ന്യൂഡൽഹി: നഴ്‌സിങ് റിക്രൂട്‌മെന്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതി ഉതുപ്പ് വർഗ്ഗീസിനെ ഇന്റർപോൾ അറസ്റ്റ് ചെയ്തു. യുഎഇയിലാണ് അറസ്റ്റ്. ഉതുപ്പിനെ ഇന്റർപോൾ ഉടൻ ഇന്ത്യയ്ക്ക് കൈമാറും. ഇതോടെ നേഴ്‌സിങ് തട്ടിപ്പ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. സിബിഐയുടെ അപേക്ഷയെ തുടർന്ന് ഉതുപ്പിനെതിരെ ഇൻർപോൾ റെഡ് കോർണ്ണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് അറസ്റ്റ്. ഉതുപ്പിന്റെ മുൻകൂർ ജാമ്യേപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് അറസ്റ്റ് നടക്കുന്നത്. ഉതുപ്പ് യുഎഇയിലാണുള്ളതെന്ന് സുപ്രീംകോടതിയിൽ അഭിഭാഷകൻ അറിയിച്ചിരുന്നു. ഈ വിവരം സിബിഐ ഇൻർപോളിന് കൈമാറി. ഇതോടെയാണ് അറസ്റ്റുണ്ടാകുന്നത്. സിബിഐയുടെ അപേക്ഷയിൽ ഇന്റർപോൾ ഉതുപ്പിനെ പിടികിട്ടാപ്പുളിയുടെ പട്ടികയിൽപ്പെടുത്തിയിരുന്നു.

കുവൈത്തിലും യുഎഇയിലുമായി മാറി മാറി കഴിയുകയായിരുന്നു ഉതുപ്പ്. ഇക്കാര്യം മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. കുവൈത്തിലെ നേഴ്‌സുമാരിൽ നിന്ന് പരമാവധി തുക പിരിച്ചെടുത്ത ശേഷം ഉതുപ്പ് യുഎഇയിലെത്തിയപ്പോഴാണ് ഇന്റർപോളിന്റെ ഇടപെടൽ ഉണ്ടാകുന്നത്. ഇതോടെ ഇയാൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെയായി. സുപ്രീംകോടതിയിൽ എവിടെയാണുള്ളതെന്ന വെളിപ്പെടുത്തൽ വരുന്നത് വരെ കൃത്യമായ സൂചനയില്ലായിരുന്നു. ഇതോടെ യുഎഇയിലെ ഇയാളുടെ ഭാര്യയും കുടുംബവും താമസിക്കുന്നിടത്ത് ഇന്റർപോൾ നിരീക്ഷണം ശക്തമാക്കി. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ഇന്ന് രാവിലെ ഉതുപ്പിനെ ഇന്റർപോൾ പിടികൂടിയത്. സിബിഐയും വിവരങ്ങൾ കൈമാറുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും നാട്ടിലെത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഈ പരാമർശവുമായാണ് ജാമ്യഹർജി നാലാഴ്ചത്തേക്ക് മാറ്റി വച്ചത്. ഹർജി ഹൈക്കോടതി തള്ളിയതിനാലാണ് ഉതുപ്പ് വർഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ, കക്ഷി ഇപ്പോൾ എവിടെയാണെന്നു കോടതി ചോദിച്ചു. യുഎഇയിലാണെന്ന് അഭിഭാഷകർ മറുപടി നൽകിയത്. ഇന്റർപോളിന്റെ നോട്ടീസ് ഇറങ്ങിയതോടെ ഇന്ത്യയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉള്ള ഏത് രാജ്യത്തിനും ഉതുപ്പിനെ പിടികൂടി നൽകാമെന്ന അവസ്ഥയെത്തി. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. റിക്രൂട്ട്‌മെന്റ് വിവാദം പുറത്തുവരുമ്പോൾ കുവൈത്തിലാണ് ഉതുപ്പ് ഉണ്ടായിരുന്നത്. ഇത് ഫോട്ടോകൾ സഹിതം മറുനാടൻ പുറത്തുകൊണ്ടു വന്നിരുന്നു. ഇതിനിടെയിൽ കുവൈത്തിലെ ഉതുപ്പിന്റെ താവളങ്ങൾ പുറം ലോകം അറിയുകയും ചെയ്തു. അബുദാബിയിലാണ് ഉതുപ്പിന്റെ ഭാര്യയും മക്കളുമുള്ളത്. കുവൈത്തിലെ നേഴ്‌സുമാരിൽ നിന്ന് കിട്ടാവുന്നിടത്തോളം തുക ശേഖരിച്ച് അവിടെ നിന്ന് ഉതുപ്പ് അബുദാബിയിലേക്ക് മാറിയെന്നാണ് അറസ്റ്റോടെ വ്യക്തമാകുന്നത്. ഇതിനുള്ള സാധ്യതയും മറുനാടൻ റിപ്പോർട്ട് നേരത്തെ ചെയ്തിരുന്നു.

