ലഖ്‌നോ: ഉത്തർപ്രദേശിനെ നടക്കി ബലാത്സംഗ കൊലപാതകം. ഉത്തർപ്രദേശിൽ ആറുവയസുകാരി പെൺകുട്ടിയെയാണ് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിൽ പെൺകുട്ടിയെ ഉപേക്ഷിക്കുയായിരുന്നു. ഏട്ട ജില്ലയിലെ അവഗഡ് പ്രദേശത്താണ് സംഭവം. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മൃതദേഹം പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ആറുവയസുകാരിയെ ബലാത്സംഗംചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് അവഗഡ് പ്രദേശവാസികൾ ആഗ്ര-ഏട്ട റോഡ് 45 മിനിറ്റോളം ഉപരോധിച്ചു.

പ്രതികളെ പിടികൂടുകൂടാൻ രണ്ടുദിവസത്തെ സമയം നൽകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജില്ല മജിസ്‌ട്രേറ്റ് അങ്കിത് കുമാർ അഗർവാളും എസ്.എസ്‌പി ഉദയ് ശങ്കർ സിങ്ങും കുട്ടിയുടെ വീട്ടിലെത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പുനൽകി.

'കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതികളെന്ന് ആരെയെങ്കിലും സംശയിക്കുന്നതായി മാതാപിതാക്കൾ പറഞ്ഞിട്ടില്ല. പ്രദേശത്തെ സി.സി.സി.ടി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു' -അവഗഡ് എസ്.എച്ച്.ഒ വിനോദ് കുമാർ പറഞ്ഞു.

കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് സൂപ്രണ്ട് ധനജ്ഞയ് സിങ് കുശ്വാഹ പറഞ്ഞു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചേർത്തു. സംഭവം അന്വേഷിക്കാൻ നാലംഗ സംഘത്തെ നിയോഗിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.