തിരുവനന്തപുരം: ലോക കേരളസഭക്കെതിരെ ഉയർന്ന വിമർശനങ്ങളെ എതിർത്ത പ്രവാസി വ്യവസായി എം എ യൂസഫലിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പതിനാറ് കോടി ചെലവാക്കി ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല യുഡിഎഫ് എതിർത്തത്. എല്ലാത്തിനും പ്രോഗ്രസ് റിപ്പോർട്ടുള്ള മുഖ്യമന്ത്രിക്ക് ഇതിൽ മാത്രം പ്രോഗ്രസ് റിപ്പോർട്ട് ഇല്ലാത്തതിനെയാണ് എതിർത്തത്. ലോക കേരള സഭ ബഹിഷ്‌കരണം കൂട്ടായ തീരുമാനമാണെന്നും സതീശൻ വ്യക്തമാക്കി.

പ്രവാസികൾ വന്ന് ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണ് ധൂർത്താവുകയെന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി ഡി സതീശൻ. ഞങ്ങളുടെ നൂറിലേറെ പ്രവർത്തകർ ആശുപത്രിയിലാണ്. ഈ സമയത്ത് ലോക കേരള സഭയിൽ പോകാൻ മാത്രം വിശാലമല്ല ഞങ്ങളുടെ മനസ് എന്നും വി ഡി സതീശൻ പറഞ്ഞു.

ഭീഷണി കൊണ്ട് സമരം നിർത്തില്ല. തന്നെ കൊല്ലും വഴി നടത്തില്ല എന്നൊക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഐഎം. സിപിഐഎം പരസ്യമായി വധഭീഷണി മുഴക്കുന്നുവെന്നും വിഡി സതീശൻ ആരോപിച്ചു. കോൺഗ്രസ് ഓഫീസുകൾ തകർത്തവർക്കെതിരെ കേസ് എടുത്തിട്ടില്ല. സംസ്ഥാനത്ത് ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. ആഭ്യന്തര മന്ത്രി കള്ളക്കേസ് കൊടുക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
വിമാനത്തിലെ പ്രതിഷേധത്തിൽ വധശ്രമ കേസെടുത്തതിന് പിന്നിൽ ഗൂഢാലോചനയാണെന്നും സതീശൻ ആരോപിച്ചു. സമ്മർദ്ദം മൂലമാണ് ഇൻഡിഗോ റിപ്പോർട്ട് സമർപ്പിച്ചത്. വിമാനത്തിനകത്ത് പ്രതിഷേധിച്ച മൂന്നാമത്തെ ആൾ എവിടെ എന്ന് അറിയില്ല.

സംഭവത്തിൽ വ്യക്തത വരുത്തുകയല്ല കോടിയേരി ചെയ്തത്, മലക്കം മറിയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ പ്രകാരമാണ് സിപിഎം നേതാക്കൾ പ്രസ്താവന മാറ്റിപ്പറയുന്നതെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. യുഡിഎഫ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഡിഗോ അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'പ്രവാസികളുടെ പ്രശ്നം കേൾക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്ന സർക്കാർ നിലപാട് പ്രവാസികൾക്ക് ഉള്ള അംഗീകാരമാണ്. പ്രവാസികളുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും എന്ന വ്യത്യാസം പാടില്ല. ഇപ്പോഴത്തെ ഭരണപക്ഷം ഭാവിയിൽ പ്രതിപക്ഷത്ത് വരുമ്പോ ഇത്തരം ബഹിഷ്‌കരിണം ഒഴിവാക്കണം. പ്രവാസികൾ വന്നു ഭക്ഷണം കഴിക്കുന്നത് ധൂർത്ത് എന്ന് പറഞ്ഞതിൽ വിഷമം ഉണ്ട്.' യൂസഫലി വിശദീകരിച്ചു. എന്നായിരുന്നു എം എ യൂസഫലി പറഞ്ഞത്. ലോക കേരള സഭയിൽ പ്രസംഗിക്കവെയായിരുന്നു യൂസഫലിയുടെ പ്രതികരണം.

ലോക കേരളസഭയിൽ പങ്കെടുത്തു കെ.എം.സി.സി

അതേസമയം യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയിൽ മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി പ്രതിനിധി പങ്കെടുത്തു. മുസ്ലിം ലീഗിന്റെ പ്രവർത്തക സമിതി അംഗം കൂടിയായ കെ പി മുഹമ്മദ് കുട്ടിയാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. തനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടി അനുമതി നൽകിയെന്നാണ് അദ്ദേഹം പറയുന്നത്.

മികച്ച രീതിയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്ന സർക്കാരിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. പ്രവാസികൾക്ക് ഉറങ്ങാൻ സ്ഥലവും ഭക്ഷണവും നൽകരുതെന്നാണ് കേരള സഭക്കെതിരെ വിമർശനം ഉയരുന്നതെങ്കിലും താൻ ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് പങ്കെടുക്കുന്നതെന്നും കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു.