ജിദ്ദ: യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബ് (യു.ടി.എസ്.സി) സംഘടിപ്പിച്ച ഫാദിൽ ഗ്രൂപ്പ് സോക്കർ ഫെസ്റ്റിവലിൽ ഇ.എഫ്.എസ്സ് ജേതാക്കളായി. ഫൈനലിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ജെ.എസ്. സി യെ പരാജയപ്പെടുത്തിയാണ് ഇ.എഫ്.എസ്സ് കിരീടം നേടിയത്. ആദ്യ പകുതിയുടെ രണ്ടാം മിനുട്ടിൽ സൽമാനാണ് ഇ.എഫ്.എസ്സിന് വേണ്ടി ആദ്യം ഗോൾ നേടിയത്.

ഇരുപത്തിമൂന്ന്, ഇരുപത്തിനാല് മിനുട്ടുകളിൽ തുടരെ രണ്ടു ഗോളുകൾ നേടിക്കൊണ്ട് വലീദ് ഇ.എഫ്.എസ്സിന്റെ ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ രണ്ടാം മിനുട്ടിൽ ഉശിരൻ ഹെഡ്ഡറിലൂടെ ഗോൾ നേടിക്കൊണ്ട് ജെ .എസ്.സിയുടെ സാമിർ ലീഡ് കുറച്ചെങ്കിലും കളിയിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല. സഈദും നസീമുമായിരിന്നു ഇ.എഫ് എസ്സിനു വേണ്ടി മറ്റു രണ്ടു ഗോളുകൾ നേടിയത്.

ബാറിന് കീഴിൽ മികച്ച പ്രകടനം കായ്ച്ചവച്ച ജെ.എസ്.സിയുടെ ഗോൾ കീപ്പർ അഫ്നാൻ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അർഹനായി. ടൂര്ണമെന്റിലെ മികച്ച താരമായി ഇ.എഫ്.എസ്സിന്റെ നസീമിനെ തിരഞ്ഞെടുത്തു. ഐ.ടി.എൽ ഫെയർ പ്ലേയ് അവാർഡ് കരസ്ഥമാക്കി. മറ്റു വ്യക്തിഗത പുരസ്‌കാരങ്ങൾ : ഐബക് (ഐ.ടി.എൽ) മികച്ച ഗോൾ കീപ്പർ, ഷെരീഫ് (യൂത്ത് ഇന്ത്യ ) മികച്ച ഡിഫെൻഡർ, സക്കീർ (ജെ.എസ്.സി) മികച്ച ഫോർവേഡ്, വലീദ് (ഇ.എഫ്.എസ്സ്) ഗോൾ സ്‌കോറർ .

കാണികൾക്കായി നടത്തിയ റീഗൾ മോൾ ഷൂട്ട് ഔട്ട് മത്സരത്തിൽ മഖ്ബൂലും ജീപാസ് ഭാഗ്യ സമ്മാനത്തിന് സാദിഖ് എടക്കാടും അർഹരായി. മുഖ്യാതിഥി അൽഫാദിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ് കെ.എസ്.എ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ടെക്‌നിക്കൽ ഡയറക്ടർ സലിം പി.ആർ നന്ദി പ്രകാശനം നിർവഹിച്ചു. സൗദിയിൽ അടുത്തുതന്നെ യു.ടി.എസ്സ്.സി ഹോക്കി ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹാഷിർ അമീറുദ്ദിൻ അവതാരകനായ സമ്മാനദാന ചടങ്ങുകൾക്ക് ക്ലബ്ബ് പ്രസിഡന്റ് ഹിഷാം മാഹി,സെക്രട്ടറി അഷ്ഫാഖ് എന്നിവർ നേതൃത്വം നൽകി.