ന്യൂഡൽഹി: നഴ്‌സിങ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വർഗീസ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിലും സിബിഐ എതിർക്കും. റിക്രൂട്ട്‌മെന്റെ തട്ടിപ്പിലെ കൂടുതൽ തെളിവ് പുറത്തുവരാൻ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സുപ്രീംകോടതിയേയും സിബിഐ അറിയിക്കും. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള ഉതുപ്പിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയതെന്നും വാദിക്കും. പിടികൂടുമെന്ന് ഉറപ്പായപ്പോഴാണ് സുപ്രീംകോടതിയെ ജാമ്യഹർജിയുമായി സമീപിച്ചതെന്ന വാദവും സുപ്രീംകോടതിയിൽ സിബിഐ വിശദീകരിക്കും

കുവൈത്തിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന ഉതുപ്പ് ഇന്നാണ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് വിദേശത്തുള്ള ഉതുപ്പ് വർഗീസിനെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങൾ സിബിഐ തുടങ്ങിയത്. ഇയാൾ കുവൈറ്റിലുണ്ടെന്നും ഇടയ്ക്ക് ദുബായിൽ പോയി വരുന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ മറവിൽ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണ് കേസ്. കുവൈറ്റിൽ ഉതുപ്പ് നിർഭയം കഴിയുന്നത് ഫോട്ടോകൾ സഹിതം മറുനാടൻ പുറത്തു കൊണ്ടു വന്നിരുന്നു. ഇതോടെയാണ് ഇന്റർപോളിന്റെ സഹായം തേടാൻ സിബിഐ തീരുമാനിച്ചത്.

സിബിഐയുടെ അപേക്ഷയിൽ ഇന്റർപോൾ ഉതുപ്പിനെ പിടികിട്ടാപ്പുളിയുടെ പട്ടികയിൽപ്പെടുത്തിയിരുന്നു. ഇതോടെ വീട്ടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിൽ ഉതുപ്പെത്തി. കുവൈറ്റിലുണ്ടെന്ന് സിബിഐ കരുതുന്ന പ്രതി ഇൻർപോളിന്റെ അറസ്റ്റ് ഭയന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. താൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ബിസിനസ് രംഗത്തെ ശത്രുതയാണ് തനിക്കെതിരായ കേസിന് പിന്നിലെന്നും ഉതുപ്പ് ഹർജിയിൽ ആരോപിച്ചു. കേസുമായി സഹകരിക്കാൻ തയ്യാറാണ്. തന്റെ ഓഫീസിൽ നിന്ന് സിബിഐ റെയ്ഡ് ചെയ്ത് രേഖകളെല്ലാം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് ഉതുപ്പ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ പിടിച്ചെടുത്ത രേഖകളിലെ മുഴുവൻ രഹസ്യങ്ങളും പുറത്തുവരണമെങ്കിൽ ചോദ്യം ചെയ്യണമെന്നാണ് സിബിഐയുടെ നിലപാട്. ഇത് ഉതുപ്പിന് തിരിച്ചടിയാകും

ബിജെപിയിൽ ഉതുപ്പിന് ചില അടുത്ത സുഹൃത്തുക്കൾ ഉണ്ട്. ഇവർ മുഖേന ഡൽഹിയിൽ സ്വാധീനം ചെലുത്തി സിബിഐയെ വരുതിയിൽ കൊണ്ടുവരാനാണ് ശ്രമം നടത്തിയത്. എന്നാൽ അത് നടന്നില്ലെന്നാണ് സൂചന. നേരത്തെ ഹൈക്കോടതിയിൽ പ്രമുഖ ബിജെപി നേതാവും അഭിഭാഷകനുമായ പിഎസ് ശ്രീധരൻപിള്ളയെ വക്കാലത്ത് ഏൽപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ശ്രീധരൻ പിള്ള ഹാജരാകാൻ വിസമ്മതിക്കുകയായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സ്വന്തക്കാരനായി മാറി കേസിൽ നിന്ന് തടിയൂരാനുള്ള ഉതുപ്പിന്റെ ശ്രമമൊന്നും നടന്നില്ലെന്നതിന്റെ സൂചനയാണ് ഇന്റർപോളിനെ കൊണ്ട് റെഡ്‌കോർണ്ണർ നോട്ടീസിറക്കിയ സിബിഐയുടെ നീക്കം. സുപ്രീംകോടതിയും ജാമ്യ ഹർജി തള്ളിയാൽ ഉതുപ്പിന് കീഴടങ്ങേണ്ടി വരും. ആ സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് ശ്രമമെന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ച സൂചന.

