- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രവാദി ഉവൈസ് മുസല്യാർക്കും കൂട്ടുനിന്ന ബന്ധുക്കൾക്കുമെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണം നടത്തണം; വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ
കണ്ണൂർ: കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചു നടന്ന മന്ത്രവാദ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ആത്മീയ ചൂഷണത്തിനെതിരെ സിറ്റിയിൽബഹുജന സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അഞ്ച് കൊലപാതകങ്ങൾക്ക് കാരണമായിത്തീർന്ന കണ്ണൂർ സിറ്റിയിലെ നാലുവയൽ, കൊടപ്പറമ്പ് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഉവൈസ് മുസ്ലിയാർ എന്ന മന്ത്രവാദിയുടെ നേതൃത്വത്തിൽ ആത്മീയ ചൂഷണവും തട്ടിപ്പുമാണ് നടന്നു വരുന്നത്.
ഏറ്റവുമൊടുവിൽ പതിനൊന്ന് വയസ്സുകാരിയായ ഫാത്വിമയുടെ കൊല പാതകത്തിന് കാരണമായ ജപിച്ച് ഊതൽ ചികിത്സ നടത്തിയ ഉവൈസ് മുസ്ല്യാർക്കെതിരേ കൊല പാതകത്തിന് കേസെടുക്കണം. രോഗം വന്നാൽ ചികിൽസിക്കണമെന്ന പ്രവാചകൻ പഠിപ്പിച്ച വ്യ ക്തമായ അദ്ധ്യാപനങ്ങൾ തള്ളിക്കളയുന്ന പുരോഹിതന്മാർ മതത്തിനുള്ളിലെ പുഴുക്കുത്തുകളാണ്. മന്ത്രവാദിയെ ഒറ്റപ്പെടുത്താൻ പ്രദേശവാസികൾ ഒറ്റക്കെട്ടായി രംഗത്ത് വന്നതും മരണപ്പെട്ട കുടുംബത്തിൽ നിന്നും മഹല്ലിൽ നിന്നും തന്നെ മന്ത്രവാദിയായ പുരോഹിതനെതിരെ നിയമനടപടി വേണ്ടിയുള്ള പ്രതികരണം ഉയർന്നതും ആശാവഹമാണ്.
അസ്വാഭാവിക മരണത്തിന് സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോയി പ്രതിക്ക് അർഹമായ ശിക്ഷ നൽകണം. കുട്ടിക്ക് ചികിത്സ നിഷേധിച്ച് മന്ത്രവാദി ഉവൈസ് മുസല്യാർക്കും കൂട്ടുനിന്ന ബന്ധുക്കൾക്കുമെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണം നടത്തണം. കാരണം ചികിത്സ നിഷേധിക്കുക എന്നത് മനുഷ്യാവകാശ ലംഘനമാണ്. മൂന്നു ദിവസം പനിയും തുടർന്ന് ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും കുട്ടിക്ക് ചികിത്സ നൽകിയില്ല തുടർന്ന് അനക്കമില്ലാതായപ്പോൾ മാത്രമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത് . ഈ സമയത്ത് എന്തുകൊണ്ട് മന്ത്രവാദിയായ ഉവൈസ് മുസ്ല്യാരെ സമീപിച്ചില്ല. - ഭാരവാഹികൾ ചോദിച്ചു.
സിറ്റി കുഞ്ഞിപ്പള്ളി ഇമാമായ ഉവൈസ് മുസല്യാർ ഇസ് ലാമിക വിരുദ്ധ ചികിത്സയാണ് നടത്തുന്നത്. രോഗിക്ക് ആവശ്യമായ ചികിത്സ നൽകണമെന്നാണ് ഇസ് ലാം ഉദ്ബോധിപ്പിക്കുന്നത്. ഇതിന് വിരുദ്ധമായ നിലപാടാണ് ഇത്തരം ചികിത്സകർ കൈക്കൊള്ളുന്നത്. രോഗം വന്ന് ആശുപത്രിയിൽ ചികിത്സ തേടിയാൽ നരകത്തിൽ പോകുമെന്ന് ഭയപ്പെടുത്തിയാണ് ചികിത്സ നടത്തുന്നത്. സാധാരണക്കാർക്ക് ഇസ് ലാമിക പ്രമാണങ്ങൾ പഠിക്കാനുള്ള അവസരമില്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. അതിനാൽ, ബോധവത്ക്കരണമാണ് ആദ്യമായി നടക്കേണ്ടത്. അതിനാൽ ബോധവൽക്കരണ പരിപാടികൾക്ക് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഇന്ന് തയ്യിൽ ഇസ്ലാഹി സെന്ററിൽ വനിതാ സംഗമം നടക്കും . വിസ്ഡം യൂത്ത്, സ്റ്റുഡന്റസ് ഘടകങ്ങളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും സന്ദേശരേഖാ വിതരണവും സംഘടിപ്പിക്കും . നാളെ (വെള്ളി ) കണ്ണൂർ സിറ്റി മുസ്ലിം ജമാഅത്ത് ഹാളിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമം പ്രമുഖ പണ്ഡിതനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റുമായ എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും . കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയാവും. കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ സംബന്ധിക്കും.
ആത്മീയ ചൂഷണങ്ങൾക്കെതിരെ പ്രമുഖ പണ്ഡിതന്മാർ പ്രഭാഷണം നടത്തും. വിവിധ കക്ഷി നേതാക്കൾ സംഗമത്തെ അഭിസംബോധന ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു. സംഘാടക സമിതി ചെയർമാൻ സി.പി.സലീം, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്ലാ ഫാസിൽ കെ, വൈസ് ചെയർമാൻ അബ്ദുറഊഫ് കൂടാളി, ട്രഷറർ സിറാജുദ്ദീൻ.പി, കൺവീനർ സാബിർ എംപി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.