- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; 31 മൃതദേഹം കണ്ടെത്തി; കാണാതായ 175 പേർക്കായി തിരച്ചിൽ; ടണലിനുള്ളിൽ കുടുങ്ങിയവർക്കായി രക്ഷാ ദൗത്യം തുടരുന്നു; ഇരുമ്പുപൈപ്പിൽ തുങ്ങി ജീവൻ മുറുകെപ്പിടിച്ച് തൊഴിലാളികൾ; രക്ഷാപ്രവർത്തകരുടെ സഹായത്തോടെ പുറത്തേക്ക്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. തപോവൻ ജലവൈദ്യുതനിലത്തിന്റെ ടണലിനുള്ളിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മുപ്പതിൽ അധികമാളുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
അതിനിടെ അഞ്ചു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. ഏകദേശം 175 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാണാതായവരിൽ 150 പേർ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്നവരാണ്. ബാക്കിയുള്ളവർ നാട്ടുകാരും.
മറ്റൊരു തുരങ്കത്തിൽ 121 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നുവെന്നാണു വിവരം. വെള്ളവും ചെളിയും പാറക്കഷ്ണങ്ങളും നിറഞ്ഞിരിക്കുന്നതിനാൽ തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത് ദുഷ്‌കരമായിരുന്നു. കരസേന, നാവിക കമാൻഡോ സംഘം, ഐടിബിപി, ദുരന്ത നിവാരണസേന എന്നിവയുടെ സംയുക്തമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പർവതമായ നന്ദാദേവിയിലെ പർവ്വതശിഖരത്തിൽ ഒരുഭാഗമാണ് ഞായറാഴ്ച പൊടുന്നനെ തകർന്ന് വെള്ളവും പാറയും പൊടിയുമടക്കം ഋഷിഗംഗാ നദിയിലേക്ക് പതിച്ചത്. ഇവിടെ ഡാമിന്റെ ജോലിയിൽ ഏർപ്പെട്ടിരുന്നവർ മിന്നൽ പ്രളയത്തിൽ അകപ്പെട്ടു. കുതിച്ചുവന്ന വെള്ളത്തിൽ രണ്ട് പ്രധാന ഡാമുകളും പാലങ്ങളും നിരവധി വീടുകളും തകർന്നു. 13 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
206 പേരെയാണ് കാണാതായതായി തിങ്കളാഴ്ച രാത്രി വരെ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതിൽ ഏറെയും ഡാമിലെ ജോലിക്കാരാണ്. 175 പേരെ കുറിച്ച് ഇനിയും യാതൊരു വിവരമവുമില്ല. എൻടിപിസിയുടെ പ്രൊജക്റ്റ് നടക്കുന്നയിടത്തെ 1.7 കിലോമീറ്റർ നീളമുള്ള ടണലിൽ 35 പേർ കുടുങ്ങിക്കിടപ്പുണ്ട്. ഇവിടെ ജീവനോടെ ആളുകളെ ലഭിക്കും എന്നാണ് രക്ഷാവിഭാഗത്തിന്റെ പ്രതീക്ഷ.
കാണാതായ ഡാംജോലിക്കാരിൽ ഏറെപേരും ഉത്തർപ്രദേശിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഉള്ളവരാണ്. തൊഴിലാളികൾക്കൊപ്പം 12 ഗ്രാമവാസികളെയും രണ്ട് പൊലീസുകാരെയും കാണാതായിട്ടുണ്ട്.പരുക്കേറ്റവരെ സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അപകടസ്ഥലങ്ങൾ സന്ദർശിച്ചു. ഒറ്റപ്പെട്ടുപോയ 2500 പേർക്ക് ആഹാരപൊതികൾ സർക്കാർ വിതരണം ചെയ്യുന്നുണ്ട്.
