കൊച്ചി: ആശുപത്രി ബില്ലുപോലും അടയ്ക്കാനുള്ള പണമില്ലാത്ത രാഷ്ട്രീയ ജീവിതമായിരുന്നു അന്തരിച്ച എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ഉഴവൂർ വിജയന്റേതെന്ന് സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട്. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ ഈ കുടുംബത്തിന് അനുവദിച്ച ധനസഹായം വലിയ ആശ്വാസമാണ്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ രണ്ടാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞതിന്റെ ബില്ല് ഇനിയും അടച്ചിട്ടില്ല. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇനിയും അടയ്ക്കാൻ ബാക്കിയുള്ളത്. കോട്ടയത്ത് കാരിത്താസിൽ ചികിത്സയിൽ കഴിഞ്ഞതിന്റെ ആശുപത്രി ബില്ല് കടം വാങ്ങിയാണ് അടച്ചത്. പാരമ്പര്യമായി ലഭിച്ച ഭൂമിയിൽ ലോണെടുത്താണ് വീട് വെച്ചത്. അതിന്റെ ലോൺ ഇനിയും ലക്ഷങ്ങൾ അടക്കാൻ ബാക്കിയാണ്.

ആകെ ആറര ലക്ഷം രൂപയാണ് ആസ്റ്റർമെഡിസിറ്റിയിൽ ബില്ലായത്. ഇതിൽ മൂന്നര ലക്ഷം രൂപ അടച്ചു. ഇനി മൂന്ന് ലക്ഷം രൂപ കൂടി അടയ്ക്കണം. മൂത്ത മകൾ വന്ദനയുടെ പഠനത്തിനായി എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്ന് എടുത്ത ലോണിൽ നാല് ലക്ഷം രൂപ അടയ്ക്കാനുണ്ട്. ഓരോ വർഷവും അഞ്ച് ലക്ഷം രൂപയാണ് ഹോസ്റ്റൽ അടക്കമുള്ള പഠന ചെലവായി വരുന്നത്. വീട് വെയ്ക്കാനായി പത്തരലക്ഷം രൂപ ബാങ്ക് വായ്പ 10 വർഷം മുമ്പ് എടുത്തിരുന്നു. കുറഞ്ഞ തിരിച്ചടവ് മാത്രമാണ് ഈ കാലയളവിൽ ഉണ്ടായത്. കഴിഞ്ഞ മാർച്ചിൽ ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച പിഎഫ് തുക ഉപയോഗിച്ച് ബാങ്ക് ലോൺ പൂർണ്ണമായി അടച്ചു. ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി ദീർഖകാലം പ്രവർത്തിച്ചയാൾ ജീവിച്ചിരുന്നപ്പോൾ ഒന്നും സമ്പാതിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇതൊക്കെ. ദീർഘകാലം ഉഴവൂർ വിജയന്റെ പേഴ്സണൽ സെക്രട്ടറിയും നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പികെ ആനന്ദക്കുട്ടൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പൊതു പ്രവർത്തനം ഒരു ഹരമായാണ് അദ്ദേഹം കണ്ടിരുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആയിരിക്കുന്ന കാലത്ത് 7000 രൂപയായിരുന്നു ഉഴവൂർ വിജയന് ലഭിച്ചിരുന്ന ഓണറേറിയം. പൊല്യൂഷൻ കൺട്രോൾ ബോർഡ് അംഗം, എഫ്‌സിഐ ഉപദേശക സമിതി അംഗം എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, സിറ്റിംങ് ഉള്ളപ്പോൾ മാത്രമാണ് വരുമാനം ലഭിച്ചിരുന്നുള്ളു. ഹൈസ്‌കൂൾ മലയാളം അദ്ധ്യാപികയായ ഭാര്യയുടെ ശമ്പളത്തെ ആശ്രയിച്ചായിരുന്നു ഉഴവൂർ വിജയനും രണ്ട് പെൺമക്കൾ അടങ്ങുന്ന കുടുംബവും ജീവിച്ചിരുന്നത്. മൂത്ത മകൾ വനന്ദന എംഡിഎസിന് ചെന്നൈയിൽ പഠിക്കുകയാണ്. രണ്ടാമത്തെ മകൾ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഒന്നാം വർഷം ബിരുധ വിദ്യാർത്ഥിനിയും. ഇരുവർക്കും തുടർ പഠനത്തിനായാണ് സർക്കാർ പത്ത് ലക്ഷം വീതം അനുവദിച്ചിരിക്കുന്നത്.

കുറിച്ചിത്താനത്ത് അരയേക്കറോളം വരുന്ന പാരമ്പര്യമായി ലഭിച്ച സ്ഥലത്താണ് ഭാര്യയുടെ പേരിൽ ലോൺ എടുത്ത് അടുത്തിടെ വീട് വെച്ചത്. പാർട്ടി പരിപാടികൾക്ക് പോകുന്ന യാത്രചിലവുകളും ഭക്ഷണവും പ്രവർത്തകരാണ് വഹിച്ചിരുന്നത്. എന്നാലും പാർട്ടി പ്രവർത്തനത്തിന് ചെലവിട്ടതിലധികവും കഴിഞ്ഞ മാർച്ചിൽ വിരമിച്ച ഭാര്യയുടെ ശമ്പളത്തിൽ നിന്നുതന്നെ. ഇത്രയധികം സാമ്പത്തിക വിഷമതകൾ അനുഭവിച്ചിരുന്നെങ്കിലും ആരുടെയെങ്കിലും കയ്യിൽ നിന്ന് വായ്പയായി പണം വാങ്ങിയാൽ പറഞ്ഞ തിയതിക്കുള്ളിൽ തിരികെ നൽകാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മാധ്യമപ്രവർത്തകരോടും മികച്ച സഹകരണമാണ് വിജയൻ പുലർത്തിയിരുന്നത്. സറ്റയർ പരിപാടി അവതാരകരുടേയും പ്രൊഡ്യൂസേവ്സിന്റേയും ഇഷ്ടതോഴൻ ആയിരുന്നു വിജയൻ. ആനന്ദക്കുട്ടൻ പറയുന്നു.

കരൾസംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന വിജയൻ കൊച്ചിയിലെ ഹോസ്പിറ്റലിൽ വെച്ച് 2017 ജൂലൈ 23-ന് രാവിലെ ഏഴുമണിയോടെയാണ് അന്തരിച്ചത്. 65 വയസ്സായിരുന്നു. മരണത്തിന് ശേഷം ചേർന്ന് മന്ത്രിസഭായോഗത്തിലാണ് ഉഴവൂരിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നൽകാൻ തീരുമാനിച്ചത്. ഈ തീരുമാനത്തോട് സമ്മിശ്രമായ പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നുമുണ്ടായത്. സംസ്ഥാന സർക്കാർ നൽകുന്ന പണം വിജയന്റെ കുടുംബം സ്വീകരിച്ചാൽ അത് വിജയന്റെ ആദർശത്തിന് തന്നെ കളങ്കമാവുമെന്നും ആക്ഷേപം നവമാധ്യമങ്ങളിൽ ഉയർന്നിരുന്നു.