തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പണി കൊടുക്കാൻ സംസ്ഥാന സർക്കാർ വി സി നിയമന വ്യവസ്ഥയിൽ മാറ്റം വരുത്തി നിയമം കൊണ്ടുവരികയാണ്. സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ കടുത്തതോടെയാണ് സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ തയ്യാറാക്കിയത്.

കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് പരിഗണനയ്ക്കുവന്നെങ്കിലും നിയമസഭാസമ്മേളനം വിളിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മാറ്റിവെച്ചു. പകരം 22-ന് തുടങ്ങുന്ന സഭാ സമ്മേളനത്തിൽ നിയമമായി പാസാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്തു തീരുമാനം എടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

യുജിസി. നിർദേശിക്കുന്ന രീതിയിൽ എല്ലാ സർവകലാശാലകൾക്കും ഏകീകൃതരീതി കൊണ്ടുവരാനാണ് നിയമഭേദഗതിയെന്നാണ് ബില്ലിന് സർക്കാർ നൽകുന്ന വ്യാഖ്യാനം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എട്ടു സർവകലാശാലകൾക്കായാണ് ബിൽ. നിയമസഭ പാസാക്കിയാലും ഗവർണറുടെ അംഗീകാരംകൂടി കിട്ടുമ്പോൾ മാത്രമേ ബിൽ നിയമമാകൂ.

വി സി. നിർണയസമിതി ഉണ്ടാക്കിയിരിക്കുന്നതും സർക്കാറിന് മേൽക്കൈ ലഭിക്കും വിധത്തിലാണ്. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ യുജിസി., ചാൻസലർ, സിൻഡിക്കേറ്റ് എന്നിവയുടെ പ്രതിനിധികൾക്കുപുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരിക്കും സമിതി കൺവീനർ. സർക്കാർ, സിൻഡിക്കേറ്റ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ എന്നിവയുടെ പ്രതിനിധികളുടെ ബലത്തിൽ സർക്കാരിന് സമിതിയിൽ മേൽക്കൈ ഉണ്ടാകും.

ഈ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം നൽകുന്ന മൂന്നുപേരുടെ പാനലിൽ നിന്നാകണം ഗവർണർ വി സി.യെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുന്നു. ഇതോടെ വി സി.യെ നിശ്ചയിക്കുന്നതിൽ ഗവർണറുടെ അധികാരം തീരെയില്ലാതായെന്ന് കാണാം. നിലവിൽ 60 വയസ്സാണ് വി സി. നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി. ഇത് യുജിസി. മാനദണ്ഡപ്രകാരം വയസ്സ് 65 ആക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

വി സി. നിർണയസമിതിയിലെ ഗവർണറുടെ പ്രതിനിധിയെ സർക്കാർ നിശ്ചയിക്കണമെന്ന ശുപാർശയാണ് ആദ്യം സർക്കാർ പരിഗണിച്ചത്. ഈ വിവരം പുറത്തുവന്നതോടെ ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെയുള്ള 11 ഓർഡിനൻസുകൾ പുതുക്കിയിറക്കാൻ ഗവർണർ വിസമ്മതിച്ചിരുന്നു.

അതേസമയം ഇപ്പോഴത്തെ തർക്കങ്ങൾക്കിടയിൽ കേരള സർവകലാശാലാ വി സി. നിയമനം തർക്കത്തിൽ കുടുങ്ങാനാണ് സാധ്യത. വി സി. നിയമനവ്യവസ്ഥകളിൽ മാറ്റംവരുത്തുന്ന ബിൽ നിയമസഭ പാസാക്കിയാലും ഉടനടി വരുന്നത് ഈ നിയമനമാണ്. തന്റെ അധികാരം കവരുന്ന വ്യവസ്ഥകൾ വരുമെന്നുകണ്ട് സർക്കാരിനെ മറികടന്ന് ഗവർണർ വി സി. നിർണയസമിതിയുണ്ടാക്കി. ചാൻസലറുടെയും യുജിസി.യുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതിയുണ്ടാക്കിയത്. സർവകലാശാലയുടെ പ്രതിനിധിയെ നിശ്ചയിച്ചുനൽകുമ്പോൾ സമിതിയിൽ ഉൾപ്പെടുത്താമെന്ന വ്യവസ്ഥയുംെവച്ചു. നിലവിൽ രൂപവത്കരിച്ച സമിതിക്കാണോ, നിയമഭേദഗതിയിലൂടെ വരുന്ന അഞ്ചംഗ സമിതിക്കാണോ നിയമപ്രാബല്യമെന്ന തർക്കമാകും ഉയരുക.