യു.ടി.എസ്.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) നാനോ ക്രിക്കറ്റ് ഫെസ്റ്റിവലിന് ആവേശകരമായ പരിസമാപ്തി. ബനി മാലിക്ക് അൽ ശബാബിയ സ്പോർട്സ് കോംപ്ലസ്റ്റിൽ നടന്ന ഏക ദിന ടൂർണമെന്റിൽ കെ.പി.എൽ സ്‌ക്രോച്ചേഴ്‌സ് (കണ്ണൂർ പ്രീമിയർ ലീഗ്) ചാമ്പ്യന്മാരായി. അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ ജെ.ഐ.സി.സി യെ രണ്ടു വിക്കറ്റിന് തോൽപ്പിച്ചാണ് കെ.പി.എൽ ജിദ്ദയിൽ നടന്ന ആദ്യ നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായത്.

നാല് പൂളുകളിലായി പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഏഴ് കളിക്കാരടങ്ങിയ ടീമുകൾ ലീഗ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടി. പൂൾ എ യിൽ നിന്ന് കെ.പി.എൽ, പൂൾ ബി യിൽ നിന്ന് ജെ.ഐ.സി.സി, പൂൾ സി യിൽ നിന്ന് സ്‌കോര്പിയോൺസ്, പൂൾ ഡി യിൽ നിന്ന് ഫോർഡ് റോയൽസ് ടീമുകൾ രണ്ടു വീതം മത്സരങ്ങൾ വിജയിച്ച് സെമിയിൽ പ്രവേശിച്ചു. കാണികളിൽ ആവേശം വാനോളം ഉയർത്തിയ ആദ്യ സെമി ഫൈനലിൽ ഫോർഡ് റോയൽസ് ഉയർത്തിയ 27 റൺസ് രണ്ടു ബോൾ അവശേഷിക്കെ മറികടന്നാണ് കെ.പി എൽ ഫൈനൽ ബെർത്ത് നേടിയത്. ടീമിനെ വിജയത്തിലെത്തിച്ച പ്രകടനം കാഴ്ച വെച്ച ഹിഷാം താഹ ആണ് മാൻ ഓഫ് ദി മാച്ച്. രണ്ടാമത്തെ സെമിയിൽ ജെ.ഐ.സി.സി സ്‌കോര്പിയോൺസിനെ നാല് റൺസിന് തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്. മികച്ച ബൗളിങ് പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റൻ ഷാനവാസ് സ്‌നേഹക്കൂട് ആണ് മാൻ ഓഫ് ദി മാച്ച്.

ആവേശകരമായ ഫൈനൽ മത്സരത്തിൽ ജെ.ഐ.സി.സി ഉയർത്തിയ 35 റൺസ് വിജയ ലക്ഷ്യം ടൂര്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച കെ.പി.എൽ രണ്ട് പന്ത് ബാക്കി നിൽക്കെ വിജയം കൈപ്പിടിയിൽ ഒതുക്കി. അവസാന ഓവറിൽ 8 റൺസ് വേണ്ട കെ.പി.എൽ ന് വേണ്ടി പതറാതെ ബാറ്റ് ചെയ്ത ദാഫിസും ക്യാപ്റ്റൻ സംശീനും ടീമിന് ആദ്യ നാനോ ട്രോഫി നേടിക്കൊടുത്തു. വിജയ ഷോട്ട് അടിച്ച ദാഫിസ് ആണ് മാൻ ഓഫ് ദി ഫൈനൽ.

സിക്‌സർ അടിച്ചാൽ കളിക്കാരൻ പുറത്താകുന്നതടക്കം രസകരമായ നിയമങ്ങൾ ഉള്ള ഏകദിന നാനോ ക്രിക്കറ്റ് ടൂർണമെന്റ് ഉച്ചക്ക് 3.30 ആരംഭിച്ച് രാത്രി 12 മണിക്ക് അവസാനിച്ചു. ഗ്രൗണ്ടിൽ ഒരുക്കിയ തലശ്ശേരി പലഹാരങ്ങളോടെ ഉള്ള ഫുഡ് സ്റ്റാൾ കാണികൾക്ക് രുചിക്കൂട്ട് തീർത്തു. ഉദ്ഘാടന ചടങ്ങിൽ ടൂർണമെന്റ് സ്‌പോൺസർമാരെ പ്രതിനീകരിച്ചു സിക്കന്തർ അലി, സായിദ് റാവ് (ഹാസ്‌കോ), ഉബൈദുല്ല (ആൾ കബീർ) എന്നിവർ പങ്കെടുത്തു.