- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മൂലം ജയിലിലേക്ക് പോകേണ്ടി വരില്ലെന്നായിരുന്നു ആത്മവിശ്വാസം; ജാമ്യം കിട്ടി നേരേ വീട്ടിലേക്ക് പോകാമെന്നും കരുതി; സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും ജയിലിലേക്ക്; മകളെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭർത്താവ് വകവരുത്തിയ കേസിലെ പങ്കുതെളിഞ്ഞില്ലെങ്കിലും ഗാർഹിക പീഡനത്തിന് അറസ്റ്റിലായതോടെ നീതി കിട്ടിയതിന്റെ ആശ്വാസത്തിൽ ഉത്രയുടെ മാതാപിതാക്കൾ
കൊല്ലം: മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു ഭർത്താവ് സൂരജ് കൊലപ്പെടുത്തിയ ഉത്രയെ ഗാർഹികമായി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രേണുകയും സൂര്യയും നേരെ ജയിലിലേക്ക്. കോവിഡ് മൂലം ജയിലിലേക്ക് പോകില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു ഇവർ. ജാമ്യം ലഭിച്ച് നേരെ വീട്ടിലേക്ക് പോകാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി മറുനാടൻ മലയാളിയോട് പറഞ്ഞു. ഉത്രയുടെ കൊലപാതകത്തിൽ ഇരുവർക്കുമുള്ള പങ്ക് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ജയിലിൽ അടയ്ക്കുന്ന സന്തോഷത്തിലാണ് ഉത്രയുടെ മാതാപിതാക്കൾ.
ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊല നടത്തിയ കേസിൽ പ്രതി സൂരജിന്റെ മാതാവ് രേണുകയ്ക്കും സഹോദരി സൂര്യക്കും പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ ഗാർഹിക പീഡനത്തിന് ഇരുവരെയും അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നു. കൊലപാതക കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കേണ്ടതിനാലായിരുന്നു ഇരുവരുടെയും അറസ്റ്റ് വൈകിയത്. അടൂരിലുള്ള ഇവരുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീധന നിരോധനനിയമം അനുസരിച്ചാണ് അറസ്റ്റ്. ഇവരെ പുനലൂർ കോടതിയിൽ ഹാജരാക്കുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. രണ്ടുപേരെയും സ്ത്രീധന നിരോധനനിയമം അനുസരിച്ച് കേസിൽ പ്രതി ചേർത്തിരുന്നു.
ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രത്തിൽ ഇവരെ ഒഴിവാക്കിയിരുന്നു. എന്നാൽ ഗാർഹിക പീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തിൽ രേണുകയെയും സൂര്യയെയും സൂരജിന്റെ അച്ഛൻ സുരേന്ദ്രനെയും പ്രതിചേർത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാലുതവണ രേണുകയെയും സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സൂരജിന് പാമ്പിനെ നൽകിയ പാമ്പുപിടുത്തക്കാരൻ സുരേഷ്, തെളിവു നശിപ്പിക്കാൻ കൂട്ടുനിന്ന സൂരജിന്റെ പിതാവ് സുരേന്ദ്രൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൂടുതൽ പണവും സ്വത്തുക്കളും ആവശ്യപ്പെട്ട് സൂരജിന്റെ അമ്മയും സഹോദരിയും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഉത്രയുടെ മാതാപിതാക്കൾ വനിതാകമ്മീഷനംഗം ഷാഹിദാ കമാലിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. വനിതാ കമ്മീഷന്റെ കേസിൽ സൂരജിന്റെ സഹോദരി ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യാനും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കാനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് വനിതാ കമ്മീഷൻ രേഖാ മൂലം നിർദ്ദേശം നൽകിയിരുന്നു. ഇതുകൊല്ലം റൂറൽ പൊലീസിന് കൈമാറുകയായിരുന്നു. ഉത്രയുടെ വിവാഹം കഴിഞ്ഞ് മൂന്നരമാസം പിന്നിട്ടപ്പോൾ തന്നെ വേലക്കാരിയോടെന്നപോലെ പെരുമാറുകയും കഠിനമായ ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്തെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലുണ്ടായിരുന്നു.
ഉത്രയുടെ അസ്വാഭാവിക മരണത്തിന്റെ അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് മുതൽ ഉത്രയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലാണ് സൂരജിന്റെ അമ്മയും സഹോദരിയും പരസ്യ പ്രതികരണങ്ങൾ നടത്തിയത്. സൂരജും അമ്മയും സഹോദരിയും പലപ്പോഴായി ലക്ഷക്കണക്കിന് രൂപയും വാഹനങ്ങളും കൈവശപ്പെടുത്തിയെന്നാണ് ഉത്രയുടെ കുടുംബം നൽകിയ മൊഴി. ഇത് പരിഗണിച്ചാണ് വനിതാ കമ്മീഷൻ ഉടനടി കേസെടുത്തത്. വിവാഹമോചനം നേടിയാൽ സ്വത്തുക്കൾ തിരികെ കൊടുക്കേണ്ടി വരുമെന്നതിനാൽ കൊലപ്പെടുത്തി മുഴുവൻ സ്വത്തുക്കളും സ്വന്തമാക്കുക ആയിരുന്നു ലക്ഷ്യമെന്ന് സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.