യു.ടി.എസ്.സി (യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബ്) സംഘടിപ്പിച്ച രണ്ടാം സോക്കർ ഫെസ്റ്റിവലിന് അത്യന്തം ആവേശകരമായ സമാപനം. നിറഞ്ഞ ഗാലറിയെ സാക്ഷി നിർത്തി അണ്ടർ 13 വിഭാഗത്തിൽ നടന്ന ആദ്യ ഫൈനൽ മത്സരത്തിൽ ജെ.എസ് സി ഫുട്‌ബോൾ അക്കാദമിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മലർവാടി സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി.

തുടക്കം മുതൽ ഉജ്വലമായി കളിച്ച മലർവാടി സ്ട്രൈക്കേഴ്സ് പത്തൊമ്പതാം മിനിറ്റിൽ നടത്തിയ ഒരു മികച്ച മുന്നേറ്റത്തിലൂടെ റുഹൈമ് മൂസയാണ് വിജയ ഗോൾ നേടിയത്. തുടർന്ന് ജെ.എസ്.സി കുട്ടികൾ തിരിച്ചടിക്ക് കഠിന പരിശ്രമം നടത്തിയെങ്കിലും മലർവാടി സ്ട്രൈക്കേഴ്സ് ഗോളി ശക്തമായ വലയം തീർത്തു. ജെ.എസ് സി യുടെ താരം നേഹാൻ ആണ് മാൻ ഓഫ് ദി ഫൈനൽ.

തുടന്ന് നടന്ന സീനിയേഴ്‌സ് ഫൈനൽ മത്സരത്തിൽ ജെ.എസ്.സി ഫുട്‌ബോൾ അക്കാദമി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നിലവിലുള്ള ചാമ്പ്യന്മാരായ ഇ.എഫ്.എസ് ഫുട്‌ബോൾ ക്ലബ്ബിനെ പരാജയപ്പെടുത്തി കിരീടം നേടി. ആദ്യ പകുതിയുടെ ഒൻപതാം മിനുട്ടിൽ സയ്യിദാണ് ഇ.എഫ്.എസ്സിന് വേണ്ടി ആദ്യം ഗോൾ നേടിയത്. തുടന്ന് മികച്ച മുന്നേറ്റം നടത്തിയ ജെ.എസ്.സി സക്കീർ നൽകിയ പാസിലൂടെ സഹീർ പി ആർ മനോഹരമായ ഒരു ഗോൾ ആക്കി മാറ്റി. രണ്ടാം പകുതിയിൽ പന്ത്രണ്ടാം മിനുട്ടിൽ നടത്തിയ മറ്റൊരു മുന്നേറ്റത്തിൽ സക്കീർ ആണ് വിജയ ഗോൾ നേടിയത്. സക്കീർ ആണ് മാൻ ഓഫ് ദി മാച്ച്. ടൂര്ണമെന്റിലുടനീളം കാണികളെ ത്രസിപ്പിച്ച പ്രകടനം കാഴ്ചവെച്ച ജെ.എസ്.സി താരം മാക്സ്വെൽ ആണ് ടൂർണമെന്റിലെ താരം ആയി തിരഞ്ഞെടുത്തത്.

വ്യക്തികത അവാർഡുകൾ

സീനിയേഴ്‌സ്:-

മികച്ച ഗോൾ കീപ്പർ - മഷൂദ് (ഇ.എഫ്എസ്)
മികച്ച ഡിഫൻഡർ - ഫൈസൽ (ഇ.എഫ്.എസ്)
മികച്ച ഫോർവേഡ് - റിയാസ് (ഐ.ടി.എൽ)
ടൂർണമെന്റിലെ താരം - മാക്സ്വെൽ (ജെ.എസ്.സി)
മികച്ച ഗോൾ - സഹീർ പി.ആർ (ജെ.എസ്.സി)

അണ്ടർ 13:-

മികച്ച ഗോൾ കീപ്പർ - രാനാൻ (മലർവാടി സ്ട്രൈക്കേഴ്സ്)
മികച്ച ഡിഫൻഡർ - റുഹൈമ് മൂസ (മലർവാടി സ്ട്രൈക്കേഴ്സ്)
മികച്ച ഫോർവേഡ് - ബാസിത് (സോക്കർ ഫ്രീക്‌സ്)
ടൂർണമെന്റിലെ താരം - റുഹൈമ് മൂസ (മലർവാടി സ്ട്രൈക്കേഴ്സ്)

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ദേശീയഗാനത്തോടെയാണ് ഫൈനൽ ദിന ചടങ്ങുകൾ ആരംഭിച്ചത്. മത്സരത്തിന്റെ ഇടവേളകളിൽ പ്രമുഖ ഗായകൻ സിക്കന്ദർ അലിയുടെ പാട്ടുകൾ കാണികളെ ആവേശത്തിലാക്കി. മുഖ്യാതിഥിയും ടൂർണമെന്റ് സ്‌പോൺസർ ഹാസ്‌കോ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് സിക്കന്തർ അലി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ടെക്‌നിക്കൽ ഡയറക്ടർ സലിം പി.ആർ നന്ദി പ്രകാശനം നിർവഹിച്ചു.