- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധരാത്രി വീട്ടിലെത്തി ആവശ്യപ്പെട്ടത് സ്റ്റേഷനിലേക്ക് വരാൻ; വാറണ്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി; ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാം എന്ന് പറഞ്ഞ് ബലമായി പിടിച്ചു കൊണ്ടു പോയി; വി 4 കേരളയുടെ നുപുണിനൈ പൊക്കിയത് പനങ്ങാട്ടെ രഹസ്യ ഓപ്പറേഷൻ; വൈറ്റില കേസിൽ കിഴക്കമ്പലം മോഡൽ ഭയത്തിൽ വി 4 കൊച്ചിയോട് പ്രതികാരം തീർക്കുമ്പോൾ
കൊച്ചി: അർധരാത്രിയിൽ ഫ്‌ളാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഭർത്താവിനെ കൂട്ടിക്കൊണ്ടു പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതെ വന്നതോടെ ആശങ്കയിലായെന്ന് വിഫോർ കേരള നേതാവ് നിപുൺ ചെറിയാന്റെ ഭാര്യ ഡോണ നിപുൻ. ഇന്നലെ രാത്രിയാണ് നിപുനെ പൊലീസ് അറസ്‌ററ് ചെയ്തത്. മൂന്നു പൊലീസ് സ്റ്റേഷനിൽ നിന്നുള്ളവർ ഫ്‌ളാറ്റ് വളഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്യാനെത്തിയതെന്ന് വിഫോർ കേരള സെക്രട്ടറി ഷക്കീർ അലി പറഞ്ഞു. വൈറ്റില പാലവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് നിപുനെ അറസ്റ്റ് ചെയ്യാൻ കാരണം.
അർധരാത്രിക്കടുത്ത സമയത്താണ് ഫ്‌ളാറ്റിൽ പൊലീസ് എത്തിയത്. സംസാരിക്കാനാണ്, താഴേയ്ക്ക് ഇറങ്ങി ആവശ്യപ്പെട്ട് പൊലീസുകാർ കാത്തുനിൽക്കുന്നെന്ന് ഫ്‌ളാറ്റിലെ ജീവനക്കാരാണ് പറഞ്ഞത്. കയറി വരാൻ ആവശ്യപ്പെട്ടപ്പോഴാണ് വീട്ടിലെത്തി സ്റ്റേഷനിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടത്. സ്വാഭാവികമായും അറസ്റ്റ് ചെയ്യാൻ വാറണ്ടൊ മറ്റു രേഖകളൊ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ല, ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാം എന്ന് പൊലീസ് പറഞ്ഞ് ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു-ഡോണ പറയുന്നു.
അദ്ദേഹത്തെ കൊണ്ടുപോയി ഒരു മണിക്കൂർ കഴിഞ്ഞ് കാക്കനാട് സ്റ്റേഷനിൽ വിളിച്ചെങ്കിലും അവിടെ എത്തിയിട്ടില്ല എന്നു പറഞ്ഞു. അറസ്റ്റ് വിവരം സ്റ്റേഷനിൽ അറിയില്ലെന്നും പറഞ്ഞു. ഇൻഫോപാർക്ക് സ്റ്റേഷനിലും ഇതു തന്നെ പറഞ്ഞു. ഇതോടെ മിസിങ് കേസ് ഫയൽ ചെയ്യണോ എന്ന് ചോദിച്ചു. പൊലീസ് വേഷത്തിലുള്ള ആളാണെങ്കിലും ആരാണ് കൊണ്ടു പോയത് എന്നറിയില്ല, അതിനാലാണ് പരാതി തരണോ എന്ന് ചോദിച്ചത്. വേണ്ടെന്ന് പറഞ്ഞ് മരട് സ്റ്റേഷനിലെ നമ്പർ തന്നു. അവിടെ വിളിച്ചപ്പോഴാണ് പൊലീസ് കസ്റ്റഡിയിലുണ്ടെന്നു പറഞ്ഞത്. പിന്നീടാണ് പനങ്ങാട് സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്യാനെത്തിയത് എന്ന് അറിയുന്നതെന്നും ഡോണ വിശദീകരിക്കുന്നു.