ജാമ്യം അനുവദിച്ചാലും ഉതുപ്പ് കീഴടങ്ങില്ലെന്നും സൂചനയുണ്ട്. കുവൈത്തിലോ ദുബായിലോ ആണ് അയാൾ ഇപ്പോഴുള്ളത്. ഇന്റർപോളിന്റെ ലുക്ക് ഔട്ട് നോട്ടീസ് വന്നതിനാൽ പുറത്തിറങ്ങിയാൽ പിടിവീഴും. വിമാനത്താവളങ്ങൾ ഉപയോഗിക്കാനും കഴിയുന്നില്ല. യുഎഇയും കുവൈത്തുമായി ഇന്ത്യയ്ക്ക് കുറ്റവാളി കൈമാറൽ കരാറുമുണ്ട്. ഈ കരാറിൽ ഇന്ത്യ ഒപ്പിട്ടിട്ടില്ലാത്ത രാജ്യത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾക്ക് റെഡ് കോർണ്ണർ നോട്ടീസ് തടസ്സമാണ്. ജാമ്യമെടുത്ത് അതുവഴി, കുവൈത്തും യുഎഇയും വിടാൻ നീക്കം. കുവൈത്തിലുള്ള നേഴ്‌സുമാരുടെ കൈയിൽ നിന്ന് പരിച്ച കോടികളുമായാണ് ഉതുപ്പ് ഇപ്പോഴും കഴിയുന്നത്. ഈ സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കാൻ ഉതുപ്പ് എന്തു നടപടിയും ചെയ്യുമെന്നാണ് സൂചന. റിക്രൂട്ട്‌മെന്റ് തട്ടിപ്പിൽ ഉതുപ്പിനെതിരെ വ്യക്തമായ തെളിവ് സിബിഐക്ക് കിട്ടിയെന്ന തിരിച്ചറിവാണ് ഇതിനൊക്കെ കാരണം.

നാട്ടിലെത്തിയാൽ തട്ടിപ്പിനിരയായ നേഴ്‌സുമാരുടെ ചോദ്യങ്ങൾക്കും ഉത്തരം നൽകണം. ഈ ഭയം കൂടിക്കണക്കിലെടുത്താണ് നാട്ടിൽ മടങ്ങിയെത്താതിരിക്കാൻ ഉതുപ്പ് ശ്രമിക്കുന്നത്. അൽസറഫ ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയ ഉതുപ്പ് വർഗീസ് മൂന്നൂറ് കോടി സമ്പാദിച്ചു എന്നാണ് കേസ്. ഉതുപ്പ് വർഗീസിനായി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഏതുരാജ്യത്തെ പൊലീസിനും ഉതുപ്പിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാനാകും. ഇന്ത്യയിലെ നിയമസംവിധാനം തേടുന്ന കുറ്റവാളിയാണെന്ന് രേഖപ്പെടുത്തിയ നോട്ടീസ് ഇന്റർപോളിന്റെയും സിബിഐയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈലക്കാട്ട് ഉതുപ്പ് വർഗീസ് എന്ന പേരിലാണ് ഉതുപ്പിന്റെ ഫോട്ടോയടക്കമുള്ള വിവരങ്ങളുള്ളത്.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് അൽസറാഫ എന്ന റിക്രൂട്ടിങ് ഏജൻസി വഴി 300 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഉതുപ്പിനെ പിടികിട്ടാപ്പുള്ളിയാക്കി ഇന്റർപോൾ റെഡ് കോർ!ണർ നോട്ടീസ് പുറപ്പെടുവിച്ചത്. സിബിഐ കണ്ടെടുത്ത രണ്ടു പാസ്‌പോർട്ടുകളിൽ ഉതുപ്പ് വർഗീസിന്റെ പേര് രണ്ടു രീതിയിൽ രേഖപ്പെടുത്തിയതിനാൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള സിബിഐ ശ്രമം മുന്പ് പാളിയിരുന്നു. ഈ പ്രശ്‌നം പരിഹരിച്ച് സിബിഐ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഉതുപ്പിനെതിരെ ഇന്റർപോൾ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

ഇന്ത്യയിലെ നിയമസംവിധാനം തേടുന്ന കുറ്റവാളിയാണെന്ന് രേഖപ്പെടുത്തിയ നോട്ടീസ് ഇന്റർപോളിന്റെയും സിബിഐയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈലക്കാട്ട് ഉതുപ്പ് വർഗീസ് എന്ന പേരിലാണ് ഉതുപ്പിന്റെ ഫോട്ടോയടക്കമുള്ള വിവരങ്ങളുള്ളത്. ക്രിമിനൽ ഗൂഢാലോചന, വ!ഞ്ചന, സർക്കാർ ഉദ്യോഗസ്ഥരുമായി ചേർന്നുള്ള അഴിമതി, വിദേശത്ത് ജോലിക്ക് പോകുന്നവരിൽ നിന്ന് അമിതമായി തുക ഈടാക്കൽ എന്നീ കുറ്റങ്ങൾ ഉതുപ്പിനെതിരെ ചുമത്തിയിട്ടുണ്ടെന്നും റെഡ് കോർണർ നോട്ടീസിലുണ്ട്. നഴ്‌സ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്നാം പ്രതിയായ ഉതുപ്പ് വർഗീസിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു.