ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ തപോവനിലെ ടണലിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം താൽക്കാലികമായി നിർത്തി വച്ചു. ദൗലി ഗംഗയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണിത്. 25 മുതൽ 35 പേർ വരെയാണ് ടണലിൽ നാല് ദിവസമായി മഞ്ഞുപാളി സ്‌ഫോടനത്തെ തുടർന്ന് കുടുങ്ങിയത്.

ടണലിൽ മെഷീനുകൾ ഉപയോഗിച്ച് ഡ്രില്ലിങ് നടത്തിക്കൊണ്ടിരുന്ന രക്ഷാപ്രവർത്തകർ വെള്ളം ഉയർന്നതോടെ പിന്മാറി. മലമുകളിൽ ഉരുൾപൊട്ടിയതായി സൂചനകൾ വന്നതോടായാണ് തപോവൻ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചത്.

ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനും ശ്രമം ആരംഭിച്ചു.പ്രദേശത്ത് കാലാവസ്ഥ പ്രതികൂലമാകുകയും നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് പിന്മാറാൻ നിർദ്ദേശം നൽകുകയായിരുന്നു. സൈറൻ മുഴക്കി ഗ്രാമവാസികളെ സൈന്യം ഒഴിപ്പിക്കുകയാണ്.

ചമോലി ജില്ലയിൽ ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 200ൽ അധികം പേരെയാണ് കാണാതായത്. പ്രദേശത്തെ ഒരു വൈദ്യുത നിലയവും അഞ്ച് പാലങ്ങളും ഒഴുകിപോയിരുന്നു. മറ്റൊരു വൈദ്യുതനിലയം ഭാഗികമായി തകർന്നു. 32 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 45 കിലോമീറ്ററിൽ അധികം പ്രദേശത്ത് നാശനഷ്ടമുണ്ടായി.തപോവനിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ ഏകദേശം 30ഓളം തൊഴിലാളികൾ കുടുങ്ങികിടക്കുന്നതായാണ് വിവരം. മൂന്നുദിവസമായി ഇവിടെ രക്ഷപ്രവർത്തനം തുടരുകയാണ്. ഇംഗ്ലീഷ് അക്ഷരത്തിലെ യു ആകൃതയിലുള്ള ടണലിൽ ചെളി നിറഞ്ഞതിനെ തുടർന്ന് രക്ഷാപ്രവർത്തനം മന്ദഗതിയിലായിരുന്നു