കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിൽ വലയിലാകുന്നത് തടയാൻ പുതു തന്ത്രവുമായി ഉതുപ്പ് വർഗ്ഗീസ്. കേസിൽ ഉതുപ്പിനെ പിടിക്കാൻ സിബിഐ ഇന്റർപോളിന്റെ സഹായം തേടിയതോടെയാണ് ഇത്. നേരത്തെ ബിജെപി നേതാവ് അഡ്വക്കേറ്റ് പിഎസ് ശ്രീധരൻ പിള്ളയെ അഭിഭാഷകനാക്കി കേന്ദ്ര സർക്കാരിന്റെ പിന്തുണ തനിക്കൊപ്പമാണെന്ന് വരുത്താൽ ഉതുപ്പ് ശ്രമിച്ചിരുന്നു. സിബിഐയെ സ്വാധീനിക്കാനുള്ള ഈ ശ്രമം ബിജെപി സംസ്ഥാന നേതൃത്വം പൊളിച്ചു. ശ്രീധരൻ നായർ വക്കാലത്ത് എടുത്തുമില്ല. ഇതോടെയാണ് ഇന്റർപോൾ കുരുക്ക് മുറുകിയത്.

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി ഉതുപ്പിനായി നൽകിയിരുന്നു. എന്നാൽ സ്ഥാപന ഉടമയെന്ന രീതിയിൽ നൽകിയ ഹർജി സാങ്കേതികത്വത്തിന്റെ പേരിൽ പിൻവലിച്ചു. ഈ ജാമ്യ ഹർജിയുടെ വാദത്തിനിടെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഒഴിവാക്കാൻ ശ്രമം നടന്നത്. അന്വേഷണവുമായി സഹകരിക്കാൻ ഹർജിക്കാരൻ തയാറാണെങ്കിലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ എൻ.ആർ.ഐക്കാരനായ ഹർജിക്കാരന് ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട് എത്താനാകാത്ത അവസ്ഥയുണ്ടെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. അതായത് ലുക്കൗട്ട് നോട്ടീസ് ഒഴിവാക്കിയാൽ ഉതുപ്പ് ചോദ്യം ചെയ്യലിന് എത്തുമെന്ന വാദമാണ് ഉയർത്തുന്നത്.

ഇപ്പോൾ കുവൈത്തിലോ അബുദാബിയിലോ ആണ് ഉതുപ്പുള്ളതെന്നാണ് സിബിഐയുടെ വിലയിരുത്തൽ. കുവൈത്തിൽ ഉതുപ്പുണ്ടെന്ന് ചിത്രങ്ങൾ സഹിതം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തു. ഇതോടെ ഉതുപ്പ് കുവൈത്തിൽ നിന്ന് മുങ്ങിയെന്നാണ് സിബിഐയുടെ നിരീക്ഷണം. ഇതിന് ശേഷം ആർക്കും ഒരു പിടിത്തവുമില്ല. ഇന്റർപോളിന്റെ സഹായത്തോടെ ഉതുപ്പിനെ പിടിക്കാൻ സിബിഐ ശ്രമം തുടങ്ങിയതോടെ ഉതുപ്പിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമായി. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കോടതിയെ ധരിപ്പിച്ച് ഇന്റർപോളിനെ ഒഴിവാക്കിയെടുക്കുകയാണ് ലക്ഷ്യം. ലുക്കൗട്ട് നോട്ടീസ് പിൻവലിച്ചാൽ ഉതുപ്പിന് വിമാനത്താവളത്തിലൂടെ സുരക്ഷിതമായി നീങ്ങാം. അങ്ങനെ ചെയ്താൽ സുരക്ഷിത സ്ഥാനത്തേക്ക് ഉതുപ്പ് മാറുമെന്ന ഭയം സിബിഐയ്ക്കുണ്ട്.

ഗൾഫിലെ എല്ലാ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറൽ കരാറുണ്ട്. അതില്ലാത്ത ഗൾഫിനോട് ചേർന്ന രാജ്യങ്ങളിലേക്ക് മാറുകയാണ് ഉതുപ്പിന്റെ ലക്ഷ്യമെന്നാണ് സിബിഐ കരുതുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം 1200 നഴ്‌സുമാരെ 19,500 രൂപ വാങ്ങി റിക്രൂട്ട് ചെയ്യാൻ കരാർ ലഭിച്ചിരുന്ന അൽ സറാഫ ഏജൻസി ഇതിന്റെ നൂറിരട്ടി വാങ്ങി റിക്രൂട്ട്‌മെന്റ് നടത്തിയെന്ന കേസിലാണ് വർഗീസ് ഉതുപ്പിനെ സിബിഐ പ്രതിചേർത്തിരിക്കുന്നത്. ആദായനികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

അതിനിടെ മുൻകൂർ ജാമ്യം തേടി വർഗീസ് ഉതുപ്പ് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. സ്ഥാപനത്തിന്റെ പേരിൽ വ്യക്തിഗത ജാമ്യത്തിനുവേണ്ടി നൽകിയ ഹർജി നിലനിൽക്കില്ലെന്ന് കോടതി സൂചന നൽകിയ പശ്ചാത്തലത്തിലാണ് പിൻവലിച്ചത്.കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ കരാർ ലഭിച്ചതിനത്തെുടർന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവർക്ക് തങ്ങളോട് വിരോധമുണ്ടായെന്നും ഇതുമൂലമുണ്ടായ അനാവശ്യ കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് വർഗീസ് ഉതുപ്പ് ഹർജി നൽകിയത്.

ഒന്നാം പ്രതി പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് എൽ. അഡോൾഫ്‌സിനെ ചോദ്യംചെയ്ത് വിട്ടയച്ചത് തെളിവ് ലഭ്യമല്ലാത്തതിനാലാണ്. ഈ സാഹചര്യത്തിൽ തനിക്കെതിരെയും തെളിവൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതി സീനിയർ അഭിഭാഷക മീനാക്ഷി അറോറ ഹരജിക്കാരനുവേണ്ടി ഹാജരായെങ്കിലും അൽ സറാഫ ട്രാവൽ ആൻഡ് മാൻപവർ കൺസൾട്ടന്റ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഹർജിക്കാരൻ മുൻകൂർ ജാമ്യഹരജി നൽകിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ഥാപനത്തെ രണ്ടാം പ്രതിയാക്കുകയും ഉടമയെന്നനിലയിൽ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഏജൻസികൾ ഇന്റർപോളിന്റെ സഹായം തേടാനിരിക്കുകയും ചെയ്യുമ്പോഴാണ് വർഗീസ് ഉതുപ്പ് ജാമ്യം തേടി ഹർജി നൽകിയത്.

ഹർജി നൽകിയ ശേഷമാണ് ഇയാളെ മൂന്നാം പ്രതിയായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പേരിൽ വ്യക്തിഗത ഹർജി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്. തുടർന്ന് പുതിയത് സമർപ്പിക്കാമെന്ന് വ്യക്തമാക്കി ഹർജി പിൻവലിക്കുന്നതായി അഭിഭാഷക അറിയിക്കുകയായിരുന്നു.