ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പുഷ്‌കർ സിങ് ധാമി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞ.

ഇത് രണ്ടാം തവണയാണ് ധാമി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. സംസ്ഥാനത്ത് തുടർഭരണം നേടിയ ബിജെപി സ്വന്തം മണ്ഡലമായ ഖാട്ടിമയിൽ തോൽവി വഴങ്ങിയ ധാമിയെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.

പുഷ്‌കർ സിങ് ധാമി മന്ത്രിസഭയിലെ എട്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്പാൽ മഹാരാജ്, സുബോദ് ഉനിയൽ, ധൻ സിങ് റാവത്ത്, രേഖാ ആര്യ, ഗണേശ് ജോഷി, ചന്ദൻ റാം ദാസ്, സൗരഭ് ബഹുഗുൺ, പ്രേംചന്ദ് അഗർവാൾ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

സത്യപാൽ മഹാരാജ്, സുബോധ് ഉനിയൽ, ധൻ സിങ് റാവത്ത്, രേഖ ആര്യ, ഗണേശ് ജോഷി തുടങ്ങിയവർ ഒന്നാം ധാമി സർക്കാരിലും മന്ത്രിമാരായിരുന്നു. പുതുമുഖങ്ങളായ ചന്ദൻ റാം ദാസ്, സൗരഭ് ബഹുഗുണ, പ്രേംചന്ദ് അഗർവാൾ എന്നിവരും കാബിനറ്റിൽ ഇടം പിടിച്ചു.

പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും പുറമേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ നിയുക്ത മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മുതിർന്ന ബിജെപി വനിതാ നേതാവ് മീനാക്ഷി ലേഖി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഖാട്ടിമ നിയോജക മണ്ഡലത്തിൽ നിന്നും ധാമി തോറ്റിരുന്നു. എന്നാൽ പാർട്ടിയുടെ വിജയത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് വീണ്ടും മുഖ്യമന്ത്രി സ്ഥാനം നൽകുന്നത്. തപ്കേശ്വർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്കു വേണ്ടി സ്വന്തം സീറ്റു ത്യജിക്കാൻ 6 എംഎൽഎമാർ തയാറായിരുന്നു. ധാമിക്ക് ഒരവസരം കൂടി കൊടുക്കണമെന്ന് ഇവർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഭുവൻചന്ദ്ര കപ്ഡിയോടു 6,579 വോട്ടിനായിരുന്നു ധാമിയുടെ പരാജയം.

എന്നാൽ സത്പാൽ മഹാരാജ്, അനിൽ ബലൂണി എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയെങ്കിലും നേതൃത്വം തള്ളി. തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 47 സീറ്റുകളാണ് ബിജെപി നേടിയത്. ഇതോടെ 21 വർഷത്തെ ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ തുടർച്ചയായി അധികാരത്തിൽ എത്തുന്ന ആദ്യ പാർട്ടിയായി ബിജെപി മാറി.