ടണലിലെ ഇരുമ്പുപൈപ്പുകളിൽ തൂങ്ങി,
ജീവൻ മുറുകെപ്പിടിച്ച് തൊഴിലാളികൾ
ടണലിനുള്ളിൽ കുടുങ്ങിപ്പോയ തൊഴിലാളികൾ അതിസാഹസികമായാണ് രക്ഷപ്പെട്ടത്. അപകടമുണ്ടായ ഞായറാഴ്ച പ്രദേശത്തെ ജലവൈദ്യുത കോംപ്ലക്സിലേക്ക് മലവെള്ളം ഇരച്ചു കയറിയിരുന്നു. അവിടെയുള്ള ജീവനക്കാരായിരുന്ന കുമാറും സഹപ്രവർത്തകനും ആ സമയം നൂറടി താഴ്ചയിൽ ടണലിനുള്ളിലായിരുന്നു.
'ഞങ്ങൾക്കിത് സാധിക്കുമെന്ന് ഒരിക്കലും കരുതിയതല്ല', 28കാരനായ കുമാർ ആശുപത്രിക്കട്ടിലിൽ ഇരുന്ന് പറഞ്ഞു.
'വല്ലാത്തൊരു ചൂളം വിളിയാണ് ആ സമയം കേട്ടത്. നിലവിളിയും ഉയർന്നു. ആളുകൾ ഞങ്ങളോട് പുറത്തേക്കിറങ്ങാൻ പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. തീപ്പിടിത്തമായിരിക്കുമെന്നാണ് ഞങ്ങളാദ്യം കരുതിയത്. പുറത്തേക്കോടാനൊരുമ്പെടുമ്പോഴേക്കും വെള്ളം ഉള്ളിലേക്കെത്തി. ഒരു ഹോളിവുഡ് സിനിമ പോലെയുണ്ടായിരുന്നു', കുമാർ ആദ്യനിമിഷങ്ങളിലുണ്ടായ സംഭവങ്ങൾ വിവരിച്ചു.
നാല് മണിക്കൂറോളമാണ് ടണലിനുള്ളിലെ തൂണിൽ ഈ മനുഷ്യർ പറ്റിപ്പിടിച്ചു നിന്നത്. വെള്ളത്തിനും അതൊഴുക്കിക്കൊണ്ടുവന്ന ചെളിക്കും മുകളിലായി തലയുയർത്തി വെക്കാൻ മണിക്കൂറുകളോളമാണ് ആ അവസ്ഥയിൽ തൂണിൽ അവർ തൂങ്ങിപ്പിടിച്ചത്.
'എന്തൊക്കെ സംഭവിച്ചാലും തൂണിൽ നിന്നു പിടിവിടരുതെന്ന് ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചു. തൂണിൽ നിന്ന് ആ സമയമത്രയും കൈവഴുതാതെ പിടിച്ചു നിൽക്കാൻ പറ്റിയതിന് ദൈവത്തോട് നന്ദി പറയുന്നു. പിന്നീട് പയ്യെ ടണലിനുള്ളിലെ വെള്ളം അടങ്ങി. കല്ലും മണലും ചെളിയും നിറഞ്ഞ പ്രദേശത്തൂടെ വെളിച്ചം ലക്ഷ്യമാക്കി ഞങ്ങൾ അള്ളിപ്പിടിച്ചു നടന്നു. പിന്നീട് പുറത്തേക്കുള്ള വഴി കണ്ടു', കുമാർ പറഞ്ഞു.
'കുറച്ചു ശുദ്ധവായു കിട്ടിത്തുടങ്ങിയപ്പോഴാണ് ഞങ്ങൾക്കാശ്വാസമായത്', കുമാർ കൂട്ടിച്ചേർത്തു.
കൂട്ടത്തിലൊരാളുടെ ഫോണിൽ സിഗ്‌നൽ ലഭിച്ചതോടെ അവർ സഹായത്തിനായി വിളിക്കുകയായിരുന്നു. ഒരു ചെറിയ തുളയിൽക്കൂടിയാണ് കുമാറിനെയും സുഹൃത്തിനെയും രക്ഷാപ്രവർത്തകർ പുറത്തേക്കെടുക്കുന്നത് . ആ സമയം ആ മനുഷ്യൻ വായുവിലേക്ക് ഉയർന്ന തുള്ളിച്ചാടി. ആരൊക്കെയോ ആ നിമിഷം തങ്ങളുടെ മൊബൈലിൽ പകർത്തി. അങ്ങനെയാണ് ആ ദൃശ്യങ്ങൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നത്.
ന്യൂസ് ഡെസ്ക്