ജിദ്ദയിലെ സ്പോർട്സ് പ്രേമികൾക്ക് എന്നും പുതുമയുള്ള കായിക വിനോദ പരിപാടികൾ ഒരുക്കിയ യു.ടി.എ.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) കുട്ടി ക്രിക്കറ്റിന്റെ ഏറ്റവും നൂതന പതിപ്പുമായി വീണ്ടും വരുന്നു. ജിദ്ദയിൽ ആദ്യമായി ഹോക്കി ടൂർണമെന്റ് ഒരുക്കി ശ്രദ്ധ നേടിയ ക്ലബ് ഇക്കുറി വരുന്നത് നാനോ ക്രിക്കറ്റ് ടൂര്ണമെന്റുമായിട്ടാണ്. ചെറുപ്പകാലങ്ങളിൽ പാടങ്ങളിലും പറമ്പിലും വളരെ ചെറിയ സ്ഥലപരിധിയിൽ കളിച്ച ക്രിക്കറ്റിന്റെ പുത്തൻ രൂപമാണ് നാനോ ക്രിക്കറ്റ് ആയി അവതരിപ്പിക്കുന്നത്. ടൂർണമെന്റ് വെള്ളിയാഴ്ച ഒക്ടോബർ 20 നു ഉച്ചയ്ക്ക് 3.30 മുതൽ ബനി മാലിക് അൽ ശബാബിയ ഗ്രൗണ്ടിൽ നടക്കും. 


നാല് പൂളുകളിലായി പന്ത്രണ്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഏഴ് കളിക്കാരടങ്ങിയ ടീമുകൾ ലീഗ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടും. അഞ്ചു ഓവറുകൾ വീതമാണ് മത്സരങ്ങൾ. ലീഗ് റൗണ്ടിലെ മികച്ച നാല് ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും. സിക്‌സർ അടിച്ചാൽ കളിക്കാരൻ പുറത്താകുന്നതടക്കം രസകരമായ നിയമങ്ങൾ ഉള്ള ഏകദിന നാനോ ക്രിക്കറ്റ് ടൂർണമെന്റ് ഉച്ചക്ക് 3.30 ആരംഭിച്ച് രാത്രി 11 മണിക്ക് അവസാനിക്കും.

വിനോദത്തിന് പ്രാധാന്യം കൊടുക്കുന്ന ടൂണമെന്റിൽ കാണികൾക്ക് ക്വിസ് മത്സരങ്ങളും സമ്മാനങ്ങളും നൽകും. കാണികൾക്ക് വേണ്ടി സ്വാദിഷ്ഠമായ തലശ്ശേരി പലഹാരങ്ങളുടെ ഫുഡ് സ്റ്റാളും ഒരുക്കിയിട്ടുണ്ട്. പൂർണമായും കേരളത്തിലെ കളിക്കാർ അടങ്ങിയ ടീമുകൾ ആയ ടി.സി.എഫ്, റെഡ് സീ യൂത്ത്, മലബാർ റൈഡേഴ്സ്, ഐ.ടി.എൽ, ഗോജ്, ബാഗ്ടി, ഫോർഡ് റോയൽസ്, സ്‌കോര്പിയോൺസ്, ടസ്‌കേഴ്സ്, ഓൾ സ്റ്റാർ, കെ.പി.എൽ, ജിദ്ദ ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ് തുടങ്ങിയ പന്ത്രണ്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീം ക്യാപ്റ്റന്മാരും യു.ടി.എ.സി ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ ടെക്‌നിക്കൽ ടീം അംഗം റിയാസ് ടി.വി ടൂർണമെന്റ് നിയമവശങ്ങൾ വിശദീകരിക്കുകയും ക്യാപ്റ്റന്മാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. തുടർന്ന് തത്സമയ ഫിക്സചർ പ്രകാശനവും ട്രോഫി അനാച്ഛാദനവും നടന്നു. പ്രസിഡന്റ് ഹിശാം മാഹിയുടെ അധ്യക്ഷയിൽ സഫീൽ ബക്കറിന്റെ ഖിറാത്തോടെ തുടങ്ങിയ യോഗത്തിൽ മെഹ്താബ് അലി സ്വാഗതവും സഹീർ പി.ആർ നന്ദിയും പറഞ്ഞു. .