ർഷങ്ങളോളം ഉസ്ബെക്കിസ്ഥാനെ അടക്കി വാണ സ്വേച്ഛാധിപതി ഇസ്ലാം കരിമോവിന്റെ പുത്രി ഗുൾനാര കരിമോവിനെ അച്ഛന്റെ പിൻഗാമി വിഷം കൊടുത്തുകൊന്നെന്ന് സൂചന. അതിസുന്ദരിയും അതിസമ്പന്നയും ഉസ്ബെക്കിസ്ഥാനെ ദീർഘകാലം അടക്കിവാണ പ്രസിഡന്റിന്റെ മകളും രാജ്യം ഭരിക്കുമെന്ന് കരുതപ്പെട്ട അതിശക്തയായ ഗുൾനാര മൂന്ന് വർഷമായി തടവിലായിരുന്നുവെന്നാണ് റിപ്പോർട്ട്. 2013ൽ ഇസ്ലാം കരിമോവിന് അധികാരം നഷ്ടപ്പെടുന്നത് വരെ ഇദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെട്ടിരുന്നത് ഈ മകളെയായിരുന്നു. എന്നാൽ ഈ 44കാരി വധിക്കപ്പെട്ടുവെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇവരെ ഒരു സൈക്യാട്രിക് ഹോസ്പിറ്റലിൽ അടച്ചിട്ടിരിക്കുകയാണെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.എന്നാൽ അവർ വീട്ടുതടങ്കലിലായിരുന്നുവെന്നാണ് മറ്റ് ചിലർ വെളിപ്പെടുത്തുന്നത്.എന്നാൽ അവർ നാടുകടത്തപ്പെട്ട് ഇസ്രയേലിലാണ് കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ സമർകൻഡിൽ വച്ച് നടന്ന തന്റെ അച്ഛന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് ഗുൾനാരയെ അനുവദിച്ചിരുന്നില്ല. ഇവരുടെ വിധിയെക്കുറിച്ചോർത്ത് അടുത്ത സുഹൃത്തുക്കൾ കടുത്ത ഉത്കണ്ഠയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾ ഉസ്ബെക്കിസ്ഥാനിൽ നടക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്. അധികൃതരെ കുഴപ്പത്തിലാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണീ പ്രചാരണം നടക്കുന്നതെന്നും ആരോപണമുണ്ട്.

തലസ്ഥാനമായ താഷ്‌കെന്റിൽ വച്ച് നവംബർ അഞ്ചിന് ഗുൾനാര മരിച്ചുവെന്ന വെളിപ്പെടുത്തൽ ഉസ്ബെക്ക് നാഷണൽ സെക്യൂരിറ്റി സർവീസായ എസ്എൻബിയിലെ പേര് വെളിപ്പെടുത്താത്ത ഉറവിടം വെളിപ്പെടുത്തിയെന്നാണ് ഒരു സെൻട്രൽ ഏഷ്യൻ ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിസ്സഹായമായ അവസ്ഥയിൽ ഗുൾനാരയുടെ മകനായ ഇസ്ലാമും മകളായ ഇമാനും താഷ്‌കെന്റ് വിട്ടിരുന്നുവെന്നും പ്രസ്തുത ഉറവിടം വെളിപ്പെടുത്തുന്നു. 24കാരനായ ഇസ്ലാം ലണ്ടനിൽ നാടുകടത്തപ്പെട്ട നിലയിലാണെന്നായിരുന്നു ഇതിന് മുമ്പ് വിശ്വസിക്കപ്പെട്ടിരുന്നത്. വിഷം കൊടുത്തുകൊന്ന രാത്രി തന്നെ ഗുൾനാരയെ താഷ്‌കെന്റിൽ അടക്കം ചെയ്തുവെന്ന വെളിപ്പെടുത്തലുകളോട് ഉസ്ബെക്ക് അധികൃതർ പ്രതികരിച്ചിട്ടില്ല. പിന്നീട് ശവക്കല്ലറ ബുൾഡോസർ ഉപയോഗിച്ച് നിരത്തിയെന്നും വെളിപ്പെടുത്തലുണ്ട്.

മുൻ നേതാവിന്റെ മകളുടെ മരണവാർത്തയെക്കുറിച്ച് പ്രതികരിക്കാൻ ആക്ടിങ് പ്രസിഡന്റായ ഷവ്കാറ്റ് മിർസിയോയേവ് തയ്യാറായിട്ടില്ല. ഡിസംബർ 4ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇദ്ദേഹം തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. ഗുൾനാരയുടെ അവസ്ഥയെക്കുറിച്ച് ഉസ്ബെക്ക് അധികൃതരിൽ നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് തങ്ങളോട് ഈ വെളിപ്പെടുത്തൽ നടത്തിയ ഉറവിടം വ്യക്തമാക്കുന്നതെന്നാണ് പ്രസ്തുത വെബ്സൈറ്റിന്റെ എഡിറ്ററായ ഗാലിമ ബുഖർബായേവ പറയുന്നത്. ഗുൾനാര ജീവിച്ചിരിക്കുന്നുവെന്ന് ഉസ്ബെക്ക് അധികൃതരോട് ശക്തമായി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ യൂസർമാർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി ഷോ ഗുൾനാര എന്ന ഹാഷ്ടാഗും പുറത്തിറക്കിയിട്ടുണ്ട്.

ഹാർവാർഡിൽ നിന്നും നല്ല രീതിയിൽ വിദ്യാഭ്യാസം നേടിയ ഗുൾനാരയ്ക്ക് ജൂഡോയിൽ ബ്ലാക്ക് ബെൽറ്റുണ്ടായിരുന്നു. ഇതിന് പുറമെ പോപ്പ് സ്റ്റാറും കാറ്റ് വാക്ക് മോഡലുമായിരുന്നു ഈ സുന്ദരി. കൂടാതെ സോഷ്യലിസ്റ്റും ഫാഷൻ ഡിസൈനറും നയതന്ത്ര വിദഗ്ധയും അതുല്യമായ ഉസ്ബെക്ക് സൗന്ദര്യത്തിനുടമയുമായിരുന്നു ഗുൾനാര. ഇസ്ലാം കരിമോവിന്റെ ആരോഗ്യം ക്ഷയിച്ച് തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അടുത്ത അനുയായികളും ഗുൾനാരയും തമ്മിൽ അധികാര വടംവലിയുണ്ടായിരുന്നുവെന്നും അതിൽ ഗുൾനാര ഒതുക്കപ്പെടുകയായിരുന്നുവെന്നും സൂചനയുണ്ട്. സെൻട്രൽ ഏഷ്യയിലെ ശക്തയായ ഈ വനിതയ്ക്ക് ബ്രിട്ടീഷ് രാജകുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ വിവിധ പാശ്ചാത്യരാജ്യങ്ങളിലെ ഭരണാധികാരികളുമായും ഇവർ നല്ല ബന്ധമാണ് പുലർത്തിയിരുന്നത്.