- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ ശൗചാലയത്തിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു; പിന്നാലെ ഒളിവിൽ പോയി; പ്രതിയുടെ വീടിന് മുന്നിൽ ബുൾഡോസറുമായി എത്തി യു പി പൊലീസ്; കീഴടങ്ങിയില്ലെങ്കിൽ വീട് തകർക്കുമെന്ന് ഭീഷണി; ഒടുവിൽ കീഴടങ്ങൽ; ബുൾഡോസർ ബാബ വീണ്ടും പണി തുടങ്ങി
ലഖ്നൗ: ബലാത്സംഗ കേസിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ബുൾഡോസറുമായി ഉത്തർപ്രദേശ് പൊലീസ്. പ്രതാപ്ഘട്ടിൽ ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടാനായാണ് ബുൾഡോസറുമായി പൊലീസ് പ്രതിയുടെ വീട്ടിലെത്തിയത്. പ്രതിയുടെ വീടിന് മുന്നിൽ ബുൾഡോസർ പാർക്ക് ചെയ്ത പൊലീസ്, കീഴടങ്ങിയില്ലെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് വീട് തകർക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ ബലാത്സംഗ കേസിലെ പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതാപ്ഘട്ട് റെയിൽവേ സ്റ്റേഷന് സമീപം യുവതിയെ ശൗചാലയത്തിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പിടികൂടാനായാണ് പൊലീസ് ബുൾഡോസറുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽപോവുകയായിരുന്നു. ഇയാൾക്കായി പ്രതാപ്ഘട്ട്, പ്രയാഗ് രാജ്, അമേഠി ജില്ലകളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. ഇതോടെയാണ് ഞായറാഴ്ച രാത്രി പ്രതിയുടെ വീടിന് മുന്നിലേക്ക് ബുൾഡോസറുമായി പൊലീസെത്തിയത്.
വീടിന് മുന്നിൽ ബുൾഡോസർ പാർക്ക് ചെയ്ത പൊലീസ്, തിങ്കളാഴ്ച രാവിലെ തന്നെ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്ന് അന്ത്യശാസനം നൽകി. കീഴടങ്ങിയില്ലെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് വീട് തകർക്കുമെന്നും പറഞ്ഞു. ഇതിനുപിന്നാലെ പ്രതി മറ്റൊരിടത്തുവെച്ച് പൊലീസിന് കീഴടങ്ങിയെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിലെ ക്രിമിനലുകളുടെ വസ്തുവകകളും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർത്തത് ശ്രദ്ധനേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനും ബിജെപിക്കും തുടർവിജയം നേടാൻ ഇത് വലിയ പങ്കുവഹിക്കുകയും ചെയ്തു. അനധികൃത നിർമ്മാണങ്ങളും ക്രിമിനൽ കേസ് പ്രതികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും പൊളിച്ചുനീക്കിയതോടെ ബുൾഡോസർ ബാബ എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ചിരുന്നത്. ഭരണത്തുടർച്ചയിലൂടെ വീണ്ടും അധികാരത്തിലെത്തിയതോടെ നിയമ പരിപാലനത്തിൽ കൂടുതൽ ജാഗ്രതയോടെയുള്ള ഇടപെടലുകളാണ് യോഗി സർക്കാർ നടപ്പാക്കുന്നത്.
ഭർത്താവിനൊപ്പം പ്രതാപ്ഘട്ട് റെയിൽവേ സ്റ്റേഷനിലെത്തിയ ഇരുപത് വയസ്സുകാരിയാണ് സ്റ്റേഷന് പുറത്തെ ശൗചാലയത്തിൽ അതിക്രമത്തിനിരയായത്. ഭർത്താവിനൊപ്പം അഹമ്മദാബാദിലേക്ക് പോകാനായാണ് യുവതി റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇതിനിടെ ഭക്ഷണം വാങ്ങാനായി ഭർത്താവ് സ്റ്റേഷന് പുറത്തേക്ക് പോയി. പിന്നാലെ യുവതി സ്റ്റേഷനിലെ ശൗചാലയ കെട്ടിടത്തിലേക്കും പോയി. യാത്രക്കാരുടെ തിരക്കായതിനാൽ സ്റ്റേഷനിലെ ശൗചാലയം ഉപയോഗിക്കാനായില്ല. തുടർന്ന് സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് ഭർത്താവിനെ കാത്തിരുന്നു. ഇതിനിടെയാണ് പ്രതി യുവതിയെ സമീപിച്ചത്.
എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചാണ് പ്രതി യുവതിയുടെ അടുത്തെത്തിയത്. ശൗചാലയത്തിൽ പോകണമെന്നും അതിനുള്ള സൗകര്യം സമീപത്തുണ്ടോ എന്നും യുവതി തിരക്കി. ഇതോടെ പ്രതി ശൗചാലയ സൗകര്യം നൽകാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
റെയിൽവേ സ്റ്റേഷന് പുറത്തുള്ള ഒരു ശൗചാലയത്തിലേക്കാണ് പ്രതി യുവതിയെ കൊണ്ടുപോയത്. വാതിൽ പൂട്ടിയിട്ടിരുന്നതിനാൽ തുറക്കാനുള്ള താക്കോലും നൽകി. എന്നാൽ യുവതി പൂട്ട് തുറന്ന് ശൗചാലയത്തിൽ പ്രവേശിച്ചതിന് പിന്നാലെ പ്രതി അതിക്രമിച്ച് കയറുകയും വാതിൽ അകത്തുനിന്ന് പൂട്ടി യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ചില നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. ഇതിനിടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
ഫത്തേഹ്പുർ പൊലീസും ബുൾഡോസർ ഉപയോഗിച്ച് മോഷണമുതൽ വീണ്ടെടുത്ത സംഭവവും ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രിമിനൽ സംഘം മോഷ്ടിച്ച ഇരുമ്പ് കമ്പികളും ട്രെയിലറുമാണ് മോഷ്ടാക്കളുടെ ഗോഡൗണിന്റെ മതിൽ തകർത്ത് പൊലീസ് വീണ്ടെടുത്തത്. കൊള്ളയടിച്ച വസ്തുക്കൾ സൂക്ഷിക്കാനും ഒളിവിൽ കഴിയാനുമായി മോഷ്ടാക്കൾ ഉപയോഗിച്ചിരുന്ന ഗോഡൗണും ബുൾഡോസർ ഉപയോഗിച്ച് തകർത്തു.
നാലംഗസംഘമാണ് ഡ്രൈവർക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം ട്രെയിലറുമായി കടന്നുകളഞ്ഞത്. വാഹനത്തിൽ ഏകദേശം 35 ലക്ഷം രൂപയുടെ ഇരുമ്പ് കമ്പികളാണുണ്ടായിരുന്നത്. സംഭവത്തിൽ ഹരിയാണ സ്വദേശിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ബിഹാർ സ്വദേശിയായ നിഹാൽ എന്നയാളെ പിടികൂടുകയും ചെയ്തു.
ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് പ്രതികളുടെ ഗോഡൗണിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മോഷ്ടിച്ച ട്രെയിലറും കമ്പികളും ഇവിടെയുണ്ടെന്നും സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് സംഘം ബുൾഡോസറുമായി സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
ന്യൂസ് ഡെസ്ക്