2017 ൽ സൗദി അറേബ്യയിൽ ആദ്യ ഹോക്കി ടൂർണമെന്റ് സംഘടിപ്പിച്ച് ചരിത്രം സൃഷ്ട്ടിച്ച യു.ടി.എസ്.സി (യൂനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) രണ്ടാം പതിപ്പുമായി വീണ്ടും വരുന്നു. സൗദിയിലെ മികച്ച ആറു ടീമുകളും ബഹറിനിൽ നിന്നുള്ള ഒരു ടീമും പങ്കെടുക്കുന്ന രണ്ടാമത് ഹാസ്‌കോ ഹോക്കി ഫിയസ്റ്റ ജിദ്ദയിലെ ഇത്തിഹാദ് ഗ്രൗണ്ടിൽ വെച്ച് നടക്കും.

ഒമാൻ, ദുബായ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വിജയകരമായ ഹോക്കി ടൂർണമെന്റുകൾ സംഘടിപ്പിക്കുന്ന യു.ടി.എസ്.സി സൗദിയിൽ ഹോക്കി ഗെയിമിന് വലിയ പ്രചാരണം നൽകുക എന്ന ഉദ്ദേശത്തോട് കൂടി സൗദി ഹോക്കി ടീമുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പത്തു വർഷങ്ങളായി ഒമാനിൽ ഹോക്കി ടൂർണമെന്റ് സംഘടിപ്പിക്കുന്ന .യു.ടി.എസ്.സി യുടെ സാന്നിധ്യം സ്പോർട്സ് പ്രേമികൾക്കിടയിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്.

തലശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.ടി.എസ്.സിക്ക് യു.എ.ഇ, മസ്‌കത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ സജീവമായ അദ്ധ്യായങ്ങൾ ഉണ്ട്. മുൻ കേരള സ്റ്റേറ്റ് ഹോക്കി കളിക്കാരൻ ജവിസ് അഹ്മദ് ആണ് യുടിഎസ്സിയുടെ ആഗോള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഗൾഫ് മേഖലയിലെ പ്രവാസി കളിക്കാർക്ക് അവസരങ്ങൾ തുറന്നു നൽകുകയും ചെയ്യുന്നത്. വിജയകരമായ ട്രാക്ക് റെക്കോർഡുകളിലൂടെ ക്ലബ് ഏകദേശം 10 വർഷത്തോളമായി സജീവമായി പ്രവർത്തിക്കുകയും നിരവധി ടൂർണമെന്റുകൾ സംഘടിപ്പിക്കുകയും ചെയ്തു. ക്ലബ് പ്രധാന ടൂർണമെന്റുകളിൽ സജീവമായി പങ്കെടുക്കുകയും നിരവധി അന്തർദേശീയ ടൂർണമെന്റുകളിൽ ചാമ്പ്യന്മാരായപ്പോൾ ചില കളിക്കാർ അടുത്തിടെ സംസ്ഥാന / ദേശീയ തലങ്ങളിൽ കളിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. മുൻ കേരള ഹോക്കി ഗോൾ കീപ്പർ ഷംസീർ ഒളിയാട്ട് ആണ് സൗദിയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ജിദ്ദ, റിയാദ്, ദമ്മാം, ബഹ്റൈൻ എന്നിവടങ്ങളിൽ നിന്നുള്ള 7 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ദേശീയ താരങ്ങളും പങ്കെടുക്കും. ഏപ്രിൽ 27 ന് നാല് മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ് നടക്കുന്നത് അസീസിയയിലെ ഇത്തിഹാദ് ഗ്രൗണ്ടിൽ വച്ചാണ്. ഹാസ്‌കോ ഗ്രൂപ്പ് മുഖ്യ പ്രായോജകർ ആയ ടൂർണമീനിന്റെ സഹ പ്രായോജകർ ഇന്നൊവേറ്റീവ് എഞ്ചിനീയറിങ്, ക്ലിയർ വിഷൻ, ജീപാസ് എന്നിവരാണ്.

കെ.എസ്.എ ഫീൽഡ് ഹോക്കി - ദമാം, കെ.എസ്.എ ഫീൽഡ് ഹോക്കി - ജിദ്ദ, സൗദി സ്ട്രൈക്കേഴ്സ് - റെഡ്, സൗദി സ്ട്രൈക്കേഴ്സ് - ബ്ലൂ, റയാൻ ഹോക്കി ക്ലബ് - ജിദ്ദ, യു.ടി.എസ്.സി സൗദി, യങ്സ്റ്റാർ ബഹ്റൈൻ തുടങ്ങി സൗദിയിലെ മികച്ച ഏഴു ടീമുകൾ ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും. . രണ്ടു പൂളുകളിൽ തിരിച്ച ടീമുകളിലെ ആദ്യ മത്സരത്തിൽ കെ.എസ്.എ ഫീൽഡ് ഹോക്കി - ദമാം മുൻ ചാമ്പ്യന്മാരായ സൗദി സ്‌ട്രൈക്കേഴ്‌സിനെ നേരിടും.

ഒമാനിൽ നിന്നുള്ള അന്തർദേശിയ റഫറികളായ മാസിൻ ഖലീഫ അൽ സുഖൈലി, താനി സഹീം അൽ വഹാബി എന്നിവരാണ് കളികൾ നിയന്ത്രിക്കുക. യു.ടി.എസ്.സി ഗ്ലോബൽ ചെയർമാനും മുൻ കേരള ഹോക്കി ക്യാപ്റ്റനുമായ ജാവീസ് അഹമ്മദ് യു.ടി.എസ്.സി ടീമിൽ കളിക്കും.

സഫീറോ റെസ്റ്റാറ്റാന്റിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ യു.ടി.എസ്.സി ഗ്ലോബൽ ചെയർമാൻ ജാവീസ് അഹമ്മദ്, ക്ലബ് പ്രസിഡന്റ് ഹിഷാം മാഹി, ജനറൽ സെക്രട്ടറി അഷ്ഫാഖ് മേലെകണ്ടി, ചീഫ് കോർഡിനേറ്റർ ഷംസീർ ഒളിയാട്ട്, മീഡിയ കോർഡിനേറ്റർ അബ്ദുൽ കാദർ മോച്ചേരി, ചീഫ് പാട്രൺ സലിം പി ആർ എന്നിവർ സംസാരിച്ചു.