തിരുവനന്തപുരം: കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തിയതിന്റെ പേരിൽ നഴ്‌സുമാരിൽ നിന്നു അധികതുക വാങ്ങി കോടികൾ സമ്പാദിച്ച കേസിലെ മുഖ്യപ്രതി ഉതുപ്പ് വർഗീസിനെ തൊടാൻ പോലും നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല. ഉടൻ പിടികൂടുമെന്ന് പറയുമ്പോഴും അബുദാബിയിൽ ഇപ്പോഴും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തി വിലസുകയാണ് ഉതുപ്പ് വർഗീസ്. അന്വേഷണം ഏജൻസികൾ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും അദ്ദേഹത്തെ ഇതുവരെ അറസ്റ്റു ചെയ്തിരുന്നില്ല. എന്നാല്, അറസ്റ്റ് ഒഴിക്കാനായുള്ള ശ്രമങ്ങളും തട്ടിപ്പുകാരൻ നടത്തി തുടങ്ങി.

റെഡ് കോർണർ നോട്ടീസ് പിൻവലിച്ചാൽ അടുത്ത ദിവസം ഇന്ത്യയിലെത്തി അന്വേഷണം നേരിടാൻ തയാറാണെന്ന് നഴ്‌സ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ഉതുപ്പ് വർഗീസ് പറഞ്ഞു. ഇന്റർപോളിന്റെ പിടിയിലാണെന്ന വാർത്ത നിഷേധിച്ചുകൊണ്ടാണ് ഉതുപ്പു വർഗീസ് ഇക്കാര്യം പറഞ്ഞത്. 'ഞാൻ ആരുടെയും പിടിയിലല്ല. ആരും ഇതുവരെ ചോദ്യംചെയ്തിട്ടുമില്ല. റെഡ് കോർണർ നോട്ടീസ് ഇറങ്ങിയെന്ന വാർത്ത വന്നതോടെ നേരിട്ട് അബുദാബി ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ഇന്ത്യയിൽ കേസുണ്ടെങ്കിൽ അവിടെ തീർക്കണം. യു.എ.ഇയിൽ ഞാൻ സ്വതന്ത്രനാണ്. ഇവിടെ ബിസിനസ് നടത്തുന്നതിനും താമസിക്കുന്നതിനും ആരും തടയില്ലെന്നായിരുന്നു അവരുടെ വിശദീകരണം. ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹം. സിബിഐ നടപടിയാണ് അതിനു തടസം. അറസ്റ്റിനെ ഭയപ്പെടുന്നില്ല. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. ശരിയും തെറ്റും തീരുമാനിക്കേണ്ടത് കോടതിയാണെന്നും ്'ഉതുപ്പ് പറഞ്ഞു. മംഗളം ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഉതുപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത്.

സർക്കാർ ഏജൻസിയായ ഒഡേപെക് അടക്കമുള്ള ഏഴ് ഏജൻസികളാണ് അൽസറഫയ്‌ക്കൊപ്പം കുവൈത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതെന്നും അവർക്കെതിരേ കേസ് എടുക്കാതെ എനിക്കെതിരേ മാത്രം നടപടി എടുത്തത് ഇരട്ടതാപ്പാണെന്നുമാണ് ഉതുപ്പ് മംഗളത്തോട് പറഞ്ഞത്. മറ്റു പല ഏജൻസികളും ഉദ്യോഗാർഥികളെ കബളിപ്പിച്ച് ഓഫീസുകൾ അടച്ചുപൂട്ടിയിരുന്നു. പക്ഷേ, എന്റെ ഓഫീസ് ഇന്നും കൊച്ചിയിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് മൂന്ന് അന്വേഷണ ഏജൻസികളെയും അറിയിച്ചിരുന്നുവെന്നും ഉതുപ്പ് പറയുന്നു.

അന്വേഷണ ഏജൻസികളുടെ നിർദേശ പ്രകാരം ഇന്ത്യയിലേക്കെത്താൻ തയ്യാറെടുക്കവേയാണ് എനിക്കെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. അന്വേഷണം തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റെഡ് കോർണർ നോട്ടീസ് ഇറക്കിയത് എന്തിനെന്ന് അന്വേഷിക്കണം. ഇത് എന്നെമാത്രം കുടുക്കാനുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ പിടിവാശി മൂലമായിരുന്നു.
കുവൈത്ത് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിൽ താങ്കളെ കുടുക്കിയതാണോ?

