കൊച്ചി: നഴ്‌സിങ് റിക്രൂട്‌മെന്റ് കേസിലെ പ്രതികളായ അൽസറാഫ ഏജൻസി ഉടമ ഉതുപ്പ് വർഗീസിന് അധോലോക ബന്ധമുണ്ടെന്ന് സിബിഐയ്ക്ക് സൂചന ലഭിച്ചു. അധോലോക ലോകത്തിനായി കള്ളപ്പണ ഇടപാട് നടത്തുന്ന ഏജൻസികളായി കേരളത്തിലെ നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് സിബിഐയുടെ സംശയം. ഇക്കാര്യത്തിൽ അദായനികുതി വകുപ്പുമായി സഹകരിച്ച് വിശദ അന്വേഷണം നടത്തും. ഉതുപ്പും മാത്യു ഇന്റർനാഷനൽ ഉടമ കെ.ജെ. മാത്യു എന്നിവരെ കേന്ദ്രീകരിച്ചു സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾ അന്വേഷണം ശക്തമാക്കി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും ആദായനികുതി വിഭാഗവും അന്വേഷിക്കുന്നതു 2000 കോടി രൂപയുടെ ഹവാല ഇടപാടിന്റെ തെളിവുകൾ.

തൊഴിൽ റിക്രൂട്‌മെന്റിന്റെ മറവിൽ ഇവർ വൻതോതിൽ ഹവാല ഇടപാടു നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ റിക്രൂട്‌മെന്റ് നടത്തുന്ന ഏജൻസിയുടെ പരാതിയിലാണ് അന്വേഷണം കേന്ദ്ര ഏജൻസികൾ ശക്തമാക്കിയത്. യുഎഇ കേന്ദ്രീകരിച്ചാണ് ഉതുപ്പ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ഭീകര പ്രവർത്തനങ്ങളെ പോലും നിയന്ത്രിക്കുന്നത് ദുബായിലെ ലോബിയാണ്. പാക്കിസ്ഥാനിൽ കഴിയുന്നതായി കരുതുന്ന ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നും ദുബായ് തന്നെ. ഈ സാഹചര്യത്തിൽ ഉതുപ്പുൾപ്പെടെയുള്ളവർ ഈ അധോലക സംഘത്തിന്റെ കണ്ണികളാണോ എന്നതാണ് സിബിഐ പരിശോധിക്കുന്നത്. ഹവാല ഇടപാടുകളിൽ ആദായ നികുതി വകുപ്പ് അന്വേഷണം പൂർത്തിയായാൽ ഇക്കാര്യത്തിൽ വിശദ റെയ്ഡുകൾക്ക് സിബിഐ തുടക്കമിടും.

നഴ്‌സിങ് റിക്രൂട്‌മെന്റിൽ ഉദ്യോഗാർഥികളെ കബളിപ്പിച്ചു ഏജൻസികൾ തട്ടിയെടുത്തത് 400 കോടി രൂപയിലധികമാണ്. ഇതിൽ നല്ലൊരുഭാഗം വിദേശത്തേക്കു ഹവാലയായി കടത്തിയതിനു പുറമേ ഇവർ നടത്തിയ വൻ ഹവാല ഇടപാടുകൾ ആർക്കു വേണ്ടിയാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു കേന്ദ്ര ഏജൻസികൾ. മാത്യു ഇന്റർനാഷനലുമായി അടുപ്പമുള്ള മുംബൈയിലെ ബിസിനസുകാരനും സന്നദ്ധ സംഘടനാ ഭാരവാഹിയുമായ അലക്‌സാണ്ടർ കോശി വൈദ്യന്റെ മൊഴികൾ ആദായനികുതി വിഭാഗം രേഖപ്പെടുത്തിയിരുന്നു. മാത്യു ഇന്റർനാഷനലിന്റെ ഓഫിസുകൾ റെയ്ഡ് ചെയ്തു പിടിച്ചെടുത്ത രേഖകളിലാണു അലക്‌സാണ്ടർ വൈദ്യന്റെ സ്ഥാപനവുമായുള്ള ബന്ധം കണ്ടെത്തിയത്. ഉതുപ്പിന്റേയും ഈ സ്ഥാപനത്തിന്റേയും രാഷ്ട്രീയ ബന്ധങ്ങൾ കണ്ടെത്താനും ശ്രമം തുടങ്ങിക്കഴിഞ്ഞു. കേസിൽ എത്ര ഉന്നതരുണ്ടെങ്കിലും വലവീശിപ്പിടിക്കാനാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശവും.

