ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു. പദവിയേറ്റെടുത്തു നാലു മാസമാകുമ്പോഴാണ് അപ്രതീക്ഷിത രാജി. ഗവർണർ ബേബി റാണി മൗര്യയ്ക്കു രാജിക്കത്ത് കൈമാറി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും തീരഥ് സിങ് രാജിക്കത്ത് കൈമാറിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പുതിയ നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ ബിജെപി എംഎൽഎമാരുടെ യോഗം ഇന്ന് നടക്കും


ലോക്‌സഭാംഗമായ തീരഥ് സിങ്, ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിൻഗാമിയായി മാർച്ചിലാണു മുഖ്യമന്ത്രിയായത്. ബിജെപി ദേശീയ സെക്രട്ടറിയായ തീരഥ് സിങ് ഗഡ്വാൾ മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്. ഉത്തരാഖണ്ഡിലെ ആദ്യ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. വിഭാഗീയതയിലോ വിവാദത്തിലോ ഉൾപ്പെടാത്തയാൾ എന്നതാണു തീരഥ് സിങ്ങിന് അന്നു നറുക്കുവീഴാൻ കാരണമെന്നു പാർട്ടിവൃത്തങ്ങൾ പറഞ്ഞു.