ഡൽഹിയിലെ രണ്ട് പ്രമുഖ ഏജൻസികളുടെ കുത്തകയായിരുന്നു നഴ്‌സ് റിക്രൂട്ട്‌മെന്റ്. ഇതിനിടെ എന്റെ വളർച്ചയിൽ അസൂയ പൂണ്ട് അവരാണ് ഒറ്റിയത്. കേസന്വേഷണത്തിന്റെ ഭാഗമായി എന്നെ ബന്ധപ്പെട്ട ഇൻകംടാക്‌സ് ഉദ്യോഗസ്ഥരാണ് ഇത് വെളിപ്പെടുത്തിയത്. കേട്ടപ്പോൾ വിഷമം തോന്നി. എന്റെ സ്ഥാപനത്തിൽ റെയ്ഡു നടക്കുന്ന വിവരം അവരെയാണ് ആദ്യം വിളിച്ചറിയിച്ചത്. 20000 രൂപ വാങ്ങുന്നതിനു പകരം ഇരുപത് ലക്ഷം വാങ്ങിയതല്ലെ ഇതിനൊക്കെ കാരണമെന്നുമാണ് ഉതുപ്പിന്റെ വാദം.

ഇരുപതിനായിരം രൂപയ്ക്ക് നഴ്‌സുമാരെ വിദേശത്തെത്തിൻ സാധിക്കില്ലെന്നും ഉതുപ്പ് അഭിമുഖത്തിൽ പറഞ്ഞു. ഒരു വിദേശ ആരോഗ്യമന്ത്രാലയത്തിൽനിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യയിലെത്തിച്ച് റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് ലക്ഷങ്ങൾ ചെലവു വരും. വിദേശ ആരോഗ്യ മന്ത്രാലയത്തിൽനിന്നെത്തുന്ന പ്രതിനിധികൾക്കു പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒരുക്കിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. അങ്ങനെ നടത്തിയാൽമാത്രമേ പിന്നീട് അവർ ഇന്ത്യയിലേക്ക് എത്തുകയുള്ളൂ. ഒരു പ്രതിനിധി കേരളത്തിലെത്തിയാൽ ദിനംപ്രതി രണ്ടുലക്ഷം രൂപയിലേറെ ചെലവാകും. ഈ തുക റിക്രൂട്ട്‌മെന്റ് ചുമതലയുള്ള സ്വകാര്യ ഏജൻസികൾ വീതിച്ചുനൽകുകയാണ് പതിവെന്നും ഉതുപ്പ് പറയുന്നു.

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന വാർത്തകളെയും ഉതുപ്പ് തള്ളിക്കളഞ്ഞു. വാർത്തകളിലൂടെമാത്രം ഞാൻ അറിയുന്ന ഒരാളാണ് ദാവൂദ് ഇബ്രാഹിം. സത്യസന്ധമായി ബിസിനസ് നടത്തുന്ന ഒരാളാണ് ഞാൻ. എനിക്കെതിരേ ഇത്തരം ആരോപണം ഉന്നയിച്ചവരെ നിയമപരമായി നേരിടും. അധോലോകബന്ധങ്ങളുണ്ടെന്ന് സിബിഐ. കോടതിയിൽ പറഞ്ഞത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും ഉതുപ്പ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്നും ഉതുപ്പ് വർഗീസ് അഭിമുഖത്തിൽ പറയുന്നു. ഒരേ ഇടവകാംഗവും നാട്ടുകാരനുമെന്ന നിലയിൽ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. ബിസിനസ് ആവശ്യത്തിന് അദ്ദേഹവുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. നരേന്ദ്ര മോദിയുടെ കടുത്ത ആരാധകരനാണ് താനെന്നും ഉതുപ്പ് പറയുന്നു.

കഴിഞ്ഞ മാർച്ച് 27നാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അൽസറഫയുടെ കൊച്ചി ഓഫീസ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് ചെയ്തത്. കണക്കിൽപ്പെടാത്ത മൂന്നുകോടി രൂപ പിടിച്ചെടുക്കുകയും ചെയതിരുന്നു. അൽസറഫ നഴ്‌സിങ് റിക്രൂട്ടിങ്ങിനായി ലക്ഷക്കണക്കിനു രൂപ അധികമായി വാങ്ങുന്നുവെന്ന് കോട്ടയം സ്വദേശിനിയായ നഴ്‌സ് പ്രൊട്ടക്റ്റർ ഓഫ് എമിഗ്രൻസിനു പരാതി നൽകിയതിനെ തുടർന്നാണ് റെയ്ഡ് നടന്നത്.

തുടർന്ന് സിബിഐ. അന്വേഷണം ഏറ്റെടുത്തു. സഹകരിക്കാതിരുന്ന ഉതുപ്പിനെതിരേ റെഡ്‌കോർണർ നോട്ടീസ് ഇറക്കി. ഒട്ടേറെപ്പേർ കബളിപ്പിക്കപ്പെട്ട കേസായതിനാൽ ഉതുപ്പുമായി ഒത്തുതീർപ്പിനു സിബിഐ. തയാറായില്ല. കീഴടങ്ങുന്ന ദിവസംതന്നെ ജാമ്യം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, 300 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ഉതുപ്പിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന നിലപാടിൽ സിബിഐ. ഉറച്ചുനിന്നു. ഇതേത്തുടർന്നാണ് ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാൻ സിബിഐ. തീരുമാനിച്ചത്. ഇതിനിടെയാണ് മംഗളം ദിനപത്രത്തോട് ഉതുപ്പ് തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.