കോട്ടയം: മകളുടെ കരൾ പകുത്തെടുത്ത് മാറ്റി വച്ചിട്ടും ഫലമുണ്ടായില്ല. കരൾരോഗ ബാധയെത്തുടർന്നു കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം ജില്ലാ ജഡ്ജി കുഴിക്കാല വലിയ പറമ്പിൽ വി സി. ചെറിയാൻ (റോയ്54) അന്തരിച്ചു. എട്ട് ദിവസമായിഅബോധാവസ്ഥയിലായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് മരണം.

കഴിഞ്ഞ പതിനാലിനാണു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. എം.ടെക് ബിരുദധാരിയും ടെക്‌നോപാർക്കിൽ എൻജിനീയറുമായ മൂത്ത മകൾ റോഷ്‌ലിൻ ഏഞ്ചലാണു കരൾ പകുത്തു നൽകിയത്. ശസ്ത്രക്രിയയ്ക്കു പിന്നാലെ നേരിയ പുരോഗതിയുണ്ടായെങ്കിലും രണ്ടു ദിവസമായി സ്ഥിതി വഷളായി. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഇന്നലെ അന്തരിച്ചു. മൃതദേഹം കോട്ടയം കളത്തിപ്പടി കരിപ്പാൽ മോർച്ചറിയിൽ.

വലിയപറമ്പിൽ വി. സി. വർഗീസ് തങ്കമ്മ വർഗീസ് ദമ്പതികളുടെ മകനാണ്. കുഴിക്കാല സി. എം. എസ് ഹയർ സെക്കൻഡറി സ്‌കൂൾ, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭോപ്പാലിൽ നിന്ന് നിയമബിരുദം നേടിയ ശേഷം പത്തനംതിട്ട ബാറിൽ അഭിഭാഷകനായി. 1992 ൽ തൊടുപുഴ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ടായി . പുനലൂർ കാഞ്ഞിരപ്പള്ളി, തിരുവനന്തപുരം, ഏറ്റുമാനൂർ, തിരുവല്ല എന്നിവിടങ്ങളിൽ മജിസ്‌ട്രേട്ടായും മാവേലിക്കരയിൽ സബ് ജഡ്ജായും കോട്ടയത്ത് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ടായും പ്രവർത്തിച്ചു. രണ്ടുവർഷമായി കോട്ടയം ജില്ലാ ജഡ്ജിയായിരുന്നു.

ഇലന്തൂർ ഐപ്പുണ്ണിൽ കുടുംബാംഗമാണ്. സംസ്‌കാരംനാളെ പത്തനംതിട്ടയിൽ നടക്കും. ഭാര്യ ഷേർലി കുളനട വലിയതുണ്ടിയിൽ കുടുംബാംഗം. മക്കൾ: റോഷ്‌നിൻ ചെറിയാൻ (ടാറ്റാ എൻ.എക്‌സി, ടെക്‌നോപാർക്ക്, തിരുവനന്തപുരം), ഷാരോൺ ഏഞ്ചൽ ചെറിയാൻ (+2 വിദ്യാർത്ഥി). മാതാവ് തങ്കമ്മ നാരങ്ങാനം ഇലവുനിൽക്കുംകാലായിൽ കുടുംബാംഗമാണ്.