- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരാഖണ്ഡ് ദുരന്തം; 202 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് റിപ്പോർട്ട്; 19 മരണം സ്ഥിരീകരിച്ചു; രക്ഷാദൗത്യം തുടരുന്നു; തണുപ്പും ചെളിയടക്കമുള്ള അവശിഷ്ടങ്ങൾ കുമിഞ്ഞുകൂടിയതും വെല്ലുവിളി; രക്ഷാപ്രവർത്തനം വിലയിരുത്തി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്
ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല അടർന്നു വീണ് പ്രളയം ദുരന്തം വിതച്ച മേഖലയിൽ രക്ഷാദൗത്യം തുടരുന്നു. 19 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. കാണാതായ 202 പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. തപോവൻ ടണലിൽ 121 പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. 32 പേരെ ഇതുവരെ രക്ഷപ്പെടുത്തി.
തണുപ്പും ചെളിയടക്കമുള്ള അവശിഷ്ടങ്ങൾ കുമിഞ്ഞുകൂടിയതും രക്ഷാപ്രവർത്തനത്തിനു തടസ്സമാകുന്നുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകളും ഇന്തോടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), കരസേനയുടെ എൻജിനീയറിങ് ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയവരാണു രക്ഷാപ്രവർത്തനം നടത്തുന്നത്.
കാണാതായവരിൽ മുപ്പതോളം പേർ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണെന്ന് ലഖിംപുർ ഖേരി ഡിജിപി അശോക് കുമാർ പറഞ്ഞു.
ചമോലിയിലെ ജോഷിമഠിൽ നന്ദാദേവി ഗ്ലേസിയർ തകർന്നു വീണ് ദുരന്തമുണ്ടായത്. ചമോലി ജില്ലയിൽ ഞായറാഴ്ച രാവിലെ 10.45-നാണ് മഞ്ഞുമല അടർന്നുവീണ് അപകടമുണ്ടായത്. മഞ്ഞുമല അടർന്നുവീണതിനെ തുടർന്ന് ധൗലി ഗംഗ, അളകനന്ദ നദികളിൽ വൻ പ്രളയമുണ്ടായി.
പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഋഷിഗംഗ വൈദ്യുതി പദ്ധതിയും തപോവന് അടുത്തുണ്ടായിരുന്ന എൻ.ടി.പി.സി. വൈദ്യുതിനിലയവും പൂർണമായും തകർന്നു. രണ്ടിടത്തുമായി ജോലി ചെയ്തിരുന്നവരെയാണ് വെള്ളപ്പാച്ചിലിൽ കാണാതായത്. തലസ്ഥാനമായ ദെഹ്റാദൂണിൽനിന്ന് ഏതാണ്ട് 149 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന പ്രദേശം.
എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കും സാരമായ കേടുപാടുണ്ട്. എൻടിപിസിയിലെ 148 പേരും ഋഷിഗംഗയിലെ 22 പേരും ഉൾപ്പെടെയുള്ളവരെയാണു കാണാതായത്. ഇവിടെ തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഐടിബിപി രക്ഷിച്ചു.
'ഞങ്ങളുടെ ടീം പുലർച്ചെ മൂന്നിനെത്തി ദൗത്യം ആരംഭിച്ചു. അത്യാധുനിക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ദുഷ്‌കരമായ പ്രദേശമെന്നതും തണുപ്പേറുന്നതും വെല്ലുവിളിയാണ്. എങ്കിലും ഏറ്റവും മികച്ച പ്രവർത്തനമാണു സംഘാംഗങ്ങൾ നിർവഹിക്കുന്നത്' എൻഡിആർഎഫ് കമാൻഡന്റ് പ്രവീൺ കുമാർ തിവാരി പറഞ്ഞു. തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് പൂർണമായും ഒലിച്ചുപോയതായി വ്യോമസേനയുടെ പ്രാഥമിക സർവേ വ്യക്തമാക്കുന്നു.
#WATCH | Uttarakhand: State Disaster Management Force (SDRF) carries out rescue operation at the flash flood site in Chamoli. pic.twitter.com/1X0oqeArkK
- ANI (@ANI) February 8, 2021
13 ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന പാലങ്ങൾ ഒഴുക്കിൽപ്പെട്ടു തകർന്നു. ഗ്രാമങ്ങളിൽ വായുമാർഗം ഭക്ഷണപ്പൊതികൾ എത്തിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ചമോലി ജില്ലയിലെ അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി. അപകടത്തിനു പിന്നാലെ ധൗളിഗംഗയിൽ ജലനിരപ്പ് 3 മീറ്ററോളം ഉയർന്നു. ഗ്രാമവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. സമീപപ്രദേശങ്ങളിൽ അണക്കെട്ടുകളിൽനിന്നു വെള്ളം തുറന്നുവിട്ടാണു നദികളിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്.
A joint team of ITBP, Army, SDRF and NDRF has entered the Tapovan tunnel in Chamoli for recce: ITBP. #Uttarakhand pic.twitter.com/svqYtsbvob
- ANI (@ANI) February 8, 2021
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിനായി 20 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അപകടമുണ്ടാവാനിടയായ സാഹചര്യം സമഗ്രമായി വിശകലനം ചെയ്യുകയാണെന്നും ഭാവി അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് പറഞ്ഞു.