ഉദ്ഘാടനത്തിനു മുൻപു വൈറ്റില പാലം തുറന്നതാണ് വിവാദത്തിന് കാരണം. ഇന്നലെ രാത്രി 7 മണിയോടെയാണു പാലത്തിലെ ബാരിക്കേഡ് നീക്കം ചെയ്തു ചിലർ ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കടത്തിവിട്ടത്. എന്നാൽ വൈറ്റില ഭാഗത്തു പാലത്തിന്റെ മറുവശം പൊലീസ് ബാരിക്കേഡ് ചെയ്തതോടെ പാലത്തിൽ കയറിയ കാറുകളും ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ അര മണിക്കൂറോളം പാലത്തിൽ കുടുങ്ങി. പൊലീസ് കേസെടുക്കുമെന്നു പറഞ്ഞതോടെ വാഹനങ്ങൾ തിരികെ ഓടിച്ച് പോകേണ്ട ഗതികേടിലായി പാലത്തിൽ കയറിയവർ. പാലത്തിൽ അതിക്രമിച്ചു കടന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ പരാതിയിൽ 10 വാഹന ഉടമകൾക്കെതിരെ മരട് പൊലീസ് കേസെടുത്തു.
വി ഫോർ കേരള എന്ന സംഘടനയാണു പാലം തുറന്നു കൊടുത്തതെന്നു പ്രചാരണമുണ്ടായെങ്കിലും തങ്ങളല്ല ജനങ്ങളാണു പാലം തുറന്നതെന്നും വാഹനങ്ങൾ പൊലീസ് തടഞ്ഞതു ശ്രദ്ധയിൽപ്പെട്ടപ്പോളാണു ഇടപെട്ടതെന്നും വി 4 കേരള ക്യാംപയിൻ കൺട്രോളർ നിപുൻ ചെറിയാൻ പറഞ്ഞു. എന്നാൽ ഇത് മുഖവിലയ്ക്ക് എടുക്കാതെയാണ് നിപുനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയക്കാരും ഇത്തരം സമരങ്ങൾ നടത്താറുണ്ട്. അതിനോട് നിസംഗമായി പ്രതികരിക്കുന്ന പൊലീസാണ് നിപുനെ വീട്ടിൽ കയറി അർദ്ധ രാത്രി അറസ്റ്റ് ചെയ്തത്. അറസ്റ്റുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇത്. രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്.
കൊച്ചി കോർപ്പറേഷനിലേക്ക് വി ഫോർ കേരള എന്ന കൂട്ടായ്മ മത്സരിച്ചിരുന്നു. എല്ലാ വാർഡിലും നല്ല വോട്ടും കിട്ടി. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി കൂട്ടായ്മയ്ക്ക് സമാനമായ ഇടെപടലിനാണ് ശ്രമം. ഇത് രാഷ്ട്രീയ പാർട്ടികൾ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് വൈറ്റിലയിലെ ഇടപെടലിൽ ശക്തമായ നടപടികൾ എടുക്കുന്നത്. നേരത്തെ പാലം തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പാലം തുറന്നു നൽകിയതിൽ വിഫോർ കേരളയ്ക്ക് പങ്കില്ലെന്നാണ് അവരുടെ വിശദീകരണം.
നിപുൺ ചെറിയാൻ ഈ സമയം സ്ഥലത്തില്ലെന്നു മാത്രമല്ല, വിഫോർ പ്രവർത്തകർ ആരും പാലം തുറന്നിട്ടില്ല. പാലം തുറന്നു കൊടുത്തത് പൊതു ജനങ്ങളാണ്. പണി പൂർത്തിയായിട്ടും ജനങ്ങളെ കഷ്ടപ്പെടുത്തുന്നതല്ലാതെ അത്യാവശ്യ കാര്യങ്ങൾക്കു പോലും പാലം തുറന്നു നൽകാത്തതിനോട് ജനങ്ങൾക്ക് അമർഷമുണ്ട്. പാലം തുറന്നു നൽകിയ നടപടിയെ സ്വാഗതം ചെയ്യുന്നതായും വിഫോർ കേരള സെക്രട്ടറി ഷക്കീർ അലി പറഞ്ഞു.