കുറവിലങ്ങാട്: ഉഴവൂർ ടൗണിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണം നടത്തുവാൻ എത്തിയ ഹൈടെക് മോഷ്ടാക്കൾ ക്യാമറയിൽ കുടുങ്ങി. തിങ്കളാഴ്ച രാത്രി 10 മണിയോടു കൂടിയാണ് നാലംഗസംഘം സ്ഥാപനത്തിന്റെ ഷട്ടറു തുറക്കുവാൻ ശ്രമം നടത്തിയത്. വെള്ളമുണ്ടും, ഷർട്ടും ധരിച്ച 25 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന നാലംഗസംഘം ഒരു മണിക്കൂറോളം ഷർട്ടിന്റെ താഴ് തകർക്കുവാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്വകാര്യ പണമിടപാട് സ്ഥാപനം തുറക്കുവാൻ എത്തിയ ഉടമ ഷട്ടർ പൊളിക്കുവാൻ ശ്രമം നടത്തിയത് ശ്രദ്ധയിൽപ്പെട്ടത് സംഘത്തിലെ നാലുപേരുടെ ചിത്രങ്ങളാണ് ക്യാമറയിൽ വ്യക്തമായിട്ടുള്ളത്. മോഷണസംഘം രാത്രി 10 മുതൽ 11.30 വരെ ഉഴവൂർ വില്ലേജ് ഓഫീസിന് എതിർവശമുള്ള കെട്ടിടത്തിന്റെ മുകളിൽ ഉണ്ടായിരുന്നതായി ക്യാമറ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

10.29 ഓടുകൂടി കെട്ടിടത്തിന്റെ ഇടത്തേസൈഡിലുള്ള സപ്ലൈക്കോ സൂപ്പർമാർക്കറ്റിന്റെ 2-ാം നിലയിലൂടെയാണ് സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ മുമ്പിലെത്തിയിരിക്കുന്നത്. മറ്റു രണ്ടുപേർ റോഡിൽ നിന്ന് നേരിട്ട് സ്റ്റെയർകെയ്‌സ് വഴി മുകളിലെത്തിയാണ് ഒരാൾ മുഖത്ത് താടി ഉള്ളതും ഒന്നിൽ കൂടുതൽ മൊബൈൽഫോൺ കൈവശം ഉള്ള ആളാണ്. മോഷണം ആരംഭിച്ചതു മുതൽ ഇയാൾ ഫോണിലൂടെ സംസാരിക്കുന്നതായി ക്യാമറയിൽ കാണുന്നു. സംഘത്തിലെ മറ്റൊരാൾക്ക് താടിയുണ്ട്. കള്ളത്താക്കോൽ ഉപയോഗിച്ച് തുറക്കാൻ സാധിക്കാത്തതിനാൽ കമ്പിപ്പാര ഉപയോഗിച്ച് അടിക്കുന്നതായും ക്യാമറയിലുണ്ട്.

സ്വകാര്യ പണമിടപാട് ഉടമ കുറവിലങ്ങാട് പൊലീസിൽ അറിയിക്കുകയുമായിരുന്നു. പ്രിൻസിപ്പൽ എസ്.ഐ.കെ.ആർ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളുടെ സി.സി.ടി.വി. ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടു.