ദുബായ്: പുതുപ്പള്ളിക്കാരൻ ഉതുപ്പ് വർഗ്ഗീസിനെ കുടുക്കാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന സംശയം സജീവമാകുന്നു. യുഎഇയിൽ അതി ശക്തനാണ് ഉതുപ്പ് വർഗ്ഗീസെന്നാണ് ഒരിക്കൽ കൂടി തെളിയുന്നത്. ഇന്റർപോളിന്റെ അറസ്റ്റിന് ശേഷം ജാമ്യത്തിലിറങ്ങിയതോടെ ഉതുപ്പ് വീണ്ടും റിക്രൂട്ട്‌മെന്റ് മേഖലയിൽ സജീവമായി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉതുപ്പിനെ ഇന്ത്യയിലെത്തിക്കേണ്ട നടപടിക്രമങ്ങൾ സിബിഐയുടെ ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് ഉതുപ്പ് ദുബായിൽ പര്യമായി തന്നെ അനധികൃത റിക്രൂട്ട്‌മെന്റിന് നേതൃത്വം നൽകുന്നത്. നേഴ്‌സുമാരോട് ദുബായിലേയും കുവൈത്തിലേയും ജോലിക്കായി പതിനഞ്ച് ലക്ഷത്തിലധികം രൂപയാണ് ഉതുപ്പ് ആവശ്യപ്പെടുന്നത്. ദുബായിൽ ഇന്നലെ നടന്ന റിക്രൂട്ട്‌മെന്റിന് ഉതുപ്പ് പരസ്യമായി നേതൃത്വം നൽകി. ഇക്കാര്യം ഇന്നലെ മറുനാടൻ മലയാളി ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ഇതറിഞ്ഞ് മറ്റ് മാദ്ധ്യമ പ്രവർത്തകരും റിക്രൂട്ട്‌മെന്റ് സ്ഥലത്ത് എത്തി.

എന്നാൽ ചിത്രമെടുക്കാൻ ആരേയും അനുവദിച്ചില്ല. ഉതുപ്പിന്റെ ഗുണ്ടകൾ മാദ്ധ്യമ പ്രവർത്തകരെ ഓടിച്ചു വിടുകയായിരുന്നു. മറുടാൻ മലയാളിക്ക് മാത്രമാണ് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞത്. കൊച്ചിയിലെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് പുറത്തുവന്നപ്പോൾ മുതൽ ഉതുപ്പ് കുവൈത്തിലും ദുബായിലുമാണ് ഉള്ളത്. സുപ്രീംകോടതി പോലും ജാമ്യാപേക്ഷ തള്ളിയ പ്രതിയാണ് ഉതുപ്പ്. ഇന്ത്യയിലെത്തി സിബിഐയ്ക്ക് കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ ലുക്ക് ഔ്ട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ഉതുപ്പിനെ ഇന്റർപോൾ കസ്റ്റഡിയിൽ എടുത്തെങ്കിലും ജാമ്യം സംഘടിപ്പിച്ചു. ഇതോടെ ദുബായിൽ ഉതുപ്പിന് പുറത്തിറങ്ങാമെന്ന അവസ്ഥ വന്നു. ഈ സാഹചര്യം മുതലെടുത്താണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇതിന്റെ ചിത്രമെടുക്കാൻ വന്നവരെയാണ് ഉതുപ്പിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തി അയച്ചത്. കുവൈത്തിൽ ഉതുപ്പിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കും നല്ല തല്ല് കിട്ടിയിരുന്നു. അന്നും മറുനാടൻ മാത്രമാണ് ഫോട്ടോ പുറത്തുവിട്ടിരുന്നത്. അതിന് സമാനമായ സംഭവങ്ങളാണ് ഇന്നലെ ദുബായിലും നടന്നത്.

നഴ്‌സ് റിക്രൂട്ട്‌മെന്റിനു കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വെല്ലുവിളിച്ചാണ് ഇന്നലെ ദുബായിൽ റിക്രൂട്ട്‌മെന്റ് നടന്നത്. സംസ്ഥാനത്ത് റിക്രൂട്ട്‌മെന്റുകൾ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കിയതോടെ കുവൈത്ത് ആരോഗ്യമന്ത്രാലയം നേരിട്ട് ദുബായ് വഴി റിക്രൂട്ട്‌മെന്റ് നടത്തുകയായിരുന്നു. ഇന്നലെ നടന്ന എം.ഒ.എച്ച്. പരീക്ഷയിൽ കേരളത്തിൽനിന്ന് 2500 നഴ്‌സുമാർ പങ്കെടുത്തു. ഒക്‌ടോബർ മൂന്നുവരെയാണ് ദുബായിൽ റിക്രൂട്ട്‌മെന്റുകൾ നടക്കുന്നത്. ഇതിനായി നേരത്തേ വാങ്ങിയിരുന്നതിലും പത്തു ലക്ഷത്തോളം രൂപ കൂടുതലാണ് ഏജൻസികൾ വാങ്ങുന്നതെന്ന് നഴ്‌സുമാർ പരാതിപ്പെട്ടു. കൊച്ചി കേന്ദ്രീകരിച്ച് റിക്രൂട്ട്‌മെന്റ് നടക്കുമ്പോൾ അഞ്ച് ലക്ഷമാണ് വാങ്ങിയിരുന്നത്. ഇത് പതിനഞ്ചായി ഉതുപ്പ് ഉയർത്തിയെന്നാണ് സൂചന. കേരളത്തിൽ ഉതുപ്പ് ഇല്ലാത്തതിനാൽ ചില ഏജൻസി വഴിയാണ് നേഴ്‌സുമാരെ ദുബായിൽ എത്തിച്ചത്. അവർക്ക് കൂടി ചേർത്താണ് പതിനഞ്ച് ലക്ഷം വാങ്ങുന്നതെന്നാണ് സൂചന.