ഉതുപ്പ് വർഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിലും സിബിഐ എതിർത്തിരുന്നു. റിക്രൂട്ട്‌മെന്റെ തട്ടിപ്പിലെ കൂടുതൽ തെളിവ് പുറത്തുവരാൻ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സുപ്രീംകോടതിയെ സിബിഐ അറിയിച്ചു. ഇതോടെ സുപ്രീംകോടതിയും ജാമ്യ ഹർജി തള്ളുമെന്ന അവസ്ഥയെത്തി. സുപ്രീംകോടതി ജാമ്യം അനുവദിച്ചാലും ഉതുപ്പ് കീഴടങ്ങില്ലെന്നും സൂചനയുണ്ടായിരുന്നു. ഇതും സിബിഐ തിരിച്ചറിഞ്ഞിരുന്നു. യുഎഇയും കുവൈത്തുമായി ഇന്ത്യയ്ക്ക് കുറ്റവാളി കൈമാറൽ കരാറുമുണ്ട്. ഈ കരാറിൽ ഇന്ത്യ ഒപ്പിട്ടിട്ടില്ലാത്ത രാജ്യത്തേക്ക് കടക്കാനുള്ള ശ്രമങ്ങളാണ് ഉതുപ്പ് നടത്തിയിരുന്നത്. ഇത് പൊളിച്ചാണ് ഇന്റർപോൾ ഉതുപ്പിനെ കുടുക്കിയത്.

നാട്ടിലെത്തിയാൽ തട്ടിപ്പിനിരയായ നേഴ്‌സുമാരുടെ ചോദ്യങ്ങൾക്കും ഉത്തരം നൽകണം. ഈ ഭയം കൂടിക്കണക്കിലെടുത്താണ് നാട്ടിൽ മടങ്ങിയെത്താതിരിക്കാൻ ഉതുപ്പ് ശ്രമിച്ചിരുന്നത്. അൽസറഫ ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയ ഉതുപ്പ് വർഗീസ് മൂന്നൂറ് കോടി സമ്പാദിച്ചു എന്നാണ് കേസ്. ഉതുപ്പ് വർഗീസിനായി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത് കഴിഞ്ഞ ആഴ്ചയാണ്്. ഇതോടെ ഏതുരാജ്യത്തെ പൊലീസിനും ഉതുപ്പിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാനാകും. ഇന്ത്യയിലെ നിയമസംവിധാനം തേടുന്ന കുറ്റവാളിയാണെന്ന് രേഖപ്പെടുത്തിയ നോട്ടീസ് ഇന്റർപോളിന്റെയും സിബിഐയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മൈലക്കാട്ട് ഉതുപ്പ് വർഗീസ് എന്ന പേരിലാണ് ഉതുപ്പിന്റെ ഫോട്ടോയടക്കമുള്ള വിവരങ്ങൾ സൈറ്റിലെത്തിയത്.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് അൽസറാഫ എന്ന റിക്രൂട്ടിങ് ഏജൻസി വഴി 300 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഉതുപ്പിനെ പിടികിട്ടാപ്പുള്ളിയാക്കി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.