സാകാക: സൗദിയിലെ സാകാകയിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ച സംഭവത്തിൽ സഹതാമസക്കാരായ മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ പൊലീസ് കസ്റ്റഡയിൽ എടുത്തു. മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തത്.

സകാകയിലെ സെൻട്രൽ ആശുപത്രിയിൽ അറ്റകുറ്റ പണി നടത്തുന്ന കരാർ കമ്പനിയിലെ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി അഞ്ച് ദിവസം മുമ്പാണ് താമസിക്കുന്ന മുറിയിൽ അസ്വാഭാവികമായ നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടത്.

കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ട നിലയിലും വയറ്റിൽ കത്തി കൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം. തുടർന്നാണ് ഇയാളുടെ മുറിയിലെ സഹതാമസക്കാരായ അഞ്ചുപേരെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോയത്. അഞ്ചുപേരും സകാകയിലെ ഖാലിദിയ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.

മരിച്ചയാൾ രണ്ട് മാസത്തിലേറെയായി ശമ്പളം കിട്ടാഞ്ഞതിനാൽ ജോലിക്ക് പോകാതെ മുറിയിൽ തന്നെ കഴിയുകയായിരുന്നു. സംഭവ ദിവസവും രാവിലെ 7.30 ഓടെ മറ്റുള്ളവർ ജോലിക്ക് പോകുമ്പോൾ ഇയാൾ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.30 ഓടെ ജോലികഴിഞ്ഞത്തെിയ സഹപ്രവർത്തകർ കണ്ടത് മരിച്ചുകിടക്കുന്നതാണ്. മുറി പൂട്ടിയ നിലയിലായിരുന്നു. മുറിയിലെ മറ്റ് താമസക്കാർ വന്ന് താഴ് തുറന്നാണ് അകത്തു കടന്നതും. കരുനാഗപ്പള്ളി, പത്തനംതിട്ട, കണ്ണൂർ സ്വദേശികളായ യുവാക്കളാണ് രണ്ട് വടക്കേ ഇന്ത്യക്കാരോടൊപ്പം പൊലീസ് കസ്റ്റഡിയിലുള്ളത്.