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണങ്ങൾ ഈ രംഗത്തെ ചൂഷണം വർധിപ്പിക്കുകയാണെന്നാണ് നഴ്‌സുമാരുടെ വാദം. കുവൈത്ത് നഴ്‌സ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിൽ പ്രതികളായ ഏജൻസികൾ ദുബായിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി നേരത്തേ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിനിടെ ടൂറിസ്റ്റ് വിസയിൽ ദുബായിൽ റിക്രൂട്ട്‌മെന്റിനു പോയ ഉദ്യോഗാർഥികളെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ തടഞ്ഞു. കുവൈത്തിലേക്കു ദുബായ് വഴി റിക്രൂട്ട്‌മെന്റിന് പോയവരെയാണു തടഞ്ഞത്. സന്ദർശക വിസയിൽ കൂട്ടത്തോടെ വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ ഇവരെ തടഞ്ഞുവച്ച് ചോദ്യം ചെയ്തത്. തർക്കങ്ങൾക്കൊടുവിൽ ഇവരെ യാത്രയ്ക്ക് അനുവദിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ 75 നഴ്‌സുമാരെ തടഞ്ഞു.

ഇതിനിടെ സംസ്ഥാനത്തുനിന്നും റിക്രൂട്ട്‌മെന്റുകൾ വിദേശത്തേക്കു പറിച്ചു നടുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ഏജൻസികൾ നഴ്‌സുമാരുടെ ബയോഡാറ്റകൾ വ്യാപകമായി ശേഖരിക്കുന്നുണ്ട്. ദുബായ് വഴി നഴ്‌സുമാരെ കുവൈത്തിലെത്തിക്കാമെന്ന ഏജൻസികളുടെ വാദം ശരിയല്ലെന്നും ഇത് ഇന്ത്യൻ ഭരണ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സർക്കാർ ഏജൻസികൾ കുറ്റപ്പെടുത്തുന്നു. ദുബായ് വഴി റിക്രൂട്ട്‌മെന്റ് നടത്തി സംസ്ഥാനത്തെ നഴ്‌സുമാരെ വിദേശത്തെത്തിക്കാൻ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കണം. ഈ സാഹചര്യത്തിൽ സ്വന്തം ഉത്തരവാദിത്തത്തിൽ ദുബായിലെത്തി നേഴ്‌സുമാരായി മാറുന്നവർക്ക് ഭാവിയിൽ ഒരു പരിരക്ഷയും നൽകില്ലെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുമാസത്തെ സന്ദർശക വിസയിലാണ് ഉദ്യോഗാർഥികൾ ദുബായിൽ എത്തിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ വിവിധ ട്രാവൽ ഏജൻസികളാണ് ഇവർക്ക് വിസ ലഭ്യമാക്കിയത്. ഇതെല്ലാം അനധികൃതമാണെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.

സർക്കാർ ഏജൻസികളായ നോർക്ക റൂട്ട്‌സിനും ഒഡെപെകിനും കുവൈത്ത് ആരോഗ്യമന്ത്രാലയം റിക്രൂട്ട്‌മെന്റ് ചുമതല നൽകിയിട്ടില്ല. ഇതിന് പിന്നിലും ഉതുപ്പിന്റെ കള്ളക്കളിയാണ്. ഈ സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം റിക്രൂട്ട്‌മെന്റുമായി നേരിട്ട് രംഗത്തെത്തിയത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ 4500 നഴ്‌സുമാരുടെ ഒഴിവുകളുണ്ട്. വിദേശ നഴ്‌സ് റിക്രൂട്ട്‌മെന്റുകൾ സർക്കാർ ഏജൻസി വഴി നിജപ്പെടുത്തിയ ശേഷം കഴിഞ്ഞ നാലുമാസമായി റിക്രൂട്ട്‌മെന്റുകൾ നടന്നിരുന്നില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്തെ വിവിധ ഏജൻസികൾ വ്യാപകമായി റിക്രൂട്ട്‌മെന്റ് നടത്തിയ കുവൈത്ത് ഓയിൽ കമ്പനിയുടെ അഹമ്മദി ആശുപത്രിയിലേക്കാണ് റിക്രൂട്ട്‌മെന്റുകൾ നടക്കുന്നത്. ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ സ്റ്റാഫിങ് സർവീസസ് ഇൻകോർപറേറ്റഡ് ആണ് റിക്രൂട്ട്‌മെന്റുകൾക്കായി അപേക്ഷ ക്ഷണിച്ചത്. കേരളത്തിലെ ചില പത്രങ്ങളിൽ റിക്രൂട്ട്‌മെന്റ് പരസ്യവും നൽകിയിരുന്നു.

റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾക്ക് പിന്നിൽ ഉതുപ്പ് വർഗ്ഗീസാണെന്ന മറുനാടൻ വാർത്ത വിദേശ കാര്യമന്ത്രാലയവും അനൗന്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതു സംബന്ധിച്ച് മന്ത്രാലയത്തിൽ അന്വേഷിച്ച നേഴ്‌സുമാർക്ക് തട്ടിപ്പിന് ഇരയായാൽ യാതൊരു നിയമപരിരക്ഷയും കിട്ടില്ലെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്നലെയും ഒക്ടോബർ മൂന്നിനുമായി ദുബായ് അൽ ബൂം ടൂറിസ്റ്റ് വില്ലേജിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനായി അഭിമുഖം നടക്കുന്നതായി പ്രമുഖ മലയാളപത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഉതുപ്പ് വർഗ്ഗീസ് തന്നെയാണ് ഇതിന് പിന്നിലെന്നായിരുന്നു മറുനാടൻ റിപ്പോർട്ട് ചെയ്തത്. റിക്രൂട്ട്‌മെന്റിനെ കുറിച്ച് വിശദമായി നിരീക്ഷിക്കാൻ യുഎഇയിലെ സ്ഥാനപതിക്ക് വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

കേരളത്തിൽനിന്ന് റിക്രൂട്ട്‌മെന്റുകൾ നിലച്ചതോടെ യോഗ്യതനേടിയ നേഴ്‌സുമാർ ഏതുവിധേനയും ജോലി നേടുകയെന്ന ലക്ഷ്യവുമായി സന്ദർശകവിസയിൽ ദുബായിലെത്താനുള്ള ശ്രമത്തിലാണ്. ഇതിനായി റിക്രൂട്ടിങ് ഏജൻസികളെ ബന്ധപ്പെടുന്നവർക്ക് കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ചില ട്രാവൽ ഏജൻസികളെ സമീപിക്കാനാണ് മറുപടി ലഭിക്കുന്നത്. ഈ ട്രാവൽ ഏജൻസികളാണ് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോപേരിൽ സന്ദർശകവിസ തരപ്പെടുത്തി നൽകുന്നത്. നഴ്‌സിങ് റിക്രൂട്ടമെന്റ് നടത്തുന്ന ഏജൻസികൾക്ക് കർശന നിയന്ത്രണങ്ങളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണം കൂടിയായപ്പോൾ വിദേശ രാജ്യങ്ങളിലെ നഴ്‌സിങ് ഒഴിവുകളുടെ ഇന്റർവ്യൂ ദുബായിലേക്ക് മാറ്റിയാണ് ഉതുപ്പ് വർഗീസും ടീമും വീണ്ടും നഴ്‌സിങ് ഉദ്യോഗാർഥികളുടെ ചോരയൂറ്റാൻ രംഗത്തെത്തിയത്.

നേരത്തെ യുഎൻഎ പ്രസിഡന്റ് ജാസ്മിൻഷായും ഉതുപ്പിന്റെ തട്ടിപ്പിൽ വീഴരുതെന്ന നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു. ഇന്ത്യൻ സർക്കാറിന്റെ നിയമങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന ഇത്തരം ഏജൻസികൾക്കെതിരെയും അതിന്റെ ഉടമകൾക്കെതിരെയും ശക്തമായ നിലപാട് എടുക്കണം എന്നാണ് യുഎൻഎയുടെ നിലപാടെന്ന് ജാ്‌സമിൻ ഷാ മറുനാടോട് വ്യക്തമാക്കി. റിക്രൂട്ട്‌മെന്റിൽ പങ്കെടുത്ത് ഏതെങ്കിലും നഴ്‌സിനുണ്ടാകുന്ന സാമ്പത്തികമോ, നിയമ പരമോ ആയ കഷ്ട നഷ്ടങ്ങൾക്ക് സംഘടനയുടെ പിന്തുണ ഉണ്ടാകുന്നതല്ലെന്നും ജാസ്മിൻ അറിയിച്ചു. നിലവിൽ ഇന്ത്യയിൽ റിക്രൂട്ട്‌മെന്റ് ലഭിച്ച മുഴുവൻ നെഴ്‌സുമാർക്കും വിദേശത്തേക്ക് പോകാൻ ഉള്ള നിയമരാഷ്ട്രീയ പോരാട്ടങ്ങൾ യുഎൻഎ നടത്തുമ്പോൾ ഏജൻസികളുടെ ഇത്തരം നടപടികൾ മറ്റ് നേഴ്‌സുമാർക്ക് ദോഷകമാരുമെന്നാണ് ജാസ്മിൻ ഷായുടെ പക്ഷം.