആണിത് എന്നാണ് എനിക്ക് തോന്നുന്നത്-ഇതായിരുന്നു വാവ സുരേഷിന്റെ വാക്കുകൾ.
മറുനാടന് മലയാളി ബ്യൂറോ