- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 സീറ്റുകൾ നൽകി ഹൈറേഞ്ച് സംരക്ഷണ സമിതിയെ കൂട്ടുപിടിച്ച എൽഡിഎഫിനെ ഇടുക്കി ഇക്കുറി തുണക്കുമോ? അച്ചടക്ക നടപടിയെ ഭയക്കാതെ കോൺഗ്രസിനെ തീർക്കാൻ ഒരുങ്ങി മലപ്പുറത്തെ ലീഗുകാർ; കോട്ടയത്ത് മാണിയുടെ ചരട് വലികളും കോൺഗ്രസിന് എതിര്; അനായാസ വിജയ സ്വപ്നം ഉപേക്ഷിച്ച് യുഡിഎഫ് നേതാക്കൾ
തിരുവനന്തപുരം: അരുവിക്കര, നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പുകളും പാർലമെന്റ് തെരഞ്ഞെടുപ്പും പോലെയാകില്ല കാര്യങ്ങളെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തദ്ദേശത്തിൽ ജയിക്കാൻ ഏറെ പണിപ്പെടേണ്ടി വരുമെന്ന് യുഡിഎഫിനെ നയിക്കുന്ന പാർട്ടി തിരിച്ചറിഞ്ഞു കഴിഞ്ഞു. മലപ്പുറത്തും കോട്ടയത്തും ഇടുക്കിയിലും അനായാസ ജയമാണ് കോൺഗ്രസ് ലക്ഷ്
തിരുവനന്തപുരം: അരുവിക്കര, നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പുകളും പാർലമെന്റ് തെരഞ്ഞെടുപ്പും പോലെയാകില്ല കാര്യങ്ങളെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തദ്ദേശത്തിൽ ജയിക്കാൻ ഏറെ പണിപ്പെടേണ്ടി വരുമെന്ന് യുഡിഎഫിനെ നയിക്കുന്ന പാർട്ടി തിരിച്ചറിഞ്ഞു കഴിഞ്ഞു. മലപ്പുറത്തും കോട്ടയത്തും ഇടുക്കിയിലും അനായാസ ജയമാണ് കോൺഗ്രസ് ലക്ഷ്യമിട്ടത്. എന്നാൽ ഈ മൂന്ന് ജില്ലകളിലും മുന്നണിക്കുള്ളിലെ പോര് രൂക്ഷമാണ്. മുസ്ലിംലീഗും കേരളാ കോൺഗ്രസ് മാണിയും കോൺഗ്രസിനെ വെല്ലുവിളിച്ച് മുമ്പിൽ നിൽക്കുമ്പോൾ ഈസി വാക്കോവർ ലഭിക്കില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മലപ്പുറത്ത് മുസ്ലിം ലീഗുമായുള്ള സൗഹൃദ മത്സരമാണ് വിനയാകുന്നത്. കോട്ടയത്ത് കേരളാ കോൺഗ്രസിന്റെ പിടിവാശിയും. ഇടുക്കിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ഇടതു പക്ഷത്ത് ചുവടുറപ്പിച്ചതും കോൺഗ്രസിന്റേയും യുഡിഎഫിന്റേയും സാധ്യതകളെ ബാധിച്ചിട്ടുണ്ട്. ഈ യാഥാർത്ഥ്യങ്ങലെ മറികടക്കുക ഏളുപ്പമല്ലെന്ന് തന്നെയാണ് കോൺഗ്രസിലെ ഉന്നത നേതാക്കളുടെ വിലയിരുത്തൽ.
ഇടുക്കിയിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്ഥിതി മറിച്ചായിരുന്നില്ല. മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളുടെ പേരിൽ യുഡിഎഫിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി രംഗത്തു വന്നു. ഇടത് സ്വതന്ത്രനായി ജോയ്‌സ് ജോർജ് ജയിച്ചു കയറി. ഈ പരീക്ഷണം തദ്ദേശത്തിലും തുടരുകയാണ്. ഈ പുതിയ രാഷ്ട്രീയ കൂട്ടുക്കെട്ടിന്റെ വിജയത്തിന് പിന്നാലെയാണ് ഇപ്പോൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എത്തിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലും ജില്ലയിൽ 100 ലധികം സീറ്റ് നൽകി ഇടതുപക്ഷം ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് അർഹമായ പ്രാധാന്യം നൽകി. ഇതിനൊപ്പം യു.ഡി.എഫ് അനുകൂല ജില്ലയായ ഇടുക്കിയിൽ കഴിഞ്ഞ തവണത്തെ മൃഗീയ വിജയം ആവർത്തിക്കാനിരുന്ന യു.ഡി.എഫിന് സീറ്റു വിഭജനത്തിലെ തർക്കവും വിമതരും സൗഹൃദ മത്സരവുമാണ് കല്ലുകടിയായത്. 2010 ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൃഗീയ വിജയമാണ് യു.ഡി.എഫ് ജില്ലയിൽ കൈവരിച്ചത്. ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് തൂത്തുവാരി. 53 പഞ്ചായത്തുകളിൽ 43 എണ്ണത്തിലും ഭരണം പിടിച്ചു. എട്ടു ബ്ലോക്ക് പഞ്ചായത്തുകളും സ്വന്തമാക്കി. ആ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ജോസഫ് വിഭാഗം മാണി ഗ്രൂപ്പിൽ ലയിച്ച് യു.ഡി.എഫിനൊപ്പം ചേർന്നത്. ഇതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. എന്നാൽ ഇന്ന് പിജെ ജോസഫും കോൺഗ്രസും രണ്ട് തട്ടിലാണ്. ജോസഫിന്റെ സ്വന്തം സ്ഥലത്ത് പോലും സൗഹൃദ മത്സരമാണ്. ഇതിനൊപ്പമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ വെല്ലുവിളി.
കോൺഗ്രസിനുള്ളിൽ വിമത ശല്യവും രൂക്ഷമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന മൂന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ്മാരടക്കം 15 പേരെയാണ് ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുള്ളത്. കൊന്നത്തടി പഞ്ചായത്ത് മുൻ പ്രസിഡന്റ് മേഴ്‌സി ജോസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ജോയി, വെള്ളിയാമറ്റം മുൻ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ രാജൻ എന്നിവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. യു.ഡി.എഫിന്റെ സീറ്റു വിഭജനത്തിൽ ജില്ലയിൽ പലയിടത്തും ഭിന്നത പ്രകടമായിരുന്നു. മന്ത്രി പി.ജെ ജോസഫിന്റെ പഞ്ചായത്തായ പുറപ്പുഴ, ആലക്കോട് പഞ്ചായത്തുകളിൽ കേരള കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. കൂടാതെ തൊടുപുഴയിലും, പ്രഥമ നഗരസഭയായ കട്ടപ്പനയിലും വിമതശല്യമുണ്ട്. തൊടുപുഴ നഗരസഭയിൽ നാല് സീറ്റാണ് ഇപ്പോൾ ബിജെപിക്കുള്ളത്. ഇത് ഏഴ് മുതൽ 9 വരെയായി വർധിക്കുമെന്നാണ് ബിജെപി കണക്കൂകൂട്ടുന്നു. തോട്ടം തൊഴിലാളി സമരം ശക്തമായ മൂന്നാർ മേഖലയിൽ 39 സ്ഥാനാർത്ഥികളുമായി പെമ്പിളൈ ഒരുമയും തെരഞ്ഞെടുപ്പിൽ സജീവമാണ്. ഇതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും.
തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ടാൽ പാണക്കാട്ടും ലീഗിന് വിമതനുണ്ടാവും. ഇതാണ് മലപ്പുറത്തെ അവസ്ഥ. പോരാത്തതിന് സൗഹൃദ മത്സരങ്ങളും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ, ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ലീഗിന്റെ അനിഷേധ്യ നേതാവായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ കൊടപ്പനക്കൽ തറവാട് . ഇതിന്റെയെല്ലാം പ്രതാപം പേറുന്ന പാണക്കാട്ടെ വാർഡിലാണ് ലീഗ് വിമതൻ ശക്തമായ പ്രചാരണങ്ങളുമായി ഉറച്ചു നിൽക്കുന്നത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വേങ്ങര മണ്ഡലത്തിലെ വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളിൽ കോൺഗ്രസും ലീഗും തമ്മിൽ പോര് രൂക്ഷമാണ്. ലീഗിനെതിരെ വേങ്ങരയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടതുപാർട്ടികളേയും ചെറുകക്ഷികളേയും ചേർത്ത് സാമ്പാർ മുന്നണി ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രി എ.പി അനിൽകുമാറിന്റെ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ ഇരുപാർട്ടികളും തനിച്ചാണ് മത്സരിക്കുന്നത്. കാളികാവ് പഞ്ചായത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്യധാരണയിലാണ്. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലും കോൺഗ്രസും സിപിഎമ്മും ഒന്നിച്ചാണ് മത്സരിക്കുക. പരപ്പനങ്ങാടിയിൽ കോൺഗ്രസ് വിമതർക്കൊപ്പം സിപിഎമ്മുണ്ടാകും. അങ്ങനെ ജില്ല മുഴുവൻ പ്രശ്‌നങ്ങളാണ് യുഡിഎഫിന്.
കോൺഗ്രസ് മുസ്ലിം ലീഗ് നേതൃത്വങ്ങൾ അച്ചടക്ക നടപടിയും സസ്‌പെഷ;പെൻഷനുമായി മുന്നോട്ടുപോവുമ്പോഴും വിമതർ പ്രചാരണത്തിൽ ശക്തമാണ്, ഇടതുപക്ഷവുമായി സഹകരിച്ച് മത്സരിക്കുന്ന ചെറിയമുണ്ടം, മാറാക്കര, കൊണ്ടോട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ കഴിഞ്ഞദിവസം കെപിസിസി. പ്രസിഡന്റ് വി എം സുധീരൻ പിരിച്ചുവിട്ടിരുന്നു. കാലുവാരില്ലെന്ന് സത്യമിടാൻ അണികൾക്ക് പ്രത്യേക സർക്കുലർ ഇറക്കിയിട്ടുണ്ട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. ലീഗ് മത്സരിക്കുന്ന വാർഡുകളിൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ അവിടങ്ങളിലെ ബ്ലോക്കുകളിലും ജില്ലാ കൗൺസിലിലേക്കും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ഉറപ്പാക്കും. വ്യക്തിഗതമായി ലഭിക്കുന്ന കുറച്ച് വോട്ടുകൾ ഒഴിച്ചുനിർത്തിയാൽ ബാക്കിയുള്ള വോട്ടുകളിൽ കുറവുണ്ടായാൽ ബന്ധപ്പെട്ട ഭാരവാഹികൾ വിശദീകരണം നൽകേണ്ടിവരുമെന്നും തെറ്റുകാർ പാർട്ടിയിലുണ്ടാവില്ലെന്നും ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു. എന്നാൽ ഈ ഭിഷണിയൊന്നും കോൺഗ്രസിനോടുള്ള ലീഗുകാരുടെ അതൃപ്തിക്ക് കുറവ് വന്നിട്ടില്ല.
കോട്ടയത്തും കേരളാ കോൺഗ്രസുമായി ഇതൊക്കെ തന്നെയാണ് കോൺഗ്രസിന്റെ അവസ്ഥ. ബാർ കോഴയിൽ കുടങ്ങിയിട്ടും കെഎം മാണിക്ക് കുലുക്കമില്ല. പാല ഉൾപ്പെടെയുള്ള ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസുമായി നേർക്കു നേർ പോരാട്ടമാണ്. മാണിക്ക് പണി കൊടുക്കാൻ കച്ച മുറുക്കി കോൺഗ്രുമുണ്ട്. ഇതുകൊണ്ട് തന്നെ ഇവിടേയും നേട്ടമുണ്ടാക്കാമെന്ന് സിപിഐ(എം) കരുതുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്വാധീനം കോട്ടയത്തുമുണ്ട്. ഇതും കോൺഗ്രസിന് തിരിച്ചിടിയാകും.