തൃശൂർ: കണ്ണന്റെ നടയിൽ ഉത്രജയ്ക്കും മാംഗല്യം. ഉത്രയേയും ഉത്തരയേയും ഉത്തമയേയും പോലെ ഗുരുവായൂരുപ്പന്റെ അനുഗ്രഹത്തോടെ ഉത്രജയും കുടുംബ ജീവിതത്തിലേക്ക്. ഏകസഹോദരൻ ഉത്രജനും അമ്മയും വിവാഹത്തിന്റെ കാർമികത്വത്തിലും.

വരൻ സ്ഥലത്തില്ലാത്തതുകൊണ്ട് കഴിഞ്ഞ വർഷം മറ്റ് സഹോദരിമാർക്കൊപ്പം നടക്കാതെ പോയ വിവാഹമാണ് ഇന്ന് ഗുരുവായൂരപ്പ സന്നിധിയിൽ നടന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിവാഹം. പത്തനംതിട്ട സ്വദേശി ആകാശാണ് വരൻ. 1995 നവംബർ 19 ന് ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളയിൽ പിറന്ന്, പഞ്ചരത്‌നങ്ങൾ എന്ന പേരിൽ വാർത്തയിൽ ഇടം നേടിയ അഞ്ച് സഹോദരരിൽ ഒരാളാണ് ഇന്ന് വിവാഹിതയായ ഉത്രജ.

സഹോദരിമാരായ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം കഴിഞ്ഞ വർഷം ഒക്ടോബർ 25 ന് ഗുരുവായൂരിൽ നടന്നിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റി വിവാഹിതരാകുന്ന അപൂർവ്വ സഹോദര സംഘത്തിന്റെ വിവാഹം കാണാൻ സിനിമാഷൂട്ടിങ്ങിനെ വെല്ലുന്ന തിരക്കായിരുന്നു അന്ന്.

അതുകൊണ്ടുതന്നെ ഈ കോവിഡ് സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി ഉത്രജയുടെ വിവാഹത്തിന് ശേഷമുള്ള സൽക്കാരവും ഒഴിവാക്കിയിട്ടുണ്ട്. എല്ലാം കോവിഡ് പ്രോട്ടോകോൾ അനുസിരച്ച്. നാല് പെൺകുട്ടികളുടെയും വിവാഹം കഴിഞ്ഞ വർഷം ഏപ്രിൽ മാസം ഒന്നിച്ചു നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും, ലോക്ഡൗണിനെ തുടർന്ന് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ ഉത്രജയുടെ വരൻ ആകാശിന് കുവൈത്തിൽ നിന്നും നാട്ടിൽ എത്താൻ കഴിയാത്തതിനാൽ അവരുടെ വിവാഹം മാത്രം മാറ്റിവെക്കുകയായിരുന്നു. ആ വിവാഹമാണ് ഇന്ന് നടന്നത്. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റേയും രമാദേവിയുടെയും മക്കളായി നാല് പെൺകുഞ്ഞുങ്ങളും, ഒരു ആൺകുഞ്ഞുമാണ് പിറന്നത്. ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാൽ മക്കൾക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെയാണ് പേരിട്ടത്.

വീടിന് പഞ്ചരത്‌നമെന്നാണ് പേര്. കുട്ടികൾക്ക് ഒമ്പത് വയസുള്ളപ്പോൾ അച്ഛൻ പ്രേംകുമാർ മരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് തികച്ചും ഒറ്റപ്പെട്ടുപോയ കുടുംബത്തെ കൈപിടിച്ചുയർത്തിയത് ഗുരുവായൂരപ്പനായിരുന്നെന്ന് രമാകുമാരിയും മക്കളും വിശ്വസിക്കുന്നു. അതുകൊണ്ടാണ് നാലുമക്കളുടെയും വിവാഹം ഗുരുവായൂരപ്പന്റെ നടയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചതും.

ഉത്രജയും ആകാശും എറണാകുളം അമൃതാ ഹോസ്പിറ്റലിൽ സഹപ്രവർത്തകരായിരുന്നു. അവിടെ നിന്നും വളർന്ന പരിചയമാണ് ഒടുവിൽ വിവാഹത്തിലെത്തിയിരിക്കുന്നത്. കുവൈറ്റിൽ അനസ്തീഷ്യാ ടെക്‌നിഷ്യനാണ് പത്തനംതിട്ട സ്വദേശി ആകാശ്. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്‌നിഷ്യയാണ് ഉത്രജ.

കഴിഞ്ഞമാസമാസം പഞ്ചരത്‌നത്തിൽ ആദ്യത്തെ കൺമണിയും പിറന്നിരുന്നു. ഉത്തരയുടെയും മഹേഷിന്റെയും മകൻ ധാർമിക്. ജീവിതം പൊരുതി നേടാനുള്ളതാണെന്ന മാതൃക കാട്ടിയ രമാദേവി ഇന്ന് സന്തുഷ്ടയാണ്. അഞ്ചു മക്കളും പഠിച്ച് ജോലി നേടുകയും ചെയ്തു. എല്ലാ മക്കളുടെയും വിവാഹം ഗുരുവായൂരിൽ വേണമെന്നത് കൃഷ്ണ ഭക്തയായ രമാദേവിയുടെ ആഗ്രഹമായിരുന്നു.