കേസിൽ അറസ്റ്റിലായ ഉതുപ്പിനെ ദിവസങ്ങൾക്കുള്ളിൽ ഇന്റർപോളിൽ നിന്ന് കസ്റ്റഡിയിൽ കിട്ടുമെന്നാണ് സിബിഐയുടെ പ്രതീക്ഷ. . മുംബൈ വ്യവസായി അലക്‌സാണ്ടർ കോശി പ്രിൻസ് വൈദ്യനെ ആദായനികുതി വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസമാണ് ചോദ്യംചെയ്തത്. കുവൈത്ത് നഴ്‌സ് റിക്രൂട്ട്‌മെന്റ് കേസിലുൾപ്പെട്ട മുംബൈയിലെ മാത്യു ഇന്റർനാഷണൽ, കൊച്ചിയിലെ അൽസറഫ എന്നീ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് അലക്‌സാണ്ടർ. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മാത്യു ഇന്റർനാഷണൽ വഴിയാണ് റിക്രൂട്ട്‌മെന്റുകാരുടെ വിശ്വസ്തനായ ഹവാല ഏജന്റായി മാറിയത്. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ സ്ഥിരീകരണം ഉണ്ടാകണമെങ്കിൽ ഉതുപ്പിനെ ചോദ്യം ചെയ്യണം. സിബിഐയുടെ സാന്നിധ്യത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഉതുപ്പിനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

അബുദാബിയിലെ ഹോട്ടലിൽനിന്ന് ഇന്റർപോളാണ് ഉതുപ്പിനെ കസ്റ്റഡിയിലെടുത്തത്. നഴ്‌സുമാരിൽനിന്ന് 300 കോടിയോളം രൂപ ഉതുപ്പ് തട്ടിയെടുത്തെന്നാണ് സിബിഐ കേസ്. ഉതുപ്പിന്റെ ഉടമസ്ഥതയിലുള്ള അൽ ശറഫ മാൻപവർ കൺസൾട്ടൻസി സ്ഥാപനം കുവൈത്തിലേക്ക് റിക്രൂട്ട്‌ചെയ്ത ഓരോ നേഴ്‌സിൽനിന്നും 20 ലക്ഷം രൂപവരെ തട്ടിയെടുത്തു. 19,000 രൂപയാണ് നിയമപ്രകാരമുള്ള കൺസൾട്ടൻസി ഫീസ്. കൊച്ചിയിലെ മുൻ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് എൽ അഡോൾഫസ് ഒന്നാംപ്രതിയായ കേസിൽ ഉതുപ്പ് മൂന്നാംപ്രതിയാണ്. നേരത്തെ മുൻകൂർ ജാമ്യത്തിനായി ഉതുപ്പ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളി. വിദേശത്തുള്ള പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് ഉതുപ്പിന്റെ അറസ്റ്റിന് സിബിഐ നീക്കം തുടങ്ങിയത്. സിബിഐ നൽകിയ അപേക്ഷയിൽ ഇന്റർപോൾ ഉതുപ്പിനു വേണ്ടി റെഡ് കോർണർ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ ഉതുപ്പിനെ രക്ഷിക്കാനുള്ള കേരളത്തിലെ രാഷ്ട്രീയ ഉന്നതരുടെ നീക്കവും പൊളിഞ്ഞു. തുടർന്നാണ് ഇൻർപോളിന്റെ വലയിലായത്.

വിദേശ റിക്രൂട്ട്‌മെന്റിലെ ഏജൻസികളുടെ ചൂഷണം തടയേണ്ട കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ലോറൻസ് അഡോൾഫസിന്റെ സഹായത്തോടെയായിരുന്നു ഉതുപ്പിന്റെ തട്ടിപ്പ്. ഉതുപ്പിനെതിരെ നഴ്‌സുമാർ നൽകിയ പരാതി അഡോൾഫസ് ഉതുപ്പിന് അയച്ചുനൽകിയതായും കണ്ടത്തിയിരുന്നു. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയിലുണ്ട്.