തിരുവനന്തപുരം: ഗവർണറും സർവകലാശാലയും അനധികൃതമായി ഇടപെട്ട സർക്കാരും രാഷ്ട്രപതി പദവിയെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യത്തിൽ മൂന്നു കൂട്ടരും തുല്യ ഉത്തരവാദികളാണ്. ഡി- ലിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളോ ജനപ്രതിനിധികളോ അറിയാതെ ഇവർ ഇത്രനാൾ രഹസ്യമാക്കി വച്ചത് ദൗർഭാഗ്യകരമാണ്. ഒളിപ്പിച്ചു വച്ച വിവരങ്ങൾ ഇപ്പോൾ ഓരോന്നായി പുറത്തു വരുന്നു.

മാധ്യമങ്ങളെ കണ്ടപ്പോൾ 'ലോയൽ ഒപ്പോസിഷൻ' എന്ന വാക്ക് പ്രതിപക്ഷത്തെ പരിഹസിക്കാനാണ് ഗവർണർ ഉപയോഗിച്ചത്. ബ്രിട്ടീഷ് പാർലമെന്ററി സംവിധാനത്തിൽ സർക്കാരിനെ ക്രിയാത്മകമായി എതിർക്കുകയും അതേസമയം ഭരണഘടനയോടും രാജ്യത്തോടും കൂറുള്ളവരെയാണ് 'ലോയൽ ഒപ്പോസിഷൻ' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ അർത്ഥത്തിൽ കേരളത്തിലെ പ്രതിപക്ഷത്തിന് ഗവർണറുടെ വാക്കുകൾ അംഗീകാരമാണ്.

വൈസ് ചാൻസലർമാരുടേത് ഉൾപ്പെടെ സർവകലാശാല നിയമനങ്ങളിൽ സിപിഎം ഇടപെടലുണ്ടെന്നത് പ്രതിപക്ഷം നേരത്തെ ഉന്നയിച്ചതാണ്. ഇപ്പോൾ ഗവർണറും ഇത് അംഗീകരിക്കുന്നു. ചാൻസലർ പദവി ഉപയോഗിച്ച് സർക്കാർ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങൾക്കെതിരെ കർശന നടപടി എടുക്കുകയാണ് ഗവർണർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.