- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വപ്ന സുരേഷ് ഉന്നയിച്ചത് ഗുരുതര ആക്ഷേപങ്ങൾ; മറുപടി നൽകാൻ മുഖ്യമന്ത്രി ബാധ്യസ്ഥൻ; സിപിഎം സംസ്ഥാനത്തെ കലാപഭൂമിയാക്കുന്നത് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എന്നും വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിര സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗുരുതരമായ ആക്ഷേപങ്ങളാണ് ഉയർന്നു വന്നതെന്നും ഇതിന് മറുപടി നൽകാൻ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി മറുപടി നൽകിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് മറുപടി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.ഭരിക്കുന്ന സിപിഎം തന്നെ സംസ്ഥാനത്തെ കലാപഭൂമിയാക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഓഫീസുകൾ കത്തിക്കുന്നതിന് ക്രിമിനൽ സംഘത്തെ അയയ്ക്കുന്നു. വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
വി.ഡി സതീശന്റെ വാക്കുകൾ:
''അതിന്റെ വിശ്വാസ്യത എത്രയുണ്ടെന്ന് എനിക്ക് അറിയില്ല. കാരണം മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളെ ആശ്രയിച്ച് പ്രതികരണം നടത്തുമ്പോൾ അത് ശരിയാണോയെന്ന് അറിയില്ല. ശരിയാണെങ്കിൽ അത് ഗുരുതരമായ ആരോപണങ്ങളാണ്. മാധ്യമങ്ങൾ പുറത്തുവിടുന്ന 164 സംബന്ധിച്ച വിവരങ്ങൾ ശരിയാണെങ്കിൽ ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഞങ്ങളുടെ ചോദ്യം ഇപ്പോഴും, ഇതൊന്നും എടുത്ത് ഞങ്ങൾ ആഘോഷിക്കുന്നില്ല.''
''ഒറ്റ ചോദ്യം, എന്തുകൊണ്ടാണ് ആരോപണങ്ങൾ ഉന്നയിച്ചിട്ടും അതിന്മേൽ നിയമനടപടികൾ മുഖ്യമന്ത്രി സ്വീകരിക്കുന്നില്ല. സെഷൻസ് 340-1 അനുസരിച്ച് മുഖ്യമന്ത്രിക്ക് ഇതേ കോടതിയിൽ പരാതി നൽകാം. ഈ മൊഴി കളവാണെന്ന് തെളിയിച്ചാൽ 193-ാം വകുപ്പ് അനുസരിച്ച് അവരെ ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കാം. പക്ഷെ ഇതുവരെ അനങ്ങിയിട്ടില്ല. ഈ സ്റ്റേറ്റ്മെന്റ് കുറ്റസമ്മത മൊഴി അല്ല. ഇത് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച ശേഷം കോടതി എടുക്കുന്ന തെളിവാണ്. ഈ മൊഴിയിൽ കള്ളം പറഞ്ഞാൽ അവർക്കെതിരെ കേസെടുക്കാം. ഏഴ് വർഷത്തേക്ക് ശിക്ഷിക്കാം. രണ്ട് സെഷൻസ് കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന് പറഞ്ഞ് കേസ് കൊടുക്കാം. അവിടെയും സത്യമില്ലെന്ന് തെളിയിക്കേണ്ടി വരും. ഈ രണ്ട് കാര്യങ്ങളും ചെയ്യുന്നില്ല.''
''സംഭവം പുറത്തുവന്നപ്പോൾ മുഖ്യമന്ത്രിയാണ് പറയേണ്ടത് എന്താണ് സംഭവമെന്ന്. എന്നിട്ട് ഞങ്ങൾ പറയാം. ഇത്തരം ആളുകൾ പറയുന്നത് എടുത്ത് ഞങ്ങൾ ആഘോഷിച്ചിട്ടില്ല. ഒരു വിഷയം വരുമ്പോൾ അന്വേഷണം നടത്തണം. വിഷയത്തിൽ മുഖ്യമന്ത്രിയോ സിപിഐഎം നേതാക്കളോ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ ഗൂഢാലോചനയെന്നത് സ്ഥിരം സാധനമാണ്. മുഖ്യമന്ത്രി പ്രതികരിക്കട്ടേ..''
ഇന്ന് വൈകിട്ടാണ് സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത് വന്നത്. സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ക്‌ളിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഇതിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി. ഷാർജയിൽ ബിസിനസ് പങ്കാളികളുമായി ചർച്ച നടത്തി. ചർച്ചയